ഉയരട്ടെ കേരളം; ഒപ്പം ഞങ്ങളും

ആര്യാട് സിഎംഎസ് എൽപിഎസിലെ മൂന്നാം ക്ലാസ്‌ വിദ്യാർഥി ജോബിൻ ജോസ് സൈക്കിൾ വാങ്ങുന്നതിനായി സ്വരൂപിച്ച 2268 രൂപാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്‌ക്ക്‌ പ്രധാന അധ്യാപികയെ ഏൽപ്പിക്കുന്നു


  ആലപ്പുഴ പ്രളയക്കെടുതിയിൽനിന്ന‌് കേരളത്തെ കരകയറ്റാനുള്ള ഉദ്യമത്തിൽ സർക്കാരിനൊപ്പം ജില്ലയിലെ സ‌്കൂൾ കുട്ടികളും. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥനപ്രകാരം കേരളം പുനർനിർമിക്കാനുള്ള യഞ്ജത്തിൽ തങ്ങളാൽ കഴിയുംവിധം സംഭാവന ചെയ‌്താണ‌് അവർ പങ്കാളികളായത‌്. സമ്പാദ്യകുടുക്ക അപ്പാടെ നൽകിയവരും കുടുക്ക പൊട്ടിച്ച‌് വിഹിതം കൊടുത്തവരും പിറന്നാൾ സമ്മാനത്തിന‌് മാതാപിതാക്കൾ കരുതിയ തുക നൽകിയും പുത്തനുടുപ്പ‌് വേണ്ടെന്നുവച്ച‌് ആ തുകയുമായി എത്തിയവരുമടക്കമുള്ളവരിൽ കുരുന്നുകൾ മുതൽ പ്ലസ‌്ടു വിദ്യാർഥികൾ വരെയുണ്ട‌്.   പ്രാഥമിക കണക്കുപ്രകാരം 30,32,451 രൂപയാണ‌് കുട്ടികൾ സമാഹരിച്ചത‌്. ഇതാകട്ടെ 619 സ‌്കൂളുകളുടെ മാത്രം. ബാക്കി സ‌്കൂളുകളുടെ കണക്ക‌ും ശേഖരിക്കുന്നുണ്ട‌്. എൽപി മുതൽ ഹയർ സെക്കൻഡറി വരെ 771 പൊതുവിദ്യാലയങ്ങൾ ജില്ലയിലുണ്ട‌്. അൺഎയ‌്ഡഡ‌് വിദ്യാലയങ്ങളും സ്വന്തം നിലയ‌്ക്ക‌് സർക്കാർ ഉദ്യമത്തിൽ പങ്കെടുക്കുന്നുണ്ട‌്. മൊത്തം കണക്കുവരുമ്പോൾ കുട്ടികൾ നൽകിയ തുക അരക്കോടി കവിയുമെന്നാണ‌് പ്രതീക്ഷ. ആലപ്പുഴ എസ‌്ഡിവി ഗേൾസ‌് സ‌്കൂളിൽനിന്ന‌് 10,570 രൂപ സമാഹരിച്ചെന്ന‌് ഹെഡ‌്മിസ‌്ട്രസ‌് ജയശ്രീ പറഞ്ഞു. പുന്നപ്ര ഗവ. ജെബി സ‌്കൂൾ വിദ്യാർഥികൾ സമാഹരിച്ച 13,755 രൂപ സ‌്കൂൾ ലീഡർ ആലിയാ ഫാത്തിമയും ഡെപ്യൂട്ടി ലീഡർ വൈഗ മെറിൻ റോയിയും ചേർന്ന് ഹെഡ്മാസ‌്റ്റർ എം എം  അഹമ്മദ് കബീറിന് കൈമാറി. ആര്യാട് സിഎംഎസ് എൽപി സ‌്കൂളിലെ മൂന്നാം ക്ലാസ‌് വിദ്യാർഥി ജോബിൻ ജോസി തന്റെ വിലപ്പെട്ട സമ്പാദ്യമാണ‌് സംഭാവനചെയ‌്തത‌്. മൂന്നാമത്തെ വയസ്സിൽ അച്ഛൻ മരിച്ച ജോബിന‌് അമ്മ വീട്ടുജോലികൾചെയ‌്തു ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽനിന്നും മിഠായി വാങ്ങാനും മറ്റും ലഭിക്കുന്ന  നോട്ടുകളും നാണയത്തുട്ടുകളും സൈക്കിൾ വാങ്ങാമെന്ന പ്രതീക്ഷയോടെ ഒരു വർഷമായി സ്വരൂപിക്കുകയായിരുന്നു. ആ സമ്പാദ്യമായ 2268 രൂപയാണ‌് ജോബിൻ നൽകിയത‌്. ആലപ്പുഴ തുമ്പോളി തൈപ്പറമ്പിൽ പരേതനായ ജോസിയുടെയും വിജി ജോസിയുടെയും രണ്ടാമത്തെ മകനാണ് ജോബിൻ. സഹോദരി ജോസ‌്ന ഡിഗ്രി വിദ്യാർഥിനിയാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിലായിരുന്നു സ‌്കൂളുകളിൽനിന്ന‌് പണം ശേഖരിച്ചത‌്. ഈ തുക അതാത‌് സ‌്കൂളുകൾ നേരിട്ട‌് ‘ജനറൽ എഡ്യൂക്കേഷൻ ഫ്ലഡ‌് റിലീഫ‌് ഫണ്ട‌്’ എന്ന എസ‌്ബിഐ അക്കൗണ്ടിലേക്ക‌് അട‌യ‌്ക്കും. ഇതിനാവശ്യമായ നിർദേശങ്ങളും പണം അടയ‌്ക്കേണ്ടത‌് എങ്ങനെയെന്നുമുള്ള സർക്കുലറുകളും സ‌്കൂളുകളിൽ നൽകിയിരുന്നു. സ‌്കൂളുകളിൽനിന്ന‌് മൊത്തം സമാഹരിച്ച തുകയുടെ വിശദാംശം ഡിഡിഇ ഒാഫീസിൽ ശേഖരിക്കും. Read on deshabhimani.com

Related News