അവഗണനയിൽ മനംമടുത്ത‌് രാജി‐ സ‌്മിത മുനിസ്വാമി  അടിമാലി  പ്രസിഡന്റ് സ്ഥാനവും പഞ്ചായത്തംഗവും രാജിവച്ചതായി പ്രസിഡന്റ് സ്മിത മുനിസ്വാമി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫിലെ തമ്മിലടിയും കെടുകാര്യസ്ഥതയും മൂലം ഭരണം തടസ്സപ്പെട്ട നിലയിലായിരുന്നു. മുന്‍തൂക്കം നല്‍കേണ്ട ലൈഫ് പദ്ധതി അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനാണ് യുഡിഎഫ് നേതൃത്വം ശ്രമിച്ചത്.     ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ യുഡിഎഫ് മറന്നു. ജനകീയ സര്‍ക്കാര്‍ ആവിഷ്കരിച്ച‌് നടപ്പാക്കുന്ന പല പദ്ധതികളും യുഡിഎഫ് അംഗീകരിച്ചിരുന്നില്ല. തന്നെ ഉപയോഗിച്ച് അഴിമതി നടത്താനാണ് ഇവര്‍ ശ്രമിച്ചത്. പട്ടികവര്‍ഗ സംവരണമാണ് പ്രസിഡന്റ് സ്ഥാനം. അതുകൊണ്ട‌് തന്നെ അംഗീകരിക്കാന്‍ ഇവര്‍ തയ്യാറായില്ല. തന്നെ അവഗണിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് നേതൃത്വവും സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് താന്‍ യുഡിഎഫ് ബന്ധം ഉപേക്ഷിക്കാനും സ്ഥാനങ്ങള്‍ രാജിവക്കാനും തീരുമാനിച്ചത‌്. തുടര്‍ന്ന് ജനപക്ഷ നിലപാട് സ്വീകരിക്കുന്ന സിപിഐഎമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമെന്നും സ്മിത പറഞ്ഞു.       Read on deshabhimani.com

Related News