ജില്ലയിൽ 2600 കി.മീറ്റർ റോഡ‌് നിർമാണം; കർമപദ്ധതിയായി    ഇടുക്കി ജില്ലയിലെ പിഡബ്ല്യൂഡി റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 88 കോടി രൂപ നൽകും. ഇതിനുള്ള സർക്കാർ ഭരണാനുമതി വെള്ളിയാഴ്ച ലഭിച്ചു. അറ്റകുറ്റപ്പണികൾക്കായി പ്രത്യേക കർമപദ്ധതി രൂപീകരിക്കും. ടെൻഡർ നടപടികളും ഉടനെ പൂർത്തിയാകും. പിഡബ്ല്യൂഡിയുടെ 2600 കി.മീറ്റർ റോഡ‌് അത്യാധുനിക രീതിയിൽ നിർമിക്കും. 15 വർഷംവരെ അറ്റകുറ്റപ്പണികൾ കൂടാതെ നിലനിൽക്കുന്ന രീതിയിലാണ‌് പുതിയ റോഡുകൾ നിർമിക്കുന്നത‌്.  മഴയും ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം തകർന്ന പൊതുമരാമത്ത‌് റോഡുകൾ അടിയന്തരമായി അറ്റകുറ്റപണികൾ നടത്തി ഗതാഗത യോഗ്യമാക്കാൻ സർക്കാർ നടപടിയായി. പ്രകൃതിദുരന്തത്തിൽ പ്രധാന റോഡുകളെല്ലാം തകർന്നതുമൂലം ബസ് സർവീസുകൾ ഉൾപ്പെടെയുള്ള ഗതാഗതം നിലച്ചു. പൊതുമരാമത്ത് ചീഫ‌് എൻജിനിയർക്ക് നേരിട്ടുള്ള ചുമതലയാണ് നൽകിയിരിക്കുന്നത്. ജില്ലയിലെ രൂക്ഷമായ ഗതാഗതസ്തംഭനം പരിഹരിക്കുന്നതിന് പ്രധാന റോഡുകൾ ഉൾപ്പെടെ മുൻഗണനാക്രമത്തിലാണ് അടിയന്തര അറ്റകുറ്റപണികൾ നടത്തുക. അവലോകന യോഗത്തിൽ കലക്ടർ കെ ജീവൻബാബു അധ്യക്ഷനായി. പ്രകൃതി ദുരന്തത്തിൽ തകർന്ന റോഡുകൾ പുനഃസ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ നീക്കിവച്ചിട്ടുള്ള 1000 കോടി രൂപയുടെ പദ്ധതി മുൻഗണനാക്രമത്തിന് നിശ്ചയിച്ച് പൂർത്തിയാക്കുന്ന നടപടികൾസ്വാഗതാർഹമാണെന്ന് ജോയ്‌സ് ജോർജ‌് എംപി അഭിപ്രായപ്പെട്ടു.  തൊടുപുഴ, പുളിയൻമല, നേര്യമംഗലം, പനംകുട്ടി ഉൾപ്പെടെയുള്ള പ്രധാന റോഡുകളും ഏറ്റവും അധികം ഗതാഗതതിരക്കുള്ള കരിമ്പൻ, മുരിക്കാശേരി, കട്ടപ്പന റോഡുകളും ഉൾപ്പെടെയുള്ളവ അടിയന്തര പ്രാധാന്യത്തോടെ അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതയോഗ്യമാക്കണം. പൊതുമരാമത്ത് വകുപ്പിന്റെ വിശദമായ പ്രോജക്ട‌് റിപ്പോർട്ട് ആവശ്യമുള്ള മറ്റു പ്രധാന റോഡുകളും പാലങ്ങളും മുൻഗണനാക്രമത്തിൽ ഏറ്റെടുത്ത് പൂർത്തിയാക്കണമെന്നും എംപി ആവശ്യപ്പെട്ടു.   കഴിഞ്ഞ ദിവസങ്ങളിൽ പ്രകൃതി ദുരന്തങ്ങളിൽ തകർന്ന ഒട്ടുമിക്ക റോഡുകളുടെയും വ്യാപ്തി നേരിട്ട് സന്ദർശിച്ച് വിലയിരുത്തിയതായി ചീഫ‌് എൻജിനിയർ എം എം ജീവരാജ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, എക്സിക്യൂട്ടീവ് എൻജിനിയർ പി കെ രമ, ആർ സജീഷ് എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News