16 പമ്പുകൾകൂടി എത്തി; കൈനകരിയിൽ പമ്പിങ‌് ഊർജിതം  ആലപ്പുഴ പ്രളയദുരിതമൊഴിയാത്ത കൈനകരിയിലെ വെള്ളം വറ്റിക്കാൻ കൂടുതൽ പമ്പുകളെത്തി. 32 കുതിരശക‌്തി ശേഷിയുള്ള 16 പമ്പുകൾകൂടി മഹാരാഷ‌്ട്രയിൽനിന്ന‌് തിങ്ക‌ളാഴ‌്ച ആലപ്പുഴയിലെത്തി.  ജലസേചനവകുപ്പ‌് വാങ്ങിയ പമ്പുകളിൽ എത്തിക്കാൻ ബാക്കിയുണ്ടായിരുന്നവയാണ‌ിത‌്. ഇതോടെ കൈനകരിയിലെ പാടശേഖരങ്ങളിൽ വെള്ളം വറ്റിക്കാനുപയോഗിക്കുന്ന പമ്പുകളുടെ എണ്ണം 50 ആയി.      ഇവ കൈനകരി പഞ്ചായത്തിൽ വെള്ളമിറങ്ങാത്ത വിവിധയിടങ്ങളിൽ ചൊവ്വാഴ‌്ച സ്ഥാപിക്കും. പ്രളയത്തെത്തുടർന്ന‌് വീടുവിട്ടവരെ അഞ്ച‌് ദിവസത്തിനുള്ളിൽ പമ്പിങ‌് പൂർത്തിയാക്കി തിരികെയെത്തിക്കാനാണ‌് ശ്രമം. എസി റോഡിലെ പമ്പിങ‌് തിങ്കളാഴ‌്ച പൂർത്തിയാക്കി. നെടുമുടിയിൽ മാത്രമാണ‌് വെള്ളമിറങ്ങാനുണ്ടായിരുന്നത‌്. ഇവിടെ സ്ഥാപിച്ച കിർലോസ‌്കറിന്റെ കൂറ്റൻ പമ്പും ചൊവ്വാഴ‌്ച കൈനകരിയിലേക്ക‌് മാറ്റും.  നേരത്തേ എസി റോഡിൽ ഉപയോഗിച്ചിരുന്ന കിർലോസ‌്കറിന്റെ രണ്ട‌് പമ്പുകൾ കൈനകരിയിലേക്ക‌് മാറ്റിയിരുന്നു. വെള്ളംകയറി നശിച്ച പമ്പുകളുടെ അറ്റകുറ്റപ്പണിക്കായി കൊല്ലത്തുനിന്നുള്ള സംഘം ചൊവ്വാഴ‌്ച എത്തും.   ചെറുകാലിക്കായൽ, കനകാശേരി, കുപ്പപ്പുറം, ആറുപങ്ക‌്, വലിയകരി തുടങ്ങിയ പ്രദേശങ്ങളിൽ വീടുകളിൽനിന്ന‌് വെള്ളമിറങ്ങാത്തതിനാൽ ജനജീവിതം ഇനിയും സാധാരണനിലയിലായിട്ടില്ല. ഈ സാഹചര്യത്തിലാണ‌് യുദ്ധകാലാടിസ്ഥാനത്തിൽ പമ്പുകളെത്തിച്ചത‌്. 250 കിലോവാട്ട‌് ശേഷിയുള്ള രണ്ട‌് ട്രാൻസ‌്ഫോർമറുകൾ സ്ഥാപിച്ച‌് പമ്പുകൾക്ക‌് വൈദ്യുതി ലഭ്യമാക്കി കനകാശേരിയിൽ ഫ്ലോട്ടിങ‌് പമ്പിങ‌് സ‌്റ്റേഷനും സജ്ജമാക്കിയിട്ടുണ്ട‌്. ഇനിയും മടകുത്താത്തതിനാൽ കൂലിപ്പുരയ‌്ക്കൽ പാടശേഖരത്തിൽ പമ്പിങ‌് തുടങ്ങിയിട്ടില്ല. സമീപത്തെ രണ്ടു പാടശേഖരങ്ങളിലും ഇതുമൂലം വെള്ളക്കെട്ടുണ്ട‌്. തിങ്കളാഴ‌്ച പാടശേഖരസമിതി സെക്രട്ടറിയെ കലക‌്ടർ കസ‌്റ്റഡിയിലെടുത്തു. ചൊവ്വാഴ‌്ച പമ്പിങ‌് തുടങ്ങുമെന്ന‌് ഉറപ്പുനൽകിയതിനെത്തുടർന്ന‌് വിട്ടയച്ചു. ഇവിടെയും വെള്ളംവറ്റിക്കാൻ ഉടൻ നടപടിയെടുക്കും. Read on deshabhimani.com

Related News