മഴക്കെടുതി: 1.83 കോടി രൂപ കൈമാറികണ്ണൂർ പ്രളയക്കെടുതിയിൽ തകർന്ന വീടുകളുടെ പുനർ നിർമാണത്തിനായി ജില്ലയ്ക്ക് അനുവദിച്ച 1.85 കോടി രൂപയിൽ 1.83 കോടിയും വിതരണം ചെയ്തു. വിവിധ താലൂക്കുകളിലേക്കാണ് തുക വിതരണം ചെയ്തത്. മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായമായി 20 കുടുംബങ്ങൾക്ക് നാലു ലക്ഷം വീതവും അനുവദിച്ചു. ജില്ലയിൽ 28 പേർക്കാണ് കാലവർഷക്കെടുതിയിൽ ജീവൻ നഷ്ടമായത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞ കുടുംബങ്ങൾക്കുള്ള 10,000 രൂപ ധനസഹായം 31 കുടുംബങ്ങൾക്കും കലക്ടറേറ്റിൽനിന്ന് വിതരണം ചെയ്തിട്ടുണ്ട്. ഇരിട്ടി താലൂക്കിലെ 26 കുടുംബങ്ങൾക്കും തളിപ്പറമ്പ് താലൂക്കിലെ അഞ്ച് കുടുംബങ്ങൾക്കുമായാണ് തുക അനുവദിച്ചത്. കൃഷി നാശം സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരത്തുകയും വിതരണം ചെയ്തു തുടങ്ങി. കൃഷി വകുപ്പ് വഴി ഇതുവരെ ജില്ലക്ക് അനുവദിച്ച 349.32 ലക്ഷം രൂപയിൽ 230.59 ലക്ഷം രൂപയും എസ്ഡിആർഎഫ് വഴി ജില്ലാ കലക്ടർ അനുവദിച്ച 2.9 ലക്ഷം രൂപയുമായി ആകെ 233.49 ലക്ഷം രൂപയാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടുകൾ വഴി ഇതിനകം നൽകിയത്. മുൻ വർഷങ്ങളിലെ കൃഷി നാശത്തിന്റെ തുക ഉൾപ്പെടെയാണിത്.  അനുവദിച്ചതിൽ ബാക്കിയുള്ള തുകയുടെ വിതരണവും ഈ ആഴ്ചയോടെ പൂർത്തിയാക്കുന്നതിന‌് നടപടി സ്വീകരിച്ചതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ മറിയം ജേക്കബ് അറിയിച്ചു. എസ്ഡിആർഎഫിൽ  കലക്ടർക്ക് സമർപ്പിച്ച 13.42378 ലക്ഷം രൂപയുടെ ക്ലെയിം പ്രകാരമുള്ള നഷ്ടപരിഹാരവും താമസിയാതെ  വിതരണം ചെയ്യാൻ കഴിയുമെന്നും അവർ അറിയിച്ചു. മെയ് 28 മുതൽ ആഗസ്ത് 31 വരെയായി ഈ വർഷത്തെ കാലവർഷത്തിലും തുടർന്നുണ്ടായ ഉരുൾപൊട്ടലിലും പ്രളയത്തിലുമായി ജില്ലയിൽ ആകെ 27.808 കോടിയുടെ കൃഷി നാശമുണ്ടായതായാണ് കണക്കാക്കിയത്. 993.3 ഹെക്ടറിൽ കൃഷി നാശമുണ്ടായി. 8639 കർഷകരെയാണ് ഇത് ബാധിച്ചത്. Read on deshabhimani.com

Related News