യുഡിഎഫ് ഭരണത്തിന‌് അന്ത്യം; അടിമാലി പഞ്ചാ. പ്രസിഡന്റ് രാജിവച്ചു അടിമാലി അടിമാലി പഞ്ചായത്തിൽ യുഡിഎഫ് ഭരണം അവസാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്മിത മുനിസ്വാമി പ്രസിഡന്റ് സ്ഥാനവും  പഞ്ചായത്തംഗത്തവും രാജിവച്ചു. എൽഡിഎഫ് നൽകിയ അവിശ്വാസം ചൊവ്വാഴ്ച ചർച്ച ചെയ്യാനിരിക്കെയാണ് രാജി. ഇതോടെ രണ്ടരവർഷത്തെ യുഡിഎഫ് ഭരണത്തിന് അവസാനമായി. ഞായറാഴ്ച വൈസ് പ്രസിഡന്റ് ബിനു ചോപ്ര എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം സ്ഥിരംസമിതി അംഗത്വം രാജിവച്ച ദീപ രാജീവും എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. 21 അംഗ ഭരണസമിതിയിൽ എൽഡിഎഫിന് ഒമ്പത‌് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഒരു സ്വതന്ത്രൻ ഉൾപ്പടെ 10 അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസാണ് നൽകിയിരുന്നത്.   രാജിവച്ചവർ എൽഡിഎഫിനെ പിന്തുണച്ചതോടെ  പന്ത്രണ്ട് അംഗങ്ങളുടെ പിന്തുണയായി. സ‌്മിത മുനിസ്വാമിയുടെ രാജി സ്വീകരിച്ച പഞ്ചായത്ത് സെക്രട്ടറി തുടർനടപടികൾക്കായി തെരഞ്ഞെടുപ്പ് കമീഷന് കൈമാറും. ഇതോടെ യുഡിഎഫിൽ കലാപം രൂക്ഷമായി. അടിമാലിയിൽ കോൺഗ്രസ‌് തകർന്നടിയുമെന്ന് മുൻകാല നേതാക്കൾ പ്രതികരിച്ചിരുന്നു. ഇതോടെ കോൺഗ്രസിൽ നേതൃമാറ്റം ഉൾപ്പടെ ആവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തെത്തി. കൂട്ടരാജിക്കായി തയ്യാറായി ഒരു വിഭാഗവും രംഗത്തുണ്ട്. കോൺഗ്രസിനുള്ളിലെ കലാപം മറനീക്കി പുറത്തേക്ക് എത്താനാണ് സാധ്യത.   Read on deshabhimani.com

Related News