മധുവിനും രജനിക്കും യാത്രാമൊഴി ചൊല്ലി നാട‌്കോവളം കോവളം കഴക്കൂട്ടം ബൈപാസിൽ കുമരിച്ചന്തക്ക് സമീപം കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച മധുവിനും ഭാര്യ രജനിയ്ക്കും നാട്ടുകാരും ബന്ധുക്കളും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നല്കി.  പൂന്തുറയിലെ ബന്ധുവിനെ തങ്ങളുടെ വീടിന്റെ ഗൃഹപ്രവേശത്തിന് ക്ഷണിച്ചശേഷം തിരുവല്ലം ഭാഗത്തേക്ക് പോകാനായി ബൈപാസ് മുറിച്ച് കടക്കവെ കോവളം ഭാഗത്തുനിന്ന‌് വന്ന  ടാങ്കർ ലോറി ഇവരെ ഇടിച്ച് തെറിപ്പിച്ചായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. തിരുവനന്തപുരം മെഡിക്കൽകോളേജാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം അനന്തപുരി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച  മൃതദേഹങ്ങൾ ഇന്നലെ രാവിലെ 9.30 ഓടെ വിലാപയാത്രയായി വാഴമുട്ടം മഞ്ചാടിയിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോയി.  തങ്ങളെ തനിച്ചാക്കി അകാലത്തിൽ വിടപറഞ്ഞ മാതാപിതാക്കളുടെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ച്  മക്കളായ നിധിനയും മിഥുനയും പൊട്ടിക്കരഞ്ഞതോടെ  കണ്ടുനിന്ന ബന്ധുക്കളും നാട്ടുകാരും വിങ്ങിപ്പൊട്ടി. മധുവിന്റെ കുടുംബവീടിനരികിൽ ഒരുക്കിയ ചിതയിൽ ഇരുവർക്കും അന്ത്യവിശ്രമം ഒരുക്കി. ജനപ്രതിനിധികളും രാഷ‌്ട്രീയ പ്രവർത്തകരും അന്തിമോപചാരമർപ്പിച്ചു. Read on deshabhimani.com

Related News