ദുരിതാശ്വാസകിറ്റ‌് കടത്തിയ കോൺഗ്രസ‌് നേതാവിനെ കൈയോടെ പിടികൂടികൊച്ചി > പ്രളയദുരന്തത്തിൽപ്പെട്ടവർക്ക‌് വിതരണം ചെയ്യാനെത്തിച്ച അവശ്യസാധന കിറ്റുകൾ കടത്തിയ കോൺഗ്രസ‌് മണ്ഡലം പ്രസിഡന്റിനെയും പഞ്ചായത്തംഗത്തെയും നാട്ടുകാർ കൈയോടെ പിടികൂടി.  നെടുമ്പാശേരി പഞ്ചായത്തിലെ 6, 7 വാർഡുകളിലെ ദുരിതബാധിതർക്ക‌് വിതരണത്തിനുകൊണ്ടുവന്ന കിറ്റുകളാണ‌് കോൺഗ്രസ‌് മണ്ഡലം പ്രസിഡന്റും ആറാം വാർഡ‌ംഗവുമായ സി വൈ ശാബോറും ഏഴാം വാർഡിലെ സ്വതന്ത്ര അംഗമായ വി വൈ ഏലിയാസും ചേർന്ന് വാഹനത്തിൽ കയറ്റി കൊണ്ടുപോയത‌്. ചെറിയ വാപ്പാലിശേരി മാർ ഇഗ്നാത്തിയോസ് പള്ളി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിൽ കൊണ്ടുവന്ന കിറ്റുകളാണ്, റവന്യു അധികൃതരുടെ അനുമതിയില്ലാതെ ഇരു പഞ്ചായത്ത് അംഗങ്ങളും ചേർന്ന് തിങ്കളാഴ്ച അർധരാത്രിയോടെ കടത്തിയത്. വിവരമറിഞ്ഞ് നാട്ടുകാർ, പഞ്ചായത്ത് പ്രസിഡന്റ്‌ മിനി എൽദോ, സിപിഐ എം ലോക്കൽ സെക്രട്ടറി സണ്ണി പോൾ, സിഐടിയു ഏരിയ സെക്രട്ടറി തമ്പി പോൾ, സിപിഐ എം ഇളംമേയ‌്ക്കാട് ബ്രാഞ്ച് സെക്രട്ടറി എ വി ഏലിയാസ‌് എന്നിവരുടെ നേതൃത്വത്തിലെത്തി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന‌് ചെങ്ങമനാട്, നെടുമ്പാശേരി  സ‌്റ്റേഷനുകളിലെ പൊലീസിന്റെ നേതൃത്വത്തിൽ സാധനങ്ങൾ കടത്തിയ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ക്യാമ്പിൽ റവന്യു ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഭക്ഷ്യകിറ്റുകളിൽ കുറവ് കണ്ടെത്തി. തുടർന്ന് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തു. ദുരിതബാധിതർക്കായി കൊണ്ടുവന്ന ഭക്ഷ്യധാന്യങ്ങൾ കൊള്ളയടിയ്‌‌ക്കാൻ ശ്രമിച്ച പഞ്ചായത്ത് അംഗങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് സിപിഐ എം നേതൃത്വത്തിൽ പ്രകടനം നടത്തി.  പഞ്ചായത്ത് അംഗങ്ങൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന‌് സിപിഐ എം ലോക്കൽ സെക്രട്ടറി സണ്ണിപോൾ ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News