ആറ്റോരത്തുണ്ട് സ്വപ്നങ്ങളുടെ ചിതവണ്ടിപ്പെരിയാർ കടശിക്കാട് ആറ്റോരത്തെ വീടിന്റെ അവസ്ഥയോർത്ത് നെഞ്ചുനീറ്റിയാണ് അമ്പിളി ഒരാഴ്ച ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞത്. വീട്ടിലേക്ക് ഒന്നു കൊണ്ടുപോകാൻ ഭർത്താവ് ഹരിയോട് പല വട്ടം കരഞ്ഞുപറഞ്ഞതാണ്. പക്ഷേ സമ്മതിച്ചില്ല. ഒടുവിൽ ആരുമറിയാതെ അമ്പിളി വന്നു. കുത്തിയൊലിച്ച പെരിയാർ തങ്ങളുടെ സ്വപ്നങ്ങളാകെ തകർത്തതുകണ്ട് തരിച്ചിരുന്നു; ഒന്നു കരയാൻപോലും കഴിയാതെ.  ഉള്ളതെല്ലാം വിറ്റുപെറുക്കി പണിത വീട്ടിൽ ഒന്നുംതന്നെ അവശേഷിച്ചിട്ടില്ല. കട്ടിലും കിടക്കയും വീട്ടുപകരണങ്ങളും മേൽക്കൂരയുമെല്ലാം പുഴ കൊണ്ടുപോയി. വീടിന്റെ ഭിത്തികളും നിലംപൊത്തി. അടുക്കളയിലെ സിമന്റ് സ്ലാബിനിടയിൽ കുടുങ്ങിയ പാത്രവും ഗ്യാസ് സ്റ്റൗവും ചതഞ്ഞു ചുളുങ്ങി. അത്രയേറെ ശക്തമായിരുന്നു ഒഴുക്ക്.  നിർമാണത്തൊഴിലാളിയായ കൃഷ്ണകൃപയിൽ ഹരിയുടെയും അമ്പിളിയുടെയും അധ്വാനത്തിൽ ഉയർന്നതാണ് ഈ വീട്. ആർവിടി കമ്പനിയുടെ തേയിലത്തോട്ടത്തിൽ തൊഴിലാളിയായിരുന്ന അച്ഛൻ കൃഷ്ണന്റെ കൂടെ ഇഞ്ചിക്കാട് ലയത്തിലായിരുന്നു ഹരിയും കുടുംബവും മുമ്പ് താമസിച്ചിരുന്നത്. അതിനിടെ അമ്പിളിയുടെ താലിമാലയടക്കം പണയംവച്ചും ബ്ലേഡ് പലിശയ‌്ക്ക് വായ്പയെടുത്തും 84,000 രൂപ സംഘടിപ്പിച്ച് കടശിക്കാട് ആറ്റോരത്ത് ആറു സെന്റ് വാങ്ങി. അധ്വാനിച്ചു കിട്ടുന്നതെല്ലാം ബ്ലേഡുകാരന് പലിശകൊടുക്കാനേ തികഞ്ഞുള്ളൂ. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയംവച്ച ആറു പവൻ തിരിച്ചെടുക്കാൻ കഴിഞ്ഞില്ല. അച്ഛന്റെ മരണം കൂടിയായതോടെ പ്രാരാബ്ധങ്ങളിൽ കുടുംബം മുങ്ങിത്താണു. അച്ഛൻ മരിച്ചതോടെ എസ്റ്റേറ്റ് ലയത്തിലെ താമസവും നിലച്ചു. ആറ്റോരത്തെ സ്വന്തം ഭൂമിയിൽ കൊണ്ടുവന്നാണ് അച്ഛന്റെ സംസ്കാരം നടത്തിയത്. അവിടെത്തന്നെ ഒരു വീട് തല്ലിക്കൂട്ടാൻ തീരുമാനിക്കുകയായിരുന്നു. ബാധ്യതകൾ അതോടെ കൂടി. വീട്ടുചെലവുകൾക്കു പുറമേ, മക്കളായ നിധിൻ, അഭിഷേക്, അനുഗ്രഹ എന്നിവരുടെ പഠനത്തിനും പണം കണ്ടെത്തണം. കൂലികൊടുക്കാൻ പണമില്ലാത്തതിനാൽ അമ്പിളിയും ഹരിയും ചേർന്നാണ് വീടിന്റെ പണി മുഴുവൻ തീർത്തത്. ചില സുഹൃത്തുക്കളുടെ സഹായവും കിട്ടി.  മൂന്നു വർഷത്തെ അധ്വാനത്തിനൊടുവിൽ വീട് യാഥാർഥ്യമായി. എങ്കിലും പ്രാരാബ്ധങ്ങളിൽനിന്ന് കുടുംബത്തിന് മോചനമായില്ല. എല്ലാ മാസവും അഞ്ചാം തീയതി ബ്ലേഡുകാരൻ മുറ്റത്തെത്തും. പലിശ കൊടുക്കാൻ നട്ടംതിരിയുന്നതിനിടെയും നല്ലകാലം സ്വപ്നംകണ്ട് സ്വന്തം വീട്ടിൽ കഴിഞ്ഞുവരികയായിരുന്നു ഇവർ. ഇതിനിടെയാണ് എല്ലാം തകർത്ത് പ്രളയം എത്തിയത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്ന വിവരം അറിഞ്ഞ രാത്രി മൂന്നു മക്കളെയും ഭാര്യയെയും കൂട്ടി ഹരി ക്യാമ്പിലേക്ക് മാറി. പിറ്റേന്ന് പകൽ വെള്ളം കുത്തിയാഴുകിയെത്തുമ്പോൾ പുഴയുടെ അക്കരെ നിന്ന് ഹരി എല്ലാം കണ്ടു. ആദ്യം അലമാര ഒഴുക്കിൽപ്പെട്ടു. തകർന്ന വീട്ടിൽനിന്ന് പിന്നെ ഒന്നൊന്നായി മറ്റു വീട്ടുസാധനങ്ങളും. നെഞ്ചു നുറുങ്ങി ക്യാമ്പിൽ തിരിച്ചെത്തിയ ഹരി അമ്പിളിയോട് ഒന്നും പറഞ്ഞില്ല.  ദുതിതാശ്വാസ ക്യാമ്പിൽനിന്ന് തിരിച്ചെത്തി ആറ്റോരത്ത് തന്നെ കുടിൽകെട്ടി താമസിക്കാനൊരുങ്ങുകയാണ് കുടുംബം. നാട്ടിലെ സിപിഐ എം പ്രവർത്തരാണ് താൽക്കാലിക വീടൊരുക്കുന്നത്. ഉടുതുണിയൊഴികെ എല്ലാം നഷ്ടപ്പെട്ട കുടുംബത്തിന് താങ്ങായി നാട് ഒന്നാകെയുണ്ട്.           Read on deshabhimani.com

Related News