ഗാന്ധിനഗർ കോളനിക്കും വേണം പുനർനിർമാണം  ചെറുതോണി ഉരുൾപൊട്ടലിൽ ആറുപേർ മരിക്കുകയും നിരവധി വീടുകളും വാഹനങ്ങളും നിർമാണോപകരണങ്ങളും നശിക്കുകയും ചെയ്ത വാഴത്തോപ്പ് പഞ്ചായത്തിലെ ഗാന്ധിനഗർ കോളനി ഇനിയും സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. ഒരുവാർഡിലെ ഒരു കുടുംബമൊഴിച്ച് മഴുവനാളുകളും ദുരിതാശ്വാസ ക്യാമ്പിൽ താമസിച്ചിരുന്ന പ്രദേശമാണ് വാഴത്തോപ്പ് പഞ്ചായത്തിലെ 11‐ാം വാർഡായ ഗാന്ധിനഗർ കോളനിയിലെ 560 കുടുംബങ്ങളിലായി 2400 അംഗങ്ങൾ. കഴിഞ്ഞ 15ന‌് വൈകിട്ട‌് 4.50 നാണ് ഉരുൾപൊട്ടിയത്. വലിയവിള ദേവനേശന്റെ വീടിന് മുകളിൽനിന്നാണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടിയെത്തിയ മണ്ണും ചെളിയും അഞ്ച് വീടുകൾ പൂർണമായും തകർത്താണ് താഴേക്കുപോയത്. ഉരുൾപൊട്ടലിൽ വാറുവിളാകത്ത് പൊന്നമ്മ, കുന്നേൽ ബിജുകുട്ടൻ, ശാന്തിനിലയത്തിൽ വനരാജൻ, ഭാര്യ കല, കൊച്ചുമക്കൾ വിഷ്ണു, വൈശാവ് എന്നിവരാണ‌് മരിച്ചത്. സമീപത്ത് 225 ഓളം വീടുകളും അപകടത്തിൽപെട്ടു. മൂന്നുബൈക്ക്, രണ്ടു ജീപ്പ്, മൂന്നു ഓട്ടോറിക്ഷകൾ, ദേവനേശന്റെ രണ്ടു വീടുകൾ, മിക്സർ മിഷ്യൻ, കട്ടിങ‌് മെഷീൻ, ജീപ്പ് തുടങ്ങിയവയും ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. തലേദിവസംതന്നെ മഴ ശക്തി പ്രാപിച്ച്‌ കോളനിയുടെ വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിലുണ്ടായതോടെ പലരും ക്യാമ്പുകളിലേക്ക് മാറിയിരുന്നു.  ക്യാമ്പിൽ പോയിരുന്ന പൊന്നമ്മ പുതപ്പ് എടുക്കുന്നതിന‌് വീട്ടിലെത്തിയതായിരുന്നു. പുതപ്പും അത്യാവശ്യം മരുന്നുമെടുത്ത് ഓട്ടോറിക്ഷയിൽ കയറുന്നതിനിടെ ഉരുപൊട്ടലിൽപ്പെട്ട് ഓട്ടോറിക്ഷയും ഡ്രൈവർ ബിജുവുമുൾപ്പെടെ മണ്ണിനടിയിൽപ്പെടുകയായിരുന്നു. കോളനിയിലെ മുഴുവനാളുകളുംതന്നെ കൂലിപ്പണിക്കാരായതിനാൽ ചെറുതോണിയുമായി ബന്ധപ്പെട്ടാണ് ഇവർ ജീവിച്ചിരുന്നത്.    ചെറുതോണി പാലവും കട്ടപ്പന റോഡും പ്രളയക്കെടുതിയിൽ ഒലിച്ചുപോയതോടെ കോളനി പൂർണമായി ഒറ്റപ്പെടുകയായിരുന്നു. വൈദ്യുതി, കുടിവെള്ളം എന്നിവയുടെ വിതരണവും നിലച്ചു. റോഡുകളും പോയതോടെ പുറത്തിറങ്ങാനാവാതെ പലരും പട്ടിണിയിലായി. രണ്ടുദിവസം കഴിഞ്ഞാണ‌് ഇവരുടെ വിവരം പുറംലോകമറിയുന്നത്. ഇതേ തുടർന്ന് പലരും സഹായം എത്തിക്കുകയും ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോൾ എല്ലാവരെയും തിരികെയെത്തിച്ചെങ്കിലും പൂർവസ്ഥിതിയിലേക്ക് ഇനിയും എത്താനായിട്ടില്ല. കുടിവെള്ളം വല്ലപ്പോഴുമേ ലഭിക്കുന്നുള്ളൂ. പണിയില്ലാതായതോടെ പലരും പട്ടിണിയിലുമായി.  1986 ൽ ഇടുക്കിയിലുണ്ടായ പ്രളയക്കെടുതിയിൽ ചെറുതോണി ഇടുക്കി റോഡുവശത്ത്‌ താമസിച്ചിരുന്നവർക്ക് നിർമിച്ചു നൽകിയ കോളനിയാണ‌് ഗാന്ധിനഗർ കോളനി. 89 കുടുംബങ്ങൾക്ക‌് നാലുസെന്റും വീടുമാണ് നൽകിയത്. ഒരുകുടുംബം മാസം 60 രൂപവീതം പത്തുവർഷം അടച്ചുകഴിഞ്ഞാൽ വീടും സ്ഥലവും സ്വന്തമാകുമെന്ന വ്യവസ്ഥയിലാണ് അന്ന് നൽകിയത്. അന്നു കെ രാമമൂർത്തി കലക്ടറും പി ജെ ജോസഫ് റവന്യൂ മന്ത്രിയുമായിരുന്നു. എന്നാൽ ആരും പണം അടച്ചില്ല. ഇപ്പോൾ കോളനിയിൽ മക്കളും കൊച്ചുമക്കളും എല്ലാമായി 540 കടുംബങ്ങളുണ്ട്. കോളനിയിൽ 22 വീടുകൾ പൂർണമായും 28 വീടുകൾ ഭാഗികമായും നശിച്ചിട്ടുണ്ട‌്. അപകടത്തിലായ വീടുകളും വഴികളും കൂടാതെ ഇനിയും ഉരുൾപൊട്ടാനുള്ള സാഹചര്യവും ഉള്ളതിനാൽ ഇവരെ വേറ സ്ഥലത്ത് പുനരധിവസിപ്പിക്കണമന്ന് പഞ്ചായത്തംഗം കെ എം ജലാലുദ്ദീൻ പറയുന്നു. ഇപ്പോഴും പലരുടെയും സഹായംകൊണ്ടാണ് കോളനി നിവാസികൾ ജീവിതം തള്ളിനീക്കുന്നത്.   Read on deshabhimani.com

Related News