ഇന്ധനവില വർധനയ‌്ക്കെതിരെ മണ്ഡലം കേന്ദ്രങ്ങളില്‍ 17 ന് എല്‍ഡിഎഫ് ധര്‍ണ  സ്വന്തം ലേഖകൻ കണ്ണൂർ ഇന്ധനവില വർധനയ‌്ക്കെതിരെ ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി എൽഡിഎഫ്‌ നേതൃത്വത്തിൽ  17 ന് അസംബ്ലി മണ്ഡലം കേന്ദ്രങ്ങളിലും മാഹിയിലും സായാഹ്ന ധർണ സംഘടിപ്പിക്കാൻ  ജില്ലാ കമ്മറ്റി തീരുമാനിച്ചു. ഇന്ധന വിലവർധന ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയാണ്.പ്രളയദുരന്തത്തിൽപെട്ട് താളം തെറ്റിയ ജനജീവിതത്തിന് മേൽ കേന്ദ്രസർക്കാർ ഏൽപ്പിക്കുന്ന ഈ ആഘാതം താങ്ങാവുന്നതിലും അപ്പുറമാണ്. ഇന്ധനവില കുറയ്ക്കുമെന്നായിരുന്നു 2014 ലെ തെരഞ്ഞെടുപ്പിൽ ബിജെപിയും നരേന്ദ്രമോഡിയും ജനങ്ങൾക്ക് മുന്നിൽവച്ച വാഗ്ദാനം. എന്നാൽ കുറച്ചില്ലെന്ന് മാത്രമല്ല വില അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുകയുമാണ്. അന്ന് ഡീസലിനും പെട്രോളിനും യഥാക്രമം ലിറ്ററിന് 3.46 രൂപയും 9.48 രൂപയും മാത്രമായിരുന്നു എക‌്സൈസ് തീരുവയെങ്കിൽ ഇന്നത് 15.33, 19.48 എന്നീ ക്രമത്തിൽ കുത്തനെ കൂട്ടി. എണ്ണക്കമ്പനികൾ അനുദിനം വിലകൂട്ടുമ്പോൾ കേന്ദ്രസർക്കാർ ചെറുവിരൽ അനക്കുന്നില്ലെന്ന് മാത്രമല്ല അവർക്ക് എല്ലാവിധ ഒത്താശയും ചെയ്ത് കൊടുക്കുകയും ചെയ്യുന്നു. കുത്തക എണ്ണക്കമ്പനികളാവട്ടെ സാമ്പത്തികമായി കൊഴുത്ത് വളരുകയുമാണ്. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭം . പയ്യന്നൂർ, പിലാത്തറ, തളിപ്പറമ്പ്, പുതിയതെരു, കണ്ണൂർ, ശ്രീകണ്ഠപുരം, തലശ്ശേരി, പാനൂർ, മമ്പറം, മട്ടന്നൂർ, ഇരിട്ടി, മാഹി എന്നീ കേന്ദ്രങ്ങളിലാണ് ധർണ. വൈകിട്ട്‌ നാലുമുതൽ ഏഴുവരെ നടക്കുന്ന സായാഹ്ന ധർണയിൽ മുഴുവനാളുകളും പങ്കെടുക്കണമെന്ന് എൽഡി എഫ് ജില്ലാ കമ്മറ്റി അഭ്യർഥിച്ചു. സെപ്തംബർ 10 മുതൽ 15 വരെ മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണ പരിപാടിയും വിജയിപ്പിക്കണമെന്നും യോഗം അഭ്യർഥിച്ചു.  സി രവീന്ദ്രൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജൻ, വത്സൻ പനോളി, ടി ഐ മധുസൂദനൻ, പി വി ഗോപിനാഥ്,  കെ സി ജേക്കബ‌്, എം ഉണ്ണികൃഷ്ണൻ, എം പ്രഭാകരൻ, രാമചന്ദ്രൻ തില്ലങ്കേരി, ജോയി, സിറാജ് തയ്യിൽ, എ പ്രദീപൻ, സി പി സന്തോഷ് കുമാർ, എ ജെ ജോസഫ്, പി പി ദിവാകരൻ, ഇ പി ആർ വേശാല, മഹമൂദ് പറക്കാട്ട് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News