‘സ‌്ത്രീശക്തി’യായി മഞ്ജുള മാവേലിക്കര പ്രളയദുരന്തം മൂലം നറുക്കെടുപ്പ‌് നീട്ടിയ ലോട്ടറിയിൽ അവസാനദിവസമെടുത്ത ടിക്കറ്റിൽ  മഞ്ജുളയെ തേടിയെത്തിയത‌് 60 ലക്ഷം രൂപയുടെ ഭാഗ്യം. സ‌്കൂട്ടറിൽ പെട്രോളടിക്കാൻ പോകവെ വാങ്ങിയ സ‌്ത്രീശക്തി ലോട്ടറിയിൽ ഒന്നാം സമ്മാനം മാത്രമല്ല 35കാരിയായ ഈ അവിവാഹിതയെ തേടിയെത്തിയത‌്.  വ്യത്യസ‌്ത സീരീസുകളിൽ 12 ടിക്കറ്റെടുത്ത മഞ‌്ജുളക്ക‌് 88,000 രൂപയുടെ സമാശ്വാസ സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട‌്. ആഗസ‌്ത‌് 21 ന് തീരുമാനിച്ചിരുന്ന നറുക്കെടുപ്പ‌്  പ്രളയം കാരണം 28 ലേക്ക് മാറ്റുകയായിരുന്നു.   മാങ്കാംകുഴിയിലെ ഭാഗ്യദേവത ഏജൻസിയിൽനിന്നും ടിക്കറ്റുകളെടുക്കുന്ന ലോട്ടറി വിൽപ്പനക്കാരനോട്  28ന് പകൽ 11 നാണ‌് 384067 നമ്പറിലെ വ്യത്യസ‌്ത സീരീസുകളിലെ 12 ടിക്കറ്റുകൾ മഞ്ജുള എടുത്തത്. പ്രളയദുരിതത്താൽ നറുക്കെടുപ്പ‌് മാറ്റിയ ടിക്കറ്റിൽ പ്രളയം വിഴുങ്ങിയ ആലപ്പുഴയിൽ  തന്നെ ഒന്നാം സമ്മാനം ലഭിച്ചുവെന്ന കൗതുകവുമുണ്ട‌്.     കടങ്ങൾ തീർക്കുകയും വീടുവെക്കുകയും സഹോദരങ്ങളെ സംരക്ഷിക്കുകയുമാണ‌് തെക്കേക്കര തടത്തിലാൽ ചിറ്റേത്ത് വടക്കതിൽ ഗൗരിയമ്മയുടെ മകൾ മഞ്ജുളയുടെ ആഗ്രഹങ്ങൾ.  15 വർഷമായി ടിക്കറ്റെടുക്കുന്ന മഞ‌്ജുളയ‌്ക്ക‌് മുമ്പ‌് ചെറിയ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. മാവേലിക്കരയിലെ പാരലൽ കോളജിൽ പ്രീഡിഗ്രി പഠനം കഴിഞ്ഞ ശേഷം ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് പൂർത്തിയാക്കിയ മഞ്ജുള വൃദ്ധയായ അമ്മയ‌്ക്കൊപ്പം സഹോദരന്റെ സംരക്ഷണയിലാണ് കഴിയുന്നത്.  സമ്മാനാർഹമായ ടിക്കറ്റ് ബാങ്ക് ഓഫ് ബറോഡയുടെ മാവേലിക്കര ശാഖയിൽ ഹാജരാക്കി. Read on deshabhimani.com

Related News