ആരോഗ്യരംഗത്ത് സൃഷ്ടിച്ചത്‌ 3000ത്തിൽപ്പരം തസ‌്തിക: ഐസക്വണ്ടാനം ആരോഗ്യരംഗത്ത്  3000ത്തിൽപ്പരം തസ‌്തികകളും 300 കോടിയിലധികം രൂപയുടെ നിർമാണ പ്രവർത്തനങ്ങളും നടത്തിയെന്നും മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. വണ്ടാനം ചേതന പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള നവീകരിച്ച ജനകീയ ലാബിന്റെയും  രോഗ നിർണയ സംവിധാനത്തിന്റെ ഭാഗമായി സ്ഥാപിച്ച ആധുനിക സ‌്കാനിങ‌് സെന്ററിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ആരോഗ്യ മേഖലയെക്കുറിച്ച് പുറമെയുള്ളവർക്ക്  ആദരവും ബഹുമാനവും  തോന്നിത്തുടങ്ങിയിട്ടുണ്ട്. നിപാ വൈറസ് ബാധ കണ്ടെത്തുന്നതിലും വ്യാപനം തടയുന്നതിലും കേരളം കാട്ടിയ ശുഷ‌്കാന്തിയാണ‌് കാരണം.  ഇതുമൂലം കൂടുതൽ പേർ മെഡിക്കൽ കോളേജ് ആശുപത്രികളിലേക്കെത്തുന്നത് അനിയന്ത്രിതമായ തിരക്കിന് കാരണമായി. ഈ തിരക്കിനു പരിഹാരം കാണാൻ ചെറിയ അസുഖങ്ങൾ പിടിപെടുന്നവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുവാൻ താലൂക്ക‌് ആശുപത്രികൾ മുതൽ പ്രാധമികാരോഗ്യ കേന്ദ്രങ്ങൾ വരെയുള്ളവയുടെ പ്രവർത്തനം സർക്കാർ ശക്തമാക്കുകയാണെന്നും അദേഹം പറഞ്ഞു.  കേരളത്തിലെ ആരോഗ്യരംഗത്ത് സമീപകാലത്തെ ഏറ്റവും വലിയ കൂട്ടായ‌്മയായി സാന്ത്വന പരിചരണ രംഗം മാറി.  എത്ര ഫീസ് കുറച്ചു നൽകുന്നു എന്നതിലല്ല, കമ്പോളത്തിലെ നിരക്കു കുറക്കാൻ ചേതനയ‌്ക്കായി എന്നതു വലിയ കാര്യമാണന്നും ഡോ തോമസ് ഐസക് പറഞ്ഞു.  നീർക്കുന്നം എസ്ഡിവി ഗവ.യുപി സ‌്കൂളിൽ ചേർന്ന സമ്മേളനത്തിൽ ചേതന സെക്രട്ടറി എച്ച്  സലാം അധ്യക്ഷനായി. എസ്എസ്എൽസി, പ്ലസ്ടു വിഭാഗങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ബ്ലോക്ക് പഞ്ചായത്തു പരിധിയിലെ 125 വിദ്യാർഥികൾക്ക്  മെറിറ്റ‌് അവാർഡ‌് നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് ജി വേണുഗോപാൽ ഉദ‌്ഘാടനം ചെയ‌്തു.  ഓട്ടോമേറ്റഡ് ഇമ്യൂണോളജി ലാബിന്റെ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോ. ആർ വി രാംലാലും ഓട്ടോമേറ്റഡ് ബയോകെമിസ്ട്രി ലാബിന്റെ ഉദ്ഘാടനം ആർഎംഒ ഡോ. നോനാം ചെല്ലപ്പനും, ഓട്ടോമേറ്റ് ഹെമറ്റോളജി ലാബിന്റെ ഉദ്ഘാടനം ഡോ. ഹരികുമാറും നിർവഹിച്ചു. ഡോക്ടർമാരായ ഗോമതി, ശിവ പ്രസാദ്‌ ,നാസർ, ഹരികുമാർ ,അബ്ദുൽ സലാം, പി ടി പ്രീതി, ഷിബു സുകുമാരൻ, ജീവ കാരുണ്യ പ്രവർത്തകൻ ഹബീബ് തയ്യിൽ, മാധ്യമ അവാർഡ് ജേതാവ് ശരത്ചന്ദ്രൻ , ഫിസിക‌്സിൽ ഡോക്ടറേറ്റ് നേടിയ മനീഷ് മൈക്കിൾ, എം എസ് സി സുവോളജി റാങ്ക് ജേതാവ് മേരി, സിവിൽ സർവീസ് റാങ്ക് ജേതാവ് നവീൻ ശ്രീജിത്ത്, കളരിപ്പയറ്റ് സ്വർണമെഡൽ ജേതാവ് എസ് ഹരികൃഷ്ണൻ, ലാബ് കോ ഓർഡിനേറ്റർ പ്രജീഷ് പ്രഭ എന്നിവരെ  ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ‌് വി എസ് മായാദേവി, പഞ്ചായത്ത് പ്രസിഡന്റുമാരായ സുവർണ്ണ പ്രതാപൻ, എം ഷീജ, എ അഫ്സത്ത്, ജി വേണുലാൽ, റഹ്മത്ത് ഹാമിദ്  എന്നിവർ സംസാരിച്ചു. ചേതന ട്രഷറർ എ ഓമനക്കുട്ടൻ സ്വാഗതവും പി ജി സൈറസ് നന്ദിയും പറഞ്ഞു.  പിന്നണി ഗായകൻ സജേഷ് പരമേശ്വരന്റെ നേതൃത്വത്തിൽ ഗാനമേള നടന്നു. Read on deshabhimani.com

Related News