റാണിപുരത്ത്‌ വെള്ളച്ചാട്ടമൊരുങ്ങി

റാണിപുരത്ത്‌ ഒരുക്കിയ വെള്ളച്ചാട്ടം


രാജപുരം ഇനി റാണിപുരത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് വെള്ളച്ചാട്ടത്തിൽ ഉല്ലസിക്കാം. സഞ്ചാരികൾക്കായി റാണിപുരത്ത് വെള്ളച്ചാട്ടമൊരുങ്ങി. സ്വകാര്യ സംരഭകരുടെ നേതൃത്വത്തിൽ  വനാതിർത്തിയോട് ചേർന്ന് ഒരുക്കിയ വെള്ളച്ചാട്ടം  സഞ്ചാരികൾക്കായി തുറന്ന് നൽകി.   ആസ്വദിക്കാനും വെള്ളത്തിൽ ഇറങ്ങാനും കഴിയുന്ന തരത്തിലാണ്‌  വെള്ളച്ചാട്ടം ഒരുക്കിയിരിക്കുന്നത്. 35 അടിയോളം ഉയരത്തിൽനിന്ന്‌  വീഴുന്ന വെള്ളച്ചാട്ടത്തിൽ  കുളിക്കാനുള്ള സൗകര്യവുമുണ്ട്‌.   കുട്ടികൾക്കായി ചിൽഡ്രൻസ് പാർക്ക് സംവിധാനം ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. മറ്റ് വിനോദ സൗകര്യങ്ങൾ ഒന്നുമില്ലാത്തതിനാൽ നിലവിൽ റാണീപുരത്ത് എത്തുന്നവർ വനത്തിലൂടെ മാനിമലയിലേക്ക് സഞ്ചരിച്ച്‌   പ്രകൃതി സൗന്ദര്യം ആസ്വദിച്ച് മടങ്ങുകയാണ് പതിവ്. വനത്തിലൂടെയുള്ള യാത്ര ദുഷ്‌കരമായതിനാൽ പലപ്പോഴും വയോധികർക്കും കുട്ടികൾക്കും മല കയറാൻ കഴിയാറില്ല. ഇതിന് പരിഹാരമായാണ് പഞ്ചായത്തിന്റെ സഹകരണത്തോടെ വനാതിർത്തിയിൽ തന്നെ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യമൊരുക്കുന്നതെന്ന് നടത്തിപ്പുകാർ പറയുന്നു.  കുട്ടികളുടെ പാർക്ക്, പൂന്തോട്ടം എന്നിവയും  ഒരുങ്ങുന്നതോടെ,   റാണിപുരം ടൂറസ്റ്റ്  കേന്ദ്രത്തിലേക്കുള്ള സഞ്ചാരികളുടെ തിരക്ക് വർധിക്കും. വെള്ളച്ചാട്ടത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജൻ നിർവഹിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് പി ജി മോഹനൻ അധ്യക്ഷനായി. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി പി കെ സുധാകരൻ,  എം സി മാധവൻ, പി തമ്പാൻ,  എം ബി ശാരദ, ജി ഷാജിലാൽ, ഫാ.ജോയി ഊന്നുകല്ലേൽ, സിപിഐ എം ഏരിയാ സെക്രട്ടറി എം വി കൃഷ്ണൻ, എം എം തോമസ്, സൂര്യനാരായണ ഭട്ട്, സുനിൽ മാടക്കൽ, മൈക്കിൾ എം പൂവത്താനി, എം വി ഭാസ്കരൻ,  ടി പ്രഭാകരൻ, ബി മോഹൻകുമാർ, ജോർജ് ഐസക്ക്, എസ് മധുസൂദനൻ  എന്നിവർ സംസാരിച്ചു. പ്രതാപ് പി അലക്സ് സ്വാഗതവും എം മോഹൻരാജ് നന്ദിയും പറഞ്ഞു.       Read on deshabhimani.com

Related News