വെല്ലുവിളികൾ തളർത്തിയില്ല; ഡോക‌്ടറാകണം ശബരീനാഥിന‌് അമ്പലപ്പഴ ഡോക‌്ടറാകണമെന്നുള്ള ചെറുപ്പംമുതലുള്ള ശബരീനാഥിന്റെ ആഗ്രഹത്തിന‌് ശാരീരികവെല്ലുവിളികൾ ഒരിക്കലും തടസമായിട്ടില്ല. ആ നിശ്ചയദാർഢ്യത്തിനു മുമ്പിൽ ആതുരസേവനത്തിന്റെവഴി ഒന്നൊന്നായി തുറക്കുകയാണ‌്. ഒടുവിലിതാ എംബിബിഎസ‌് പ്രവേശനം. അതും വീടിനടുത്തുള്ള വണ്ടാനം ഗവ. ടിഡി മെഡിക്കൽ കോളേജിൽ.  രക്തം കട്ടപിടിക്കാത്ത അസുഖമാണ് ഈ പത്തൊമ്പതുകാരനെ ചെറുപ്പംമുതൽ അലട്ടുന്നത്. നിസാരമെന്നു തോന്നാമെങ്കിലും ഏറെ സങ്കീർണമായ ഹീമോഫീലിയ എന്ന ഈ അസുഖത്തിന് ചികിത്സ ഭാരിച്ചതാണ്. നഖം മുറിക്കുമ്പോൾപോലും ചെറിയ മുറിവുപോലുമുണ്ടാകാതെ ശ്രദ്ധിക്കണം. നടക്കുമ്പോൾ കല്ലിൽ തട്ടുകയോ വീഴുകയോചെയ‌്തുപോലും മുറിവുണ്ടാകരുത്. ഉണ്ടായാൽ ആ മുറിപ്പാടിൽനിന്ന് രക്തംവാർന്നുകൊണ്ടിരിക്കും. കൈയോ കാലോ ആഞ്ഞൊന്നു വീശിയാലോ വലിച്ചു കുടഞ്ഞാലോ കൂടി ഉള്ളിലെ ചെറിയ ഞരമ്പുകൾക്ക് ക്ഷതമുണ്ടാകും. അപ്പോഴും ആന്തരിക രക്തസ്രാവമുണ്ടായി ആ ഭാഗം നീരുകൊണ്ടു വീർക്കും. ശബരീനാഥിന് ഒമ്പത‌് മാസം പ്രായമെത്തിയപ്പോൾ വീണ് മേൽച്ചുണ്ടിനുൾഭാഗം പൊട്ടി. മുറിപാടിലൂടെയുള്ള രക്തമൊഴുക്ക് നിലയ‌്ക്കാതെ വന്നപ്പോൾ മുതലാരംഭിച്ച ചികിത്സ ഇപ്പോൾ എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ആലുവയിലെ ഹീമോഫീലിയ ട്രീറ്റ്മെന്റ‌് സെന്ററിൽ ഇപ്പോഴും തുടരുന്നു. ഇവിടെ ഡോ. എൻ വിജയകുമാറിന്റെ കീഴിലാണ‌് ചികിത്സ.  15,000 രൂപവരെ ചെലവുള്ള ആന്റി ഹീമോഫീലിക് ഫാക‌്ടർ ഇഞ്ചക്ഷനാണ് പ്രതിവിധി. എന്നാൽ എട്ട‌് മണിക്കൂർമാത്രമാണ് ഇതിന്റെ പ്രവർത്തനം ശരീരത്തിലുണ്ടാകുക. അതിനാൽ വീടുവിട്ട് അധികദൂരം പോയി പഠിക്കാനും ശബരിനാഥിന് കഴിയാത്ത അവസ്ഥയാണ‌്.  സിപിഐ എം പുന്നപ്ര ലോക്കൽ കമ്മിറ്റി അംഗം പുന്നപ്ര തെക്ക‌് പഞ്ചായത്ത് 13‐ാം വാർഡിൽ ചെമ്പകശേരിൽ വീട്ടിൽ ശ്രീകുമാറിന്റെയും ദർശനയുടെയും  ഏകമകനാണ‌് ശബരീനാഥ‌്. എസ്എസ്എൽസി ക്ക് 96 ശതമാനം മാർക്കുവാങ്ങി വിജയിച്ച ശബരി, ഏറെ ശാരീരിക വിഷമതകൾ അലട്ടുന്ന ഘട്ടത്തിലാണ് പ്ലസ‌്ടു പരീക്ഷയെഴുതിയത്. മാസങ്ങളോളം സ‌്കൂളിൽ പോകാനുമാകാതെ എഴുതിയ പരീക്ഷയിൽ 72 ശതമാനം മാർക്കുമാത്രമാണ് നേടാനായത്. പിന്നീട് മെഡിക്കൽ എൻട്രൻസ് പരീക്ഷയ‌്ക്ക് വീട്ടിലിരുന്നുതന്നെ പരിശീലിച്ചാണ് ശബരീനാഥ് എംബിബിഎസ‌് പ്രവേശനം നേടിയത‌്. Read on deshabhimani.com

Related News