അതിർത്തിയിൽ പൂവസന്തമായി നീലക്കുറിഞ്ഞി

കുറിഞ്ഞി പൂവിട്ടിരിക്കുന്ന തമ്പുരാൻ കോവിൽ, പാപ്പളൈയമ്മൻ മലനിരകൾ


  മറയൂർ പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചെരിവുകളിൽ നീലവസന്തം. പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയാണ് മലനിരകളിൽ വസന്തം ഒരുക്കിയിരിക്കുന്നത്. മറയൂരിന് സമീപമുള്ള ചിന്നാർ വന്യജീവി സങ്കേതത്തിനും കുറിഞ്ഞിമല സങ്കേതത്തിനും അതിരു പങ്കിടുന്ന കൊടൈക്കനാൽ മലനിരകളിലാണ‌് പൂവസന്തം. തമ്പുരാൻ കോവിലിൽ മേഖലയിലും കുളൈക്കാട‌് പാപ്പളൈ അമ്മൻ ക്ഷേത്രത്തിന് സമീപത്തുമുള്ള മലഞ്ചരിവുകളിൽ പന്ത്രണ്ട് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നീലപരവതാനി വിരിച്ച് പ്രകൃതി വിസ്മയം തീർത്തിരിക്കുന്നത‌് കാണാൻ സഞ്ചാരികളുടെ തിരക്കുമുണ്ട‌്.  മഴയ‌്ക്ക് ഒരാഴ്ച ശമനമുണ്ടായതോടെ മറയൂർ, കാന്തല്ലൂർ, വട്ടവട എന്നിവടങ്ങളിൽ അങ്ങിങ്ങായി ഒറ്റപ്പെട്ട് കുറിഞ്ഞിച്ചെടികൾ പൂത്തിട്ടുണ്ടെങ്കിലും മലനിരകൾ മുഴുവൻ പൂവിട്ടിരിക്കുന്നത് മറയൂർ മലനിരകൾക്ക് അഭിമുഖമായി നിൽക്കുന്ന തമിഴ്നാട് മലകളിലാണ‌്. ഉയരം കൂടിയ മലകളിൽ ചോലവനങ്ങളോട് ചേർന്ന പുൽമേടുകളിൽ തല ഉയർത്തി നിൽക്കുന്ന നീലക്കുറിഞ്ഞി ശക്തമായ കാറ്റിൽ ഒരേ ഉയരത്തിലാണ് വളരുന്നത്. ഈ പുൽമേടുകളെ മൂടി വ്യാപകമായി പൂക്കുമ്പോഴാണ് മലനിരകൾ ഇളം നീല വർണത്തിലാകുന്നത്. ഇതാണ‌് കുളിർക്കാഴ‌്ചയാകുന്നത‌്.     Read on deshabhimani.com

Related News