സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ചുനയംമാക്കൽ വെള്ളച്ചാട്ടം    രാജാക്കാട് പ്രകൃതി മനോഹാരിതയ്ക്ക‌് നടുവിൽ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി എല്ലക്കൽ ചുനയംമാക്കൽ വെള്ളച്ചാട്ടം. ശക്തമായ കാലവർഷ മഴയിൽ മുതിരപ്പുഴ ജലസമൃദ്ധമായതോടെ വശ്യമനോഹാരിതയാണ് ചുനയംമാക്കൽ വെള്ളച്ചാട്ടം സഞ്ചാരികൾക്ക് പകർന്ന് നൽകുന്നത്. എല്ലക്കൽ പന്നിയാറുകൂട്ടി റൂട്ടിൽനിന്നും 700  മീറ്റർ അകലെയാണ് ഇൗ ദൃശ്യവിസ്മയം സ്ഥിതി ചെയ്യുന്നത്. വെള്ളത്തൂവൽ, രാജാക്കാട് പഞ്ചായത്തുകളെ വേർതിരിച്ച് ഒഴുകുന്ന മുതിരപ്പുഴയ്ക്ക് കുറുകെ ആട്ടുപാലം നിർമിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഡിടിപിസിയുമായി ആലോചിച്ചിട്ടുണ്ടെന്നും വെള്ളത്തൂവൽ പഞ്ചായത്ത് അധികൃതർ പറയുന്നു.      പഞ്ചായത്ത് 17 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ‌് നടത്തുന്നത‌്. ഹൈറേഞ്ച് സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതോടെ ഇതിനെ മറികടക്കുന്നതിനുള്ള മാർഗം പ്രകൃതി മനോഹാരിത നിറഞ്ഞുനിൽക്കുന്ന ടൂറിസം കേന്ദ്രങ്ങളാണെന്ന തിരിച്ചറിവിലാണ് പഞ്ചായത്ത് പുതിയ പദ്ധതികൾ ആവിഷ‌്ക്കരിച്ചത‌്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ചുനയംമാക്കൽ വെള്ളച്ചാട്ടം മാറിയതോടെ പഞ്ചായത്തംഗം ആന്റോ മാത്യു ഇടപെട്ട് പ്രദേശത്തിന്റെ ടൂറിസം വികസനം നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റിയെ അറിയിച്ചു. തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. ഇതിന് ശേഷം ഇവിടേയ‌്ക്കു തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നിർമിക്കുകയും ചെയ്തു.    റോഡ് നിർമാണം പൂർത്തികരിക്കുന്നതിനായി ഒമ്പതു ലക്ഷം രൂപയും ശൗചാലയമടക്കമുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് എട്ടു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. റോഡും മറ്റ് അടിസ്ഥാന വികസനവും ഉണ്ടാകുന്നതോടെ കൂടുതൽ സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളത‌്.        Read on deshabhimani.com

Related News