ഒറ്റപ്പെട്ട ഗ്രാമങ്ങളെ ബന്ധിപ്പിച്ച‌് കെഎസ‌്ആർടിസി സർവീസുകൾ    കട്ടപ്പന പ്രകൃതിദുരന്തം മൂലം ഒറ്റപ്പെട്ടുപോയ ജില്ലയിലെ മലയോര ഗ്രാമങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ കെഎസ‌്ആർടിസി പദ്ധതികൾ തയ്യാറാക്കിയതായി ഡയറക്ടർ ബോർഡംഗം സി വി വർഗീസ് വാർത്താസമ്മേളത്തിൽ അറിയിച്ചു.   തൊടുപുഴ‐ പുളിയൻമല സംസ്ഥാനപാതയിൽ കുളമാവ് മുതൽ ഇടുക്കി വരെയുള്ള തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും. ചെറുതോണി പാലത്തിലൂടെ ഗതാഗതം പുനഃസ്ഥാപിക്കന്നതുവരെ ഇടുക്കി ചെറുതോണി അണക്കെട്ടിനു മുകളിലൂടെ ബുധനാഴ‌്ച മുതൽ കെഎസ‌്ആർടിസി സർവീസ് ആരംഭിക്കും. കട്ടപ്പനയിൽനിന്നും പുലർച്ചെ അഞ്ച‌് മുതൽ വൈകിട്ട‌് 5.20 വരെ തൊടുപുഴക്കും തൊടുപുഴയിൽനിന്ന് രാവിലെ 6.10 മുതൽ വൈകിട്ട‌് 6.40 വരെയും സർവീസുണ്ടാകും. കട്ടപ്പനയിൽനിന്ന‌് പുലർച്ചെയുള്ള തങ്കമണി‐ വണ്ണപ്പുറം‐ തൊടുപുഴ‐ തിരുവനന്തപുരം, 4.30 തോപ്രാംകുടി‐ വണ്ണപ്പുറം‐ മൂവാറ്റുപുഴ‐ വഴിയുള്ള ആനക്കട്ടി, 2.10 വണ്ണപ്പുറം വഴി എറണാകുളത്തിനുള്ള സർവീസ‌് എന്നിവ ഉടൻ പുനരാരംഭിക്കും.   കട്ടപ്പന, കുമളി ഡിപ്പോകളിൽനിന്നുള്ള എറണാകുളം സർവീസ് ചേലച്ചുവട്‐ പനംകുട്ടി ഭാഗത്തെ റോഡിന്റെ അറ്റകുറ്റപ്പണി പൂർത്തീകരിക്കുന്നതോടെ ആരംഭിക്കും. കട്ടപ്പനയിൽനിന്നു രാവിലെ എട്ടിന‌് കലക്ടറേറ്റിലേക്കുള്ള സർവീസ് തണ്ടാപാലം, വിമലഗിരി‐ തടിയംപാട് വഴി തുടരും. ഇടുക്കി‐ കട്ടപ്പന ഷട്ടിൽ സർവീസും തുടരും. ഇടുക്കിയിൽ യാത്ര അവസാനിപ്പിച്ചിരുന്ന സർവീസ‌ുകൾ ആലിൻചുവട‌് വരെ നീട്ടും.   നെടുംകണ്ടം‐ മേലേചിന്നാർ‐ മുരിക്കാശേ‐ പെരിയാർവാലി‐ വണ്ണപ്പുറം‐ തൊടുപുഴ‐വഴിയുള്ള കോട്ടയം മെഡിക്കൽ കോളേജ്, തൊടുപുഴ‐ രാജാക്കാട് സർവീസുകളും പുനരാരംഭിക്കും. പ്രകൃതിദുരന്തത്തിൽ ഒറ്റപ്പെട്ട മലയോര മേഖലയ‌്ക്ക് കെഎസ‌്ആർടിസിയുടെ സർവീസുകൾ ഏറെ സഹായകരമാകും.   രണ്ടുദിവസത്തിനകം നേര്യമംഗലം വഴിയുള്ള സർവീസുകളും ആരംഭിക്കും. കട്ടപ്പനയിൽനിന്ന‌് 30 മിനിട്ട‌് ഇടവിട്ടും ജില്ലാ ആസ്ഥാനത്തേക്ക‌് കെഎസ‌്ആർടിസി  സർവീസുണ്ടാകും.   മന്ത്രി എം എം മണി, ജോയ‌്സ് ജോർജ് എംപി, കലക്ടർ, ആർടിഒ എന്നിവരുടെ അഭ്യർഥന പ്രകാരമാണ് കെഎസ‌്ആർടിസി അടിയന്തര നടപടി സ്വീകരിച്ചതെന്നും സി വി വർഗീസ് പറഞ്ഞു. എടിഒ കെ ജയകുമാർ, സി ആർ മുരളി, മാണി ജോസഫ്, ഷിജിമോൻ ജോസഫ‌്, പി ആർ ഗോപി, സാലു കെ ജോസഫ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.       Read on deshabhimani.com

Related News