ദുരിതബാധിതർക്ക് 25 വീടുകൾ നിർമിച്ചുനൽകും    ഇടുക്കി ഇടുക്കിയിലെ പ്രളയദുരിത ബാധിതരായ കുടുംബങ്ങൾക്ക് ഒന്നേകാൽ ഏക്കർ സ്ഥലത്ത‌് 25 വീടുകൾ നിർമിച്ചുനൽകും. കട്ടപ്പന അണക്കരയിലെ അഞ്ചര ഏക്കർ വസ്തുവിൽനിന്ന് ഒന്നേകാൽ ഏക്കർ സ്ഥലം നൽകാനുള്ള സന്നദ്ധത എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ മുഖ്യമന്ത്രിയെകണ്ട് അറിയിച്ചു. ഇവിടെ സംഘടന 25 വീടുകൾ പുതുതായി നിർമിച്ചുനൽകും. 480 ചതുരശ്രയടി വിസ്‌തീർണമുള്ള പ്രീ ഫാബ്രിക്കേറ്റഡ് വീടുകളാണ‌് നിർമിക്കുന്നത‌്.     വയനാട്ടിൽ 'സദ്ഗൃഹ' എന്ന പേരിൽ ആദിവാസികൾക്ക് സംഘടന സൗജന്യമായി വീടുകൾ നിർമിച്ചുനൽകുന്നുണ്ട്. നിലവിൽ 161 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. മന്ത്രി എം എം മണി ദുരിതബാധിതരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടതുപ്രകാരമാണ് ജില്ലയിൽ സംരംഭത്തിനായി മുന്നിട്ടിറങ്ങിയത‌്. മന്ത്രി എം എം മണി, എച്ച്ആർഡിഎസ് ഇന്ത്യ ഡയറക്ടർ സി വി വിവേകാനന്ദൻ, ട്രൈബൽ അഫയേഴ്സ് അഡ‌്വൈസറി ബോർഡ് ചെയർമാൻ ചിറ്റാർ പ്രസന്നൻ, ഫിനാൻഷ്യൽ  അഡ‌്വൈസറി ബോർഡ് ചെയർമാൻ എ എം നസീർ, ചീഫ് പ്രോജക്ട‌് കോ‐ഓർഡിനേറ്റർ ജോയി മാത്യു എന്നിവരും ഒപ്പമുണ്ടായി.     Read on deshabhimani.com

Related News