പച്ചക്കറികൃഷി വെള്ളത്തിൽ ; ഓണക്കാല പച്ചക്കറി വില ഉയരും

ചേർത്തല സെന്റ‌് മൈക്കിൾസ‌് കോളേജ‌് അങ്കണത്തിൽ വെള്ളംകയറിയ പച്ചക്കറി കൃഷിയിടത്തിൽ യുവകർഷകൻ സുജിത്ത്‌


  ചേർത്തല കനത്ത കാലവർഷത്തിൽ ഓണക്കാല പച്ചക്കറികൃഷി വെള്ളത്തിലായി. ശക്തമായ മഴയിലും വേനൽ ലഭിക്കാതെയും ചെടികൾ മുരടിച്ചും വെള്ളംകയറി ചീഞ്ഞതും കർഷകരെ നിരാശയിലാക്കി. ഓണക്കാലത്ത‌് പച്ചക്കറി ലഭ്യത തീരെ കുറയുകയും വിലകൂടുകയും ചെയ്യുമെന്ന ആശങ്കയുമുണ്ട‌്. ഓണക്കാല വിളവെടുപ്പ‌് ലക്ഷ്യമാക്കി കർഷകരും കൂട്ടായ‌്മകളും സ്ഥാപനങ്ങളും പച്ചക്കറികൃഷി വൻതോതിൽ ആരംഭിച്ചിരുന്നു. കൃഷിവകുപ്പിന്റെ ‘ഓണത്തിന‌് ഒരുമുറം പച്ചക്കറി’ പദ്ധതി കാർഷിക മേഖലയ‌്ക്ക‌് ഉണർവേകിയതാണ‌്. ആദ്യഘട്ടത്തിൽ കൃഷിക്ക‌് വിത്ത‌് നടുകയോ തൈനടുകയോ ചെയ‌്ത‌ കർഷകർക്ക‌് ഒന്നാംഘട്ടത്തിലെ കനത്തമഴ വിനയായി. കിളിർത്ത ചെടികൾ മുരടിച്ചതോടെ മിക്കവരും രണ്ടാമത‌് തൈനട്ടു. തുടർന്ന‌് അനുകൂല കാലാവസ്ഥയായതോടെ  ചെടികൾ പ്രതീക്ഷയ‌്ക്കൊപ്പം വളർന്നതൊടെയാണ‌് കാലവർഷം വീണ്ടുമെത്തിയത‌്. താഴ‌്ന്ന പ്രദേശങ്ങളിലെ കൃഷി ഏകദേശം പൂർണമായി വെള്ളത്തിലാണ‌്. ഉയർന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുമുണ്ട‌്.  വളർച്ചയുടെ നിർണായക ഘട്ടത്തിലുള്ള ചെടികൾ അനുദിനം മുരടിക്കുകയാണെന്ന‌് കർഷകർ പറയുന്നു. കായ‌്ഫലം ലഭിച്ചുതുടങ്ങിയ ചെടികളിലെ മുരടിപ്പ‌് കായ‌്കളെയും ബാധിച്ചു. വെള്ളക്കെട്ട‌് നിലനിൽക്കുന്നതിനാൽ ചെടികളുടെ വേരും തണ്ടും ചീയുന്നുണ്ട‌്. പരമ്പരാഗത കൃഷിരീതി പിന്തുടരുന്ന കർഷകരെയും ആധുനീക രീതി(ഒാപ്പൺ പ്രിസിഷൻ ഫാമിങ‌് ഉൾപ്പെടെ) സ്വീകരിച്ചവരെയും  കാലവർഷം നിരാശയിലാഴ‌്ത്തി. സ്വന്തം ആവശ്യത്തിന‌് കൃഷി നടത്തുന്നവരും വാണിജ്യാവശ്യത്തിന‌് വൻതോതിൽ കൃഷിയിറക്കിയവരും   നിരാശയിലാണ‌്. ഇരുവിഭാഗത്തിലെയും കർഷകർ ഓണക്കാല വിപണിയിൽ പച്ചക്കറിവില നിയന്ത്രിക്കുന്നതിൽ നിർണായക ഘടകമാണ‌്. ഉൽപ്പാദനം ഗണ്യമായി ഇടിയുന്നതോടെ വിപണിയിൽ പച്ചക്കറിവില കുതിച്ചുയരാൻ ഇടയാക്കും.  ഇതിനകം പച്ചക്കറിയിനങ്ങൾക്ക‌്  വില ഉയർന്നിട്ടുണ്ട‌്.  വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നവരിൽ ഏറെയും ബാങ്ക‌് വായ‌്പ വാങ്ങിയും മറ്റുമാണ‌് കൃഷിച്ചെലവ‌് കണ്ടെത്തുന്നത‌്.  ഓണമെത്താൻ 40 ദിവസം മാത്രം ശേഷിക്കുന്ന പുതിയ ചെടികൾ നട്ടുവളർത്തിയാലും സമയത്ത‌് വിളവെടുക്കാൻ സാധിക്കില്ല. ചേർത്തല സെന്റ‌് മൈക്കിൾസ‌് കോളേജ‌് അങ്കണത്തിൽ പച്ചക്കറികൃഷി നടത്തുന്ന സംസ്ഥാന യുവകർഷക അവാർഡ‌് ജേതാവ‌് സുജിത്തിന്റെ കൃഷിയിടവും വെള്ളത്തിലാണ‌്. ഏക്കർ കണക്കിന‌് സ്ഥലത്താണ‌് ഓപ്പൺ പ്രിസിഷൻ ഫാമിങ് രീതിയിൽ ഓണക്കാല വിളവെടുപ്പ‌് ലക്ഷ്യമാക്കി കൃഷിചെയ‌്തത‌്.   സ്വന്തമായി വിളയിക്കുന്ന പച്ചക്കറി വർഷങ്ങളായി വിപണിയിലെത്തിക്കുന്ന കർഷകനാണ‌് സുജിത്ത‌്. അഞ്ച‌് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാകും ഓണക്കാല വിപണിയിലുണ്ടാകുകയെന്ന‌്     പച്ചക്കറി കർഷക പുരസ‌്കാര ജേതാവ‌് കഞ്ഞിക്കുഴി മായിത്തറ സ്വദേശി വി പി സുനിലും പറയുന്നു. കൃഷിവകുപ്പും കടുത്ത ആശങ്കയിലാണെന്ന‌് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീന നടേശ‌് പറഞ്ഞു. കാലവർഷം ഓണവിപണിയിൽ പച്ചക്കറിക്ഷാമം രൂക്ഷമാവുന്ന അവസ്ഥയുണ്ടാകുമെന്നും അവർ പറഞ്ഞു. വെള്ളപ്പൊക്കം രൂക്ഷമായതോടെ കൃഷിയിടങ്ങൾ ഒട്ടുമിക്കവയും വെള്ളത്തിലായി. Read on deshabhimani.com

Related News