ഡിസിസി പ്രസിഡന്റ‌ിന്റെ പ്രസ‌്താവന രാഷ്ട്രീയപ്രേരിതം‐ കെ കെ ജയചന്ദ്രൻചെറുതോണി  ഇടുക്കി അണക്കെട്ടിലെ ജലം തുറന്നുവിടുന്നത് സംബന്ധിച്ച മുഴുവൻ നടപടിക്രമങ്ങളും മുന്നൊരുക്കങ്ങളും പൂർത്തികരിച്ചിരുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലപോലും സമ്മതിച്ച സാഹചര്യത്തിൽ ഡിസിസി പ്രസിഡന്റിന്റെ മറിച്ചുള്ള അഭിപ്രായം വസ്തുതകൾക്ക് നിരക്കാത്തതും രാഷ്ട്രീയമുതലെടുപ്പുമാണെന്ന‌്സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ  ജയചന്ദ്രൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2390 അടിയായി ഉയർന്നപ്പോൾ തന്നെ മഴയുടെ സാധ്യത പരിഗണിച്ച് വെള്ളം തുറന്നു വിടേണ്ടി വരുമെന്ന് സർക്കാരും വൈദ്യുതി ബോർഡും ജില്ലാ ഭരണകൂടവും നിഗമനത്തിലെത്തിയിരുന്നു. ആ സന്ദർഭം മുതൽ ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളുംനടത്തിയിരുന്നു.      മുഖ്യമന്ത്രി തിരുവനന്തപുരത്ത് പ്രത്യേക യോഗം നടത്തി വീഡിയോ കോൺഫ്രൻസിലൂടെ  ജില്ലയിലെ പ്രധാന  ഉദ്യോഗസ്ഥരുമായി സംസാരിച്ചു. മന്ത്രി എം എം മണിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കലക്ടറേറ്റിൽ പലവട്ടം ചേർന്നു. റവന്യൂ അഡീഷൻ ചീഫ് സെക്രട്ടറി പി എച്ച് കുര്യനും വൈദ്യുതി ബോർഡ് ചെയർമാൻ എൻ എസ് പിള്ളയും ജില്ലയിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. അഞ്ച് വകുപ്പുകളിലെ ഉദ്യോഗസ്ഥർ അഞ്ച് ടീമുകളായി തിരിഞ്ഞു നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ആളുകളെ മാറ്റി പാർപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്.       ഉദ്യോഗസ്ഥരെയും രാഷ്ട്രീയ ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച‌് അവലോകനയോഗം ചേർന്നിരുന്നു. കട്ടപ്പന സർക്കാർ കോളേജിൽ നടന്ന അവലോകനയോഗത്തിൽ ഇബ്രാഹിംകുട്ടി കല്ലാറുൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയമഴയാണ‌് രണ്ടരമാസത്തിനുള്ളിൽ ഇടുക്കിയിലും പെയ‌്തത‌്. കനത്തമഴയെത്തുടർന്ന‌് അണക്കെട്ടുകളെല്ലാം നിറഞ്ഞത‌് എല്ലാവർക്കും അറിയാവുന്നകാര്യവുമാണ‌്. ഇത്തരം  അടിയന്തരസാഹചര്യത്തിലാണ‌് 20 ദിവസം മുമ്പെ തയ്യാറെടുപ്പുകൾ നടത്തി ഒമ്പതുദിവസം മുമ്പ‌് ആദ്യജാഗ്രതാനിർദേശം നൽകി എല്ലാ സുരക്ഷാനടപടികളും പൂർത്തീകരിച്ച‌് അണക്കെട്ട‌് തുറന്നത‌്. പെരിയാർ തീരവാസികൾക്കും വ്യാപാരികൾക്കും ഒരാഴ്ച മുമ്പേതന്നെ നോട്ടീസ് നൽകിയിരുന്നു. ഈ നിലയിൽ അസാമാന്യമായ മുൻകരുതലുകളോടെയും കൃത്യമായ ഏകോപനത്തിലൂടെയും നടത്തിയ നടപടിയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനും അസത്യ പ്രചാരണം നടത്തുന്നതും അപലപനീയമാണ്.       53 പേരുടെ  മരണത്തിനിടയാക്കുകയും 600 പേർക്ക് പൂർണമായും 2300  പേർക്ക് ഭാഗികമായും വീടില്ലാതായി തീർന്ന അതിദാരുണമായ ദുരന്തത്തെ ഒരുമിച്ചു നിന്ന് നേരിടുന്നതിന് പകരം കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ഇബ്രാഹിംകുട്ടിയുടെ ശ്രമം മനുഷ്യത്വ രഹിതമാണെന്നും സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ പറഞ്ഞു.   Read on deshabhimani.com

Related News