ഇടിയുന്ന വീടുകണ്ട‌് ഓടി രക്ഷപ്പെട്ട‌് ഗണേശനും കുടുംബവും മൂന്നാർ ഒരു പുരുഷായുസ്സ‌് മുഴുവനും മീൻ കച്ചവടം നടത്തി സമ്പാദിച്ചതെല്ലാം ഒറ്റരാത്രികൊണ്ട് നഷ്ടമായതിന്റെ മനോവിഷമത്തിൽ കഴിയുകയാണ് 20 മുറിയിൽ താമസിക്കുന്ന ഗണേശനും കുടുംബവും. മഹാപ്രളയത്തെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ വീട് പൂർണമായും തകർന്നു. ഉടുതുണിപോലും എടുക്കാനാവാതെ ഒരു വിധത്തിൽ രക്ഷപ്പെടുകയായിരുന്നു ഗണേഷും ഭാര്യ സരസ്വതിയും, മൂത്ത മകൻ ദീപു, ഇളയ മകൻ ദിലീപും ഭാര്യ ശരണ്യയും കുട്ടിയും കഴിഞ്ഞുവന്നിരുന്നത്.  ആഗസ്ത് 16 ന് പേമാരിയിൽ മൂന്നാർ സർക്കാർ കോളേജിനു സമീപം ഉണ്ടായ ഉരുൾപൊട്ടലിൽ ഒലിച്ചിറക്കിയ മണ്ണ് കുണ്ടളയാറിൽ പതിച്ചതിനെ തുടർന്നുണ്ടായ ശക്തമായ ഒഴുക്കാണ് ഗണേഷന്റെ വീട് തകരാനിടയായത്. രാത്രി 12 ഓടെ വലിയ ശബ്ദംകേട്ട് എല്ലാവരും ഞെട്ടിയുണർന്നു. ലൈറ്റിട്ട് നോക്കവെ വീടിന്റെ ഉള്ളിലേക്ക് വെള്ളം ഇരച്ചു കയറുന്നതും ഭിത്തികളിൽ വിള്ളൽ രൂപപ്പെടുന്നതും കണ്ടു. ഉടൻ  ഗണേശൻ മറ്റ് മുറികളിൽ കിടന്നുറങ്ങിയിരുന്ന മക്കളെ വിളിച്ചുണർത്തി.     എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിന്ന് മുമ്പ് തന്നെ വീടിന്റെ പുറകുവശത്തെ ഭിത്തി നിലംപൊത്തി. ബഹളം വച്ച് അയൽക്കാരെ കൂട്ടി അവരുടെ സഹായത്തോടെ വീടിനുള്ളിൽ നിന്നും പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. അധ്വനിച്ച് സമ്പാദിച്ചെല്ലാം കൺമുന്നിൽ വച്ച് നഷ്ടപ്പെടുന്നത് നോക്കി നിൽക്കാനേ ഇവർക്കായുള്ളൂ. എല്ലാവരുടെയും ജീവൻ തിരിച്ചു കിട്ടിയതു മാത്രമാണ് ആശ്വാസം. മീൻ കച്ചവടത്തിനായും മക്കളുടെ പഠനത്തിനായും ബാങ്കിൽനിന്നും പല തവണകളായി എടുത്ത നാലുലക്ഷം രൂപയുടെ ബാധ്യത ഗണേശനുണ്ട്.  കഴിഞ്ഞ ഒരു മാസമായി കച്ചവടം ഇല്ലാതെ വീട്ടിൽ തന്നെ കഴിഞ്ഞു വരികയാണ്. അയൽവാസിയായ രാജേശ്വരിയുടെ വീട്ടിലാണ് ഇപ്പോൾ ഗണേശനും കുടുംബവും. ഇത് എത്ര നാളത്തേക്കെന്ന ചോദ്യവും ഇവർക്ക് മുമ്പിൽ നിൽക്കുന്നു. വീട് പൂർണമായി നഷ്ടപ്പെട്ട ഇവർ സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് കഴിയുകയാണ്.   Read on deshabhimani.com

Related News