ഏലയ‌്ക്കാ വില ‘ഹൈ’റേഞ്ചിൽ; നിരാശരായി കർഷകർ    കട്ടപ്പന പ്രളയക്കെടുതിയിൽ ഏലകൃഷി വ്യാപകമായി നശിച്ചതോടെ ഏലയ‌്ക്കക്ക‌് റെക്കോഡ‌് വില. ദിവസങ്ങൾ നീണ്ടുനിന്ന മഴയിലും തുടർന്നുണ്ടായ കെടുതികളിലും വൻനാശമാണ് ഏലം കൃഷിക്കുണ്ടായത്. കോടിക്കണക്കിന‌് രൂപയുടെ നഷ്ടമാണ‌് ഏലം മേഖലയിലുണ്ടായത‌്.      എന്നാൽ, ദീപാവലി സീസൺ മുന്നിൽകണ്ട് ഉത്തരേന്ത്യൻ വ്യാപാരികൾ വിപണിയിൽ സജീവമാവുകയും കനത്ത വേനൽമൂലമുള്ള വരൾച്ചയിൽ ഉൽപാദനത്തിൽ വൻ ഇടിവ് ഉണ്ടാകുമെന്ന സൂചനകളെയും തുടർന്നാണ‌് വിപണിയിൽ ഏലയ്ക്കാ വില ഉയർന്നത‌്. ഏലയ‌്ക്കാ വില സർവകാല റെക്കോഡായ 2227 രൂപയിലെത്തി. അഞ്ച‌് വർഷംമുമ്പ‌് കിലോഗ്രാമിന് 1938 വരെ എത്തിയിരുന്നു. കിലോഗ്രാമിന‌് 2000 ത്തിനു മുകളിലെത്തിയതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിപ്പോൾ ലഭിക്കുന്നത‌്.  പുറ്റടി സ്പൈസസ് പാർക്കിൽ നടന്ന ഇ ലേലത്തിലാണ് ചരിത്രത്തിലെ എറ്റവും ഉയർന്ന വിലയായ കിലോഗ്രാമിന് 2227 രൂപ ലഭിച്ചത്. വിൽപനയ‌്ക്കായി ലേലത്തിൽ പതിഞ്ഞ 1,50,328 കിലോ ഏലയ്ക്കായിൽ മുഴുവനും വിറ്റുപോയപ്പോൾ കൂടിയ വില കിലോഗ്രാമിന് 2227 രൂപയും ശരാശരി 1323.66 രൂപയും കർഷകർക്ക് ലഭിച്ചു.  634 ലോട്ടാണ‌് വിൽപനയ‌്ക്ക‌് വച്ചത‌്. ഈ മാസം ആദ്യം ഉയർന്ന വില 1526 രൂപയും ശരാശരി 1252 രൂപയുമായിരുന്നു. ആഗസ‌്ത‌് ആദ്യവാരത്തിൽ ഏറ്റവും ഉയർന്ന വില 1265 ഉം ശരാശരി 963 രൂപയായിരുന്നു. ഒരു മാസംകൊണ്ട‌് 1000 ലധികം രൂപയുടെ ഉയർച്ചയുണ്ടായി.  പ്രളയം കനത്ത നാശം വിതച്ചതിനാൽ ഏലം കർഷകർക്ക് വില ഉയർന്നതിന്റെ പ്രയോജനം ലഭിക്കില്ല. കനത്ത മഴയ്ക്കുശേഷം തോട്ടങ്ങളിൽ രോഗങ്ങളും വ്യാപിക്കുകയാണ്. അഴുകൽ, തട്ട ചീയൽ, ശരം അഴുകൽ തുടങ്ങി രോഗം മൂലം ഹെക്ടർ കണക്കിന‌് സ്ഥലത്തെ കൃഷിയാണ‌് നശിച്ചത‌്. രോഗം ബാധിച്ചതോടെ ചെടികൾ നശിച്ച‌് പോവുകയാണ‌്. കാറ്റും മഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും മരം വീഴ‌്ചയുംമൂലം കനത്ത തിരിച്ചടിയാണ‌് ഉണ്ടായത‌്. കാലവർഷത്തെ അതിജീവിച്ച ഏലത്തോട്ടങ്ങളെല്ലാം രോഗബാധയുടെ പിടിയിലായത‌് കർഷകരെ കൂടുതൽ ദുരിതത്തിലാക്കി.      Read on deshabhimani.com

Related News