ചീഫ് സെക്രട്ടറിയുടെ ഉത്തരവുണ്ടെന്നുള്ളത് തെറ്റായ പ്രചാരണം: ജോയ്സ് ജോർജ‌് എംപി  ചെറുതോണി ഇടുക്കിയിൽ നിർമാണങ്ങൾ നിരോധിച്ചുകൊണ്ട് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ടെന്ന നിലയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തുന്നവർ അതിൽനിന്നും പിന്തിരിയണമെന്ന് ജോയ്സ് ജോർജ‌് എംപി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച ഒരു ഉത്തരവും ഉണ്ടായിട്ടില്ല. ചീഫ് സെക്രട്ടറിയുടേതായി വന്നിട്ടുള്ളത് ഒരു കുറിപ്പ് മാത്രമാണ്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സ്ഥലങ്ങളിൽ അവിടെ വീടുകൾ പുനർനിർമിക്കുന്നത് സുരക്ഷിതമാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന നിർദ്ദേശം മാത്രമാണ് ചീഫ് സെക്രട്ടറിയുടെ കുറിപ്പിലുള്ളത്.   ഇക്കാര്യം സംസ്ഥാനത്താകെ ബാധകമാണ്. മുഖ്യമന്ത്രി അസന്നിഗ്ധമായി നിയമസഭയിലും വ്യക്തമാക്കിയിട്ടുണ്ട്. ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങളിൽ പുനർനിർമാണം സാധ്യമാണോ എന്നത് സർക്കാർ ചുമതലപ്പെടുത്തുന്ന ഒരു സാങ്കേതിക സമിതി പരിശോധിച്ച് റിപ്പോർട്ട് നൽകും. അതിനുശേഷമേ നിർമാണ പ്രവർത്തനത്തിലേക്ക് കടക്കാവൂ എന്നതാണ് കുറിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇക്കാര്യം റവന്യൂ ഉദ്യോഗസ്ഥരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ശ്രദ്ധിക്കണമെന്നും കുറിപ്പിൽ പറയുന്നു. ചീഫ് സെക്രട്ടറിയുടേത് ഒരു സർക്കാർ ഉത്തരവല്ല. ജില്ലാ കലക്ടർമാർക്കും ജില്ലാ പൊലീസ് മേധാവികൾക്കും നൽകിയിട്ടുള്ള കുറിപ്പ് മാത്രമാണ്. നോട്ട് എന്ന തലക്കെട്ടോടെയാണ് സർക്കുലർ പുറപ്പെടുവിച്ചിട്ടുള്ളത്.   വസ്തുതകൾ ഇതായിരിക്കെ നിർമാണ പ്രവർത്തനങ്ങൾ ആകെ നിരോധിച്ചുകൊണ്ട് ജില്ലയ‌്ക്ക് മാത്രമായി ഒരു പ്രത്യേക ഉത്തരവിറങ്ങി എന്ന നിലയിൽ വ്യാജപ്രചാരണം നടത്തുന്നത് പ്രത്യേക ലക്ഷ്യംവച്ചാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ചില കേന്ദ്രങ്ങളിൽ നിന്നുള്ളനീക്കം ദുരുദ്ദ്യേശപരമാണ‌്. സംസ്ഥാനം പുനർ നിർമാണത്തിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും മഹാപ്രളയത്തിൽ തകർന്നു പോയ ജില്ലയെ പുനർസൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞതായും എംപി പറഞ്ഞു.     Read on deshabhimani.com

Related News