ദുരിതകാലത്ത‌് അത്താണിയായി എറണാകുളം ഗവ. മെഡിക്കൽ കോളേജ‌്കളമശേരി നാടെങ്ങും ദുരിതംവിതച്ച കെടുതികളിൽ ഉഴലുന്നവർക്ക്  താങ്ങാകാൻ സന്നാഹമൊരുക്കി എറണാകുളം ഗവ. മെഡിക്കൽ കോളേജ്. ഡോക്ടർമാരും ജീവനക്കാരും വിദ്യാർഥികളുമെല്ലാം ദുരിതാശ്വാസപ്രവർത്തനങ്ങളിൽ കൈമെയ് മറന്ന‌് പങ്കാളികളാണ്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മെഡിക്കൽ കോളേജിൽ കൺട്രോൾറൂം പ്രവർത്തനമാരംഭിച്ചു. കളമശേരിയിലും സമീപ പ്രദേശങ്ങളിലുമുള്ള ക്യാമ്പുകളിലുള്ളവരുടെ ആരോഗ്യരക്ഷയും ദുരിതബാധിതരുടെ ചികിത്സയും സന്നദ്ധസേവകരുടെ വിന്യാസവും ഇവിടെയാണ് നിയന്ത്രിക്കുന്നത്. കളമശേരി മേഖലയിലെ ദുരിതാശ്വാസക്യാമ്പുകളിൽ ദിവസേനയെന്നോണം ദുരിതബാധിതരുടെ എണ്ണം കൂടുകയാണ്.  തൃശൂർ, എറണാകുളം ജില്ലകളിൽനിന്നായി ഇരുപതിനായിരത്തിലേറെ പേർ ഇപ്പോൾ ക്യാമ്പുകളിലുണ്ട്. അതോടൊപ്പം പറവൂർ താലൂക്ക് ആശുപത്രി, ആസ്റ്റർ മെഡ‌്സിറ്റി, അമൃത തുടങ്ങി ജില്ലയിലെ പത്തോളം വലുതും ചെറുതുമായ ആശുപത്രികളിലും ദുരിതബാധിതർ ചികിത്സ തേടുന്നു.  ഈ സാഹചര്യത്തിൽ ദുരിതത്തിൽപെട്ടവരുടെയെല്ലാം ചികിത്സ, ആശ്വാസ ക്യാമ്പ്, ആശുപത്രിയിലെത്തുന്ന രോഗികളുടെയും ആശ്രിതരുടെയും ഭക്ഷണം തുടങ്ങിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് മാതൃകയാകുകയാണ് ഈ സർക്കാർ ആതുരാലയം. ഡോ.ഗണേഷ് മോഹൻ കോ﹣ഓർഡിനേറ്ററായ കൺട്രോൾറൂം മൂന്നുതരം ഉത്തരവാദിത്തങ്ങളാണ് ഏറ്റെടുക്കുന്നത്. ദുരിതാശ്വാസക്യാമ്പ് നടത്തിപ്പ്, ദുരിതബാധിതരുടെ ചികിത്സ, മറ്റു ക്യാമ്പുകളിലേക്ക് ചികിത്സയും മരുന്നും മറ്റു സേവനങ്ങളും ലഭ്യമാക്കൽ എന്നിവയാണ് അവ. 267 പേരുള്ള ദുരിതാശ്വാസക്യാമ്പ് പതോളജി വിഭാഗം കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.  പൂർണമായും സൗജന്യ ചികിത്സയാണ് നൽകുന്നത്. അതോടൊപ്പം കുടിവെള്ളം, ഭക്ഷണം, നാപ്കിനുകൾ, അടിവസ്ത്രങ്ങൾ എന്നിവ രോഗികൾക്ക‌് എത്തിച്ചുനൽകുന്നു. ചിക്കൻപോക്സ്പോലുള്ള രോഗം ബാധിച്ചവർക്കായി ഐസോലേഷൻ വാർഡുകൾ  ആരംഭിച്ചു. രോഗികളുടെ കൂട്ടിരിപ്പുകാർക്കും താമസസൗകര്യമൊരുക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജിനുപുറത്ത് വിവിധ ക്യാമ്പുകളിലായി 26 ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി. മോർച്ചറിസൗകര്യവും വികസിപ്പിച്ചു. മൊബൈൽ ഫ്രീസറുകൾ വാടകയ‌്ക്കെടുത്ത് നിലവിലെ 16 മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമൊരുക്കി.  നാല് ആംബുലൻസുകൾകൂടി എത്തിച്ചു. 50 ഓളം ഡോക്ടർമാർ സന്നദ്ധസേവനത്തിനുണ്ട്. ദേശീയ ഹെൽത്ത് മിഷൻ അനുവദിച്ച 30 നേഴ്സുമാരും 40 നേഴ്സിങ് വിദ്യാർഥികളും കർമനിരതരായുണ്ട്. വെള്ളപ്പൊക്കദുരിതത്തെത്തുടർന്ന് വരാൻ കഴിയാത്ത പകുതിയിലേറെ ജീവനക്കാരുടെ അഭാവം നികത്താൻ എല്ലാ വിഭാഗം മെഡിക്കൽ വിദ്യാർഥികളും നേഴ്സിങ് വിദ്യാർഥികളും വിവിധ ജോലികൾ ഏറ്റെടുത്തു. മെഡിക്കൽ വിദ്യാർഥികളാണ് മെഡിക്കൽ അറ്റൻഡർ ജോലിചെയ്യുന്നത്. കുടുംബശ്രീ നടത്തുന്ന കാന്റീൻ അവരിൽനിന്നും ഏറ്റെടുത്തു. എല്ലാവർക്കും  സൗജന്യമായി ഭക്ഷണം നൽകുന്ന കേന്ദ്രമായി ഇതിനെ മാറ്റി. കാന്റീൻസഹായത്തിന് മെഡിക്കൽ കോളേജ് ജീവനക്കാരുമിറങ്ങി. ഓരോ നേരവും ആയിരത്തിലേറെ പേർക്ക് ഭക്ഷണം നൽകുന്നുണ്ട്. കൺട്രോൾറൂമിന്റെ കീഴിലുള്ള കലക്ഷൻ സെന്ററിലേക്ക്  പൊതുജനങ്ങൾ ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും എത്തിക്കുന്നുണ്ട‌്. Read on deshabhimani.com

Related News