പ്രളയം മനുഷ്യനിർമിതമാണെന്ന പ്രചാരണം അടിസ്ഥാന രഹിതം: മന്ത്രി എം എം മണി    നെടുങ്കണ്ടം കേരളം കണ്ടതിൽവച്ചേറ്റവും വലിയ പ്രളയമാണ് ഉണ്ടായിട്ടുള്ളതെന്നും ഇത് മനുഷ്യനിർമിതമാണെന്നുമുള്ള പ്രചാരണം തികച്ചും അടിസ്ഥാന രഹിതമാണെന്നും മന്ത്രി എം എം മണി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർഥം കേരള ക്ഷേത്രവാദന കല ജില്ലാ കമ്മിറ്റി നെടുങ്കണ്ടത്ത് സംഘടിപ്പിച്ച ‘ആശ്വാസമേളം' പരിപാടി ഉദ‌്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എം ആർ രതീഷ് അധ്യക്ഷനായി. സുനാമി, ഓഖി തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന കൊടുങ്കാറ്റുകൾ, പ്രളയം, ഭൂചലനം, വെള്ളപ്പൊക്കം, കാട്ടുതീ എന്നിവ ലോകത്ത് പലപ്പോഴായി അനുഭവപ്പെട്ടിട്ടുള്ളതാണ‌്. ഇതിലൂടെ വലിയ ആൾനാശവും കെടുതികളും ഉണ്ടായിട്ടുണ്ട‌്. 1924 നുശേഷമുള്ള ഏറ്റവും വലിയ പ്രളയക്കെടുതിയാണ് ഇക്കുറി സംസ്ഥാനത്തുണ്ടായത‌്.  ഇതിനെ ഫലപ്രദമായി നേരിടുന്നതിന് എല്ലാവരെയും അണിനിരത്തുന്നതിൽ സംസ്ഥാന സർക്കാർ നല്ല പങ്കുവഹിച്ചിട്ട‌ുണ്ട‌്.  തമിഴ്നാട് ഉൾപ്പടെയുള്ള ഇതര സംസ്ഥാനങ്ങളിൽനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായം ലഭിക്കുന്നുണ്ട‌്. ഈ പ്രതിസന്ധിയെ അതിജീവിച്ച് നവകേരളം കെട്ടിപ്പടുക്കുന്നതിന് എല്ലാ മനുഷ്യസ‌്നേഹികളുടെയും കലവറയില്ലാത്ത സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.  നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് എസ് ജ്ഞാനസുന്ദരം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഷിബു ശിവൻ, പുരോഗമന കലാസാഹിത്യ സംഘം ഏരിയ സെക്രട്ടറി കെ കെ സുകുമാരൻ, കുഞ്ഞുമോൻ കൂട്ടിക്കൽ, ചന്ദ്രശേഖരൻ നായർ ആകാശ്, ജ്യോതിഷ് പി പ്രഭു എന്നിവർ സംസാരിച്ചു. തുടർന്ന് 61 മേള കലാകാരന്മാർ അണിനിരന്ന ആശ്വാസമേളം അരങ്ങേറി.       Read on deshabhimani.com

Related News