കുടിവെള്ളം എത്തിക്കേണ്ടത്‌ തദ്ദേശസ്ഥാപനങ്ങൾ: മന്ത്രി ജി സുധാകരൻആലപ്പുഴ കുടിവെള്ളം എത്തിക്കുന്നതിന‌് പഞ്ചായത്തുകൾ അതീവ ജാഗ്രത പുലർത്തണമെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണവുമായി ബന്ധപ്പെട്ട് പ്ലാനിങ് ഓഫീസിൽ ചേർന്ന തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.   കുടിവെള്ളം എത്തിക്കുന്നതിന‌് വ്യക്തമായ മാർഗനിർദേശം നൽകിയിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ സ്രോതസിൽ നിന്നും വെള്ളം ശേഖരിച്ച് പഞ്ചായത്തുകൾ വാഹനങ്ങളിലോ ബോട്ടുകളിലോ വള്ളങ്ങളിലോ എത്തിച്ച് നൽകണം.  ഇതിന്റെ  ചുമതല പഞ്ചായത്ത് സെക്രട്ടറിക്ക് ഉണ്ട്. അക്കാര്യത്തിൽ ഒരു വീഴ‌്ചയും സർക്കാർ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.  ഇതിനാവശ്യമായ തുക സർക്കാർ നൽകും.   ധനസമാഹരണവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങൾ മന്ത്രി യോഗത്തിൽ വിശദീകരിച്ചു. രോഗപ്രതിരോധത്തിനും അണു നശീകരണത്തിനും  മെഡിക്കൽ ക്യാമ്പുകളും മറ്റും കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പഞ്ചായത്തുകൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.   കുട്ടനാട്ടിൽ ഉള്ള എല്ലാ കുടുംബങ്ങൾക്കും 10,000 രൂപയുടെ സർക്കാർ ധനസഹായം ലഭിക്കുമെന്നും മറ്റ‌് താലൂക്കുകളിൽ ക്യാമ്പിൽ രജിസ്റ്റർ ചെയ‌്തവർക്ക് തുക ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ധനസമാഹരണത്തിന്റെ ചുമതലയുള്ള മന്ത്രി പി തിലോത്തമനും യോഗത്തിൽ പങ്കെടുത്തു.  സമാഹരിക്കുന്ന തുക അർഹർക്കാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കണമെന്ന‌് എംപിമാരായ കെ സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും യോഗത്തിൽ പറഞ്ഞു. എംഎൽഎമാരായ ആർ രാജേഷ്, യു പ്രതിഭ, എ എം ആരിഫ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ, ധനസമാഹരണത്തിനുള്ള സ്‌പെഷ്യൽ ഓഫീസർ പി വേണുഗോപാൽ, കലക്ടർ എസ് സുഹാസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News