ചക്ക, വാഴ, കപ്പസദ്യയുമായ‌ി രുചിമേളചക്കകൊണ്ടും കപ്പകൊണ്ടും വാഴകൊണ്ടും നൂറ്റൊന്ന് വീതം തൊടുകറികൾ. 101 വീതം പലഹാരങ്ങൾ. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന ചക്ക, കപ്പ, വാഴ ഫെസ്റ്റിലെത്തുന്നവരെ കാത്തിരിക്കുന്നത് നാവിൽ രുചിയേറും വിഭവങ്ങളാണ്.  ചക്കസദ്യയും വാഴസദ്യയും കപ്പസദ്യയുമാണ് വിഭവങ്ങളിൽ പ്രധാനം.  ഏത് സദ്യയാണോ തെരഞ്ഞെടുക്കുന്നത്, അതുപയോഗിച്ച് തയ്യാറാക്കിയ 18 തൊടുകറികളും രണ്ടുതരം പായസവും ഉൾപ്പെടെ വയറുനിറച്ചു സദ്യ കഴിക്കാം. ഓരോ ദിവസവും വ്യത്യസ്ത തൊടുകറികളാണ് വിളമ്പുന്നത്. അതുകൊണ്ടു സ്വാദിന്റെ വൈവിധ്യങ്ങൾ ഇവിടെനിന്ന് ആവർത്തനവിരസതയില്ലാതെ രുചിച്ചറിയാം. ഒരു സദ്യയ്ക്ക് 125 രൂപയാണ് വില. സദ്യ കഴിഞ്ഞാൽ ഭക്ഷണപ്രേമികളെ കാത്തിരിക്കുന്നത‌് പലഹാരങ്ങളാണ്. അതിലും പ്രധാന ചേരുവ ചക്കയും വാഴയും കപ്പയും തന്നെ. ചക്ക ചില്ലി, ചക്ക ബജി, ചക്ക ഉണ്ണിയപ്പം, ചക്കയട, ചക്ക ഉഴുന്നുവട, ചക്ക കോട്ടപ്പം, ചക്ക പരിപ്പുവട, ചക്ക പുഴുക്ക്, ചക്ക പായസം, ചക്ക ഹൽവ, ചക്ക പിരട്ട്, ചക്ക ചമ്മന്തി, ചക്കക്കുരു പെറോട്ട, പ്ലാവിലത്തോരൻ, ചക്കയുടെ മുള്ളൻ തോട് തിളപ്പിച്ച വെള്ളം, നേന്ത്രക്കായ പരിപ്പുവട, ബനാന തെരളി, ബനാന അട, ബനാന ചില്ലി, ബനാന ഉഴുന്നുവട, പരിപ്പുവട, ഉണ്ണിയപ്പം റോസ്റ്റ് തുടങ്ങിയവയും മേളയിലെ പ്രധാന ആകർഷണമാണ‌്. ഭക്ഷണലോകത്ത് എന്തൊക്കെ ഭക്ഷണങ്ങളുണ്ടോ അതെല്ലാം ചക്കയും കപ്പയും വാഴയും ഉപയോഗിച്ച് പാചകം ചെയ്യാൻ സാധിക്കുമെന്നാണ് ഇടിച്ചക്ക പ്ലാമൂട് സ്വദേശിയായ എച്ച് എം റഫീക്കിന്റെ ഉറപ്പ്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ചക്കയുടെയും കപ്പയുടെയും വാഴയുടെയും വ്യത്യസ്ത രുചിക്കൂട്ടുകളുമായി സഞ്ചരിക്കുന്ന റഫീഖിന് വലിയസ്വീകാര്യതയാണ് ലഭിക്കുന്നത്. ചക്കയുടെ ഗുണമേന്മ തിരിച്ചറിഞ്ഞ റഫീഖ് ഏഴു വർഷം മുമ്പാണ് പാചകപരീക്ഷണത്തിലേക്ക് കടന്നത്. റഫീഖിന്റെ പാചക മികവിന് സംസ്ഥാന പുരസ്‌കാരമുൾപ്പെടെ 26 അവാർഡുകൾ ലഭിച്ചിട്ടുണ്ട്. റഫീഖിന്റെ പാചകരഹസ്യം പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചും പലരും മേളയിൽ എത്താറുണ്ട്. ഇവർക്കായി വൈകിട്ട് നാലുമുതൽ അഞ്ചുവരെയുള്ള സമയമാണ് മാറ്റിവച്ചിരിക്കുന്നത്. പകൽ 11 മുതൽ രാത്രി ഒമ്പതുവരെയാണ് മേള. അഞ്ചിന് മേള സമാപിക്കും. Read on deshabhimani.com

Related News