ഹർത്താൽ വൻ വിജയമാക്കുക: എൽഡിഎഫ‌്   തൊടുപുഴ പെട്രോൾ, ഡീസൽ വില വർധനവിനെതിരെ എൽഡിഎഫ് ആഹ്വാനം ചെയ്തിട്ടുള്ള തിങ്കളാഴ്ചത്തെ ഹർത്താൽ വമ്പിച്ചവിജയമാക്കാൻ എൽഡിഎഫ് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. യോഗത്തിൽ കൺവീനർ കെ കെ ശിവരാമൻ അധ്യക്ഷനായി.  അന്തർദേശീയ വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുറയുമ്പോൾ ഇന്ത്യയിൽ മോദി സർക്കാർ കസ്റ്റംസ് തീരുവയും മറ്റും വർധിപ്പിക്കുന്നു. കുത്തക കമ്പനികളെ സഹായിക്കാൻ പെട്രോളിന്റെയും ഡീസലിന്റെയും മറ്റ് പെട്രോളിയം ഉൽപന്നങ്ങളുടെയും വില വർധിപ്പിക്കുന്നതിന്റെ ഭാഗമായി കോടിക്കണക്കിന് രൂപയാണ് ദിനംപ്രതി ഇന്ത്യൻ ജനതയിൽനിന്നും പിടിച്ചുപറിച്ചെടുക്കുന്നത്. ഈ വില വർധനവ് ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്നുവെന്നുമാത്രമല്ല, രാജ്യത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയും വരുത്തിവയ‌്ക്കുന്നു. ഇതിനെതിരായി ദേശാഭിമാന ബോധമുള്ള മുഴുവൻജനങ്ങളും ഒന്നിച്ച് അണിനിരക്കണമെന്ന് എൽഡിഎഫ് അഭ്യർഥിച്ചു.  17 ന് ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിൽ നടക്കുന്ന സായാഹ്നധർണകളും വമ്പിച്ച വിജയമാക്കാനും മുന്നണി നേതാക്കൾ എൽഡിഎഫ് പ്രവർത്തകരോടും ജനങ്ങളോടും അഭ്യർഥിച്ചു.  കട്ടപ്പന, നെടുങ്കണ്ടം, അടിമാലി, വണ്ടിപ്പെരിയാർ, തൊടുപുഴ എന്നീ കേന്ദ്രങ്ങളിലാണ് ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന സായാഹ്ന ധർണകൾ നടത്തുന്നത്. യോഗത്തിൽ കെ കെ ജയചന്ദ്രൻ, ഡോ. കെ രാജഗോപാൽ, പി കെ വിനോദ്, സണ്ണി ഇല്ലിക്കൽ, ജോണി ചെരുവുപുറം എന്നിവരും പങ്കെടുത്തു.         Read on deshabhimani.com

Related News