പഞ്ചായത്ത് പ്രസിഡന്റ‌് ക്യാൻസർ രോഗിയെ ഭീഷണിപ്പെടുത്തിയതായി പരാതിഉദയംപേരൂർ പഞ്ചായത്ത‌് ആംബുലൻസിന്റെ ഡ്രൈവർ, രോഗിയിൽനിന്നും അമിതകൂലി ഈടാക്കിയതായി പരാതിനൽകിയ ആളെ പഞ്ചായത്ത് പ്രസിഡന്റ‌് ജോൺ ജേക്കബിന്റെ  നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയതായി പരാതി. ഉദയംപേരൂർ  പഞ്ചായത്തിലെ  19﹣ാം വാർഡിലെ അഗതിരഹിത കേരള പദ്ധതിയിലെ ആശ്രയലിസ്റ്റിൽപ്പെട്ട ക്യാൻസർബാധിതൻ തോമസ് ചെമ്പിശേരി(75)യിൽനിന്നാണ‌് അമിതകൂലി ഈടാക്കിയത‌്.  കഴിഞ്ഞമാസം മൂന്നിന‌്  ചികിത്സയ‌്ക്കായി ഉദയംപേരൂരിൽനിന്നും ലിസി ആശുപത്രിയിൽകൊണ്ടുപോയിവിട്ടശേഷം  ഡ്രൈവർ 1,500 രൂപ  ഈടാക്കിയതായാണ‌് പരാതി. പ്രൈവറ്റ് സ്ഥാപനങ്ങളിലെ ആംബുലൻസ് സർവീസുകൾ 800 രൂപ ഈടാക്കുമ്പോഴാണ‌്  പഞ്ചായത്ത് സെക്രട്ടറിയുടെ അധീനതയിലുള്ള ഈ ആംബുലൻസ് സർവീസ് 1,500 രൂപ ഈടാക്കിയത്. അമിതവാടക ഈടാക്കിയതിന്  പഞ്ചായത്ത് സെക്രട്ടറിക്ക് തോമസിന്റെ മകൾ പരാതി നൽകിയിരുന്നു. സംഭവം വിവാദമായതിനെത്തുടർന്ന്  പരാതി പിൻവലിക്കാൻ പ്രസിഡന്റ‌്  വീട്ടിലെത്തി  ആവശ്യപ്പെട്ടിരുന്നു. അമിതമായി വാങ്ങിയ തുക തിരികെനൽകാമെന്നും പറഞ്ഞു. എന്നാൽ, കഴിഞ്ഞദിവസം പ്രസിഡന്റ‌് വീട്ടിലെത്തി തോമസിനെ ഭീഷണിപ്പെടുത്തിയതായാണ‌് പരാതി. ഇതേത്തുടർന്ന‌്  രോഗം മൂർച്ഛിച്ച തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും  ഉദയംപേരൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പഞ്ചായത്തിന്റെ ആംബുലൻസിൽ അമിതവാടക വാങ്ങിയതായി നേരത്തെയും പരാതി ഉയർന്നിരുന്നു. Read on deshabhimani.com

Related News