അഭിമന്യുവിന്റെ വീരസ‌്മരണയുമായി അർജുൻ വീണ്ടും മഹാരാജാസിൽകൊച്ചി > അഭിമന്യുവിന്റെ അനശ്വരസ‌്മരണകളും  തളരാത്ത പോരാട്ടവീറുമായി അർജുൻ വീണ്ടും മഹാരാജാസിലെത്തി. കോളേജ‌് യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനാണ‌് ചൊവ്വാഴ‌്ച രാവിലെ അർജുൻ കാമ്പസിലെത്തിയത‌്. ജൂലൈ ഒന്നിന‌് അർധരാത്രിക്കുശേഷം കാമ്പസിനടുത്തുവച്ച‌് അഭിമന്യുവിനൊപ്പം കുത്തേറ്റ അർജുൻ ആശുപത്രിവിട്ടശേഷം ആദ്യമായാണ‌് കോളജിലെത്തിയത്. എസ‌്ഡിപിഐ‐ക്യാമ്പസ‌് ഫ്രണ്ട‌് ക്രിമിനലുകളുടെ കുത്തേറ്റ‌് അർജുന്റെ കരളിനു ആഴത്തിൽ മുറവേറ്റിരുന്നു. തലനാരിഴയ‌്ക്ക‌് ജീവൻ തിരിച്ചുകിട്ടിയ അർജുൻ ആഴ‌്ചകളോളം  ആശുപത്രിയിലായിരുന്നു. രാവിലെ കാറിൽ കോളജിലേക്കെത്തിയ അർജുനെ എസ്എഫ്‌ഐ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ‌് സ്വീകരിച്ചത്. കഴിഞ്ഞുപോയ കാര്യങ്ങളോർത്ത് നിരാശനാകാതെ കൂടുതൽ കരുത്തോടെ ക്യാമ്പസിലേക്കും സംഘടനാ പ്രവർത്തനത്തിലേക്കും തിരിച്ചുവരുമെന്ന് അർജുൻ പറഞ്ഞു. അഭിമന്യു ഇല്ലാതെ ഈ കലാലയത്തിലേക്ക് വരുന്നതിൽ സങ്കടമുണ്ട്. അന്നുണ്ടായ സംഭവങ്ങൾ ഒരുവിധത്തിലും ഭയപ്പെടുത്തുന്നില്ല. ആരോഗ്യസ്ഥിതി പൂർണമായും മെച്ചപ്പെട്ടില്ലെങ്കിലും ഇന്നുമുതൽ കോളജിൽ വരാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അർജുൻ പറഞ്ഞു. എസ്എഫ്‌ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പോളിങ‌്ബൂത്തിലെത്തിയ അർജുൻ വോട്ട് ചെയ്തശേഷം യൂണിയൻ ഓഫീസ് സന്ദർശിച്ചാണ് മടങ്ങിയത്. Read on deshabhimani.com

Related News