പെരിയാറിന്റെ കരയിലുണ്ട‌് ഈ രക്ഷകൻനെടുമ്പാശേരി പെരിയാറിന്റെ കയങ്ങളിൽ ജീവൻ ഊർന്നുപോകുമായിരുന്ന  നിരവധിപ്പേർക്ക് രക്ഷകനായി അബ്ദുൾഖാദർ. പെരിയാറിൽ പലപ്പോഴായി  അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയ ഈ അമ്പത്തേഴുകാരൻ പ്രളയകാലത്തും പ്രായത്തിന്റെ അവശതകളെമറന്ന‌് കർമനിരതനായി.  പരമ്പരാഗത മത്സ്യത്തൊഴിലാളിയായ പാലപ്രശേരി തച്ചകത്ത് അബ്ദുൽഖാദർ മൂന്നു പതിറ്റാണ്ടിലേറെയായി മത്സ്യബന്ധനം നടത്തുന്നു.  പ്രളയം ദുരിതംവിതച്ച നെടുമ്പാശേരി പഞ്ചായത്തിലെ കുറുപ്പനയത്തുനിന്നും നിരവധി കുടുംബങ്ങളെയാണ്  വഞ്ചിയുമായെത്തി  ഇദ്ദേഹം രക്ഷപ്പെടുത്തിയത്. പെരിയാറിന്റെ  തീരമായ പാലപ്രശേരി പള്ളിക്കുന്നത്ത് കടവിലാണ് മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ വഞ്ചികൾ കേന്ദ്രീകരിക്കുന്നത്. പ്രളയത്തിൽപ്പെട്ടവരെ  രക്ഷപ്പെടുത്തുന്നതിന‌്   വള്ളങ്ങളും നീന്തൽ അറിയാവുന്ന മത്സ്യത്തൊഴിലാളികളെയും  അന്വേഷിച്ച‌്  പൊലീസ് പള്ളിക്കുന്നത്ത് കടവിലെത്തിയപ്പോഴാണ‌്  ഇവിടെനിന്നും അബ്ദുൽഖാദർ ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിന‌് സജീവമായത‌്.  പെരിയാറിന്റെ  കൈവഴികളിൽനിന്ന് രൂക്ഷമായ തോതിലാണ് പ്രദേശത്ത്  ജലവിതാനം ഉയർന്നത്. കുത്തൊഴുക്കിൽ കുറുപ്പനയം ഗ്രാമത്തിന്റെ  ദിശപോലും അവ്യക്തമായി. എങ്കിലും ഒഴുക്കിനെ അതിജീവിച്ച്  വീടുകൾതോറും  വിളിച്ചന്വേഷിച്ച് ദാഹജലംപോലുമില്ലാതെ വൈകിട്ടുവരെ  അബ്ദുൽഖാദർ രക്ഷാപ്രവർത്തനത്തിൽ മുഴുകി.  കയത്തിൽപ്പെട്ട മുഴുവൻ കുടുംബങ്ങളെയും രക്ഷപ്പെടുത്തിയെന്നുറപ്പാക്കിയശേഷമാണ് അബ്ദുൽഖാദർ  വീട്ടിലെത്തിയത്. പിറ്റേ ദിവസവും വെള്ളം ഇറങ്ങുന്നതുവരെ  പലപ്രദേശങ്ങളിലും അബ്ദുൽഖാദർ രക്ഷാപ്രവർത്തനത്തിലായിരുന്നു. ഉറക്കത്തിനിടെ ട്രെയിനിൽനിന്ന് ആലുവാപ്പുഴയിൽവീണ കടുങ്ങല്ലൂർ സ്വദേശിയായ എൻജിനിയറിങ് വിദ്യാർഥിയെ രക്ഷപ്പെടുത്തിയതും  നീന്തൽ പരിശീലിക്കുന്നതിനിടെ വഞ്ചിമറിഞ്ഞ് പെരിയാറിൽ മുങ്ങിയ യുവാക്കളെ ജീവിതത്തിലേക്ക‌് തിരിച്ചുകൊണ്ടുവന്നതും  അബ്ദുൽഖാദറിലെ ധീരനായ മനുഷ്യസ‌്നേഹിയാണ‌്. Read on deshabhimani.com

Related News