മുത്തൂറ്റ‌് ഫിനാൻസ‌് പണിമുടക്ക‌് പൂർണംകൊച്ചി മുത്തൂറ്റ‌് ഫിനാൻസ‌ിന്റെ ഹെഡ‌് ഓഫീസിനുമുന്നിൽ സമരംചെയ‌്ത ജീവനക്കാർക്കുനേരെയുണ്ടായ പൊലീസ‌് അതിക്രമത്തിൽ പ്രതിഷേധിച്ച‌് എറണാകുളം റീജണിലെ ജീവനക്കാർ നടത്തിയ പണിമുടക്ക‌് പൂർണം. എറണാകുളത്തെ ഹെഡ‌് ഓഫീസും കടവന്ത്രയിലെ റീജണൽ ഓഫീസും  61 ശാഖകളും അടഞ്ഞുകിടന്നു. ഹെഡ‌് ഓഫീസ‌് പ്രവർത്തിപ്പിക്കാൻ മാനേജ‌്മെന്റ‌് ശ്രമിച്ചെങ്കിലും ജീവനക്കാരുടെ പ്രതിഷേധം മൂലം നടന്നില്ല. നോൺ ബാങ്കിങ‌് ആൻഡ‌് പ്രൈവറ്റ‌് ഫിനാൻസ‌് എംപ്ലോയീസ‌് അസോസിയേഷന്റെ (സിഐടിയു) നേതൃത്വത്തിൽ നടന്ന പണിമുടക്കിൽ റീജണിലാകെയുള്ള എഴുന്നൂറോളം ജീവനക്കാർ പങ്കെടുത്തു. പണിമുടക്കിയ ജീവനക്കാർ ഹെഡ‌് ഓഫീസിനുമുന്നിൽ ധർണ നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ‌് ഉദ‌്ഘാടനംചെയ‌്തു. അസോസിയേഷന്റെ മുത്തൂറ്റ‌് ഫിനാൻസ‌് യൂണിറ്റ‌് സംസ്ഥാന ട്രഷറർ ശരത‌് ബാബു അധ്യക്ഷനായി. അസോസിയേഷൻ ജനറൽ സെക്രട്ടറി സി സി രതീഷ‌്, മുത്തൂറ്റ‌് ഫിനാൻസ‌് യൂണിറ്റ‌് സംസ്ഥാന സെക്രട്ടറി നിഷ കെ ജയൻ എന്നിവർ സംസാരിച്ചു. കഴിഞ്ഞദിവസം എറണാകുളത്തെ ഹെഡ‌് ഓഫീസിൽ സമരംചെയ‌്ത സ‌്ത്രീകൾ ഉൾപ്പെടെയുള്ള ഇരുന്നൂറോളം ജീവനക്കാരെ പൊലീസ‌് ബലംപ്രയോഗിച്ച‌ാണ‌് അറസ‌്റ്റ‌് ചെയ‌്തത‌്. നാലാംനിലയിൽനിന്ന‌് വലിച്ചിഴച്ചാണ‌് ജീവനക്കാരെ പുറത്തെത്തിച്ചത‌്. നിരവധിപേർക്ക‌് പരിക്കേറ്റു. തുടർന്നാണ‌് പണിമുടക്ക‌് പ്രഖ്യാപിച്ചത‌്. സ്ഥലംമാറ്റിയ ജീവനക്കാരനു ഒത്തുതീർപ്പ‌് വ്യവസ്ഥപ്രകാരം നിയമനം നൽകാതെ മാനേജ‌്മെന്റിന്റെ ഇഷ്ടക്കാരനെ മഞ്ഞപ്ര ബ്രാഞ്ച‌് ഓഫീസിൽ നിയമിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. നിയമനം റദ്ദാക്കുന്നതുവരെ ഹെഡ‌് ഓഫീസിനുമുന്നിൽ സത്യഗ്രഹം ആരംഭിക്കാനും മഞ്ഞപ്ര ബ്രാഞ്ചിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനും അസോസിയേഷൻ തീരുമാനിച്ചു. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ സമരം സംസ്ഥാനത്തൊട്ടാകെ വ്യപിപ്പിക്കും. പണിമുടക്ക‌് വിജയിപ്പിച്ച എല്ലാ ജീവനക്കാരെയും അസോസിയേഷൻ ജനറൽ സെക്രട്ടറി സി സി രതീ‌ഷ‌് അഭിവാദ്യം ചെയ‌്തു. Read on deshabhimani.com

Related News