ധനസമാഹരണം 14 മുതൽ 20 വരെ    ആലപ്പുഴ കേരള പുനർനിർമാണത്തിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസമാഹരണം 14 മുതൽ 20 വരെ നടക്കുമെന്ന‌് മന്ത്രിമാരായ ജി സുധാകരനും പി തിലോത്തമനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുനർനിർമാണത്തിൽ സഹകരിക്കുന്നതിനും സംഭാവന നൽകുന്നതിനും തയ്യാറുള്ളവരിൽനിന്ന് മാത്രമാണ് ധനശേഖരണം നടത്തുക. നിർബന്ധിച്ച് ആരിൽനിന്നും പണപ്പിരിവ് ഉദ്ദേശിക്കുന്നില്ല. ജില്ലയിൽനിന്ന‌ും ജില്ലയ‌്ക്ക‌് പുറത്തുനിന്നും സംസ്ഥാനത്തിന‌് പുറത്തുനിന്നും പ്രവാസികളിൽനിന്നും സന്മനസുള്ളവരിൽനിന്നും പണം പരമാവധി കണ്ടെത്തുകയാണ് ലക്ഷ്യം. ഒമ്പത് നിയോജകമണ്ഡലങ്ങളിലും എംഎൽഎമാർ, എംപിമാർ എന്നിവരുടെ നേത‌ൃത്വത്തിൽ കമ്മിറ്റികൾ രൂപീകരിച്ച‌് ചിട്ടയായ പ്രവർത്തനം നടക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണവുമായി ബന്ധപ്പെട്ട് ജില്ലാതല സ‌്റ്റിയറിങ് കമ്മിറ്റിക്ക് രൂപംനൽകി.  മന്ത്രി ജി സുധാകരൻ ചെയർമാനും മന്ത്രി പി തിലോത്തമൻ, ജില്ലയിലെ എംപിമാർ എന്നിവർ വർക്കിങ‌് ചെയർമാൻമാരും കലക‌്ടർ എസ‌് സുഹാസ് കൺവീനറുമാണ‌്. സംഭാവന നൽകാൻ തയ്യാറുള്ളവരുടെ പട്ടിക പഞ്ചായത്ത്, നഗരസഭ അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുണ്ട്. മണ്ഡലങ്ങളിൽ നിശ്ചിതസമയത്ത്, നിശ്ചിത സ്ഥലത്തുവച്ച് നടക്കുന്ന ചടങ്ങിലാണ് ഫണ്ട് സ്വീകരിക്കുക.  ധനസമാഹരണത്തിനായി മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളുടെ തീയതികളും സമയവും ചുവടെ. 14ന് രാവിലെ 9.30ന് മാവേലിക്കര മുനിസിപ്പൽ ടൗൺഹാളിലും 10.30ന് ഭരണിക്കാവ് ബ്ലോക്ക് ഓഫീസിലും കായംകുളത്തെ യോഗം പകൽ  മൂന്നിന് കായംകുളം ടൗൺഹാളിലും നടക്കും. കുട്ടനാട് മണ്ഡലത്തിലെ യോഗം 15ന് രാവിലെ 10ന് കുട്ടനാട് മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രത്തിൽ നടക്കും.  അമ്പലപ്പുഴ മണ്ഡലത്തിലെ യോഗം 16ന്  രാവിലെ 10ന് കെ കെ കുഞ്ചുപിള്ള മെമ്മോറിയൽ ഗവ. എച്ച്എസ്എസിലും വൈകിട്ട് നാലിന് ആലപ്പുഴ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലും നടക്കും. ഹരിപ്പാട് മണ്ഡലത്തിലെ പരിപാടി 17ന് രാവിലെ 10ന‌് ഹരിപ്പാട് ദേശീയപാതയ‌്ക്ക‌് അരികിലുള്ള മാധവാ ജങ്ഷനിലെ എൻഎസ്എസ‌് ഓഡിറ്റോറിയത്തിലും ആലപ്പുഴ മണ്ഡലത്തിലേത് പകൽ മൂന്നിന് കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും നടക്കും. അരൂർ മണ്ഡലത്തിലെ ധനസമാഹരണ പരിപാടി 18ന്  രാവിലെ 9.30ന് പൂച്ചാക്കൽ കമ്യൂണിറ്റി ഹാളിലും 11ന് എരമല്ലൂർ എംകെ കൺവൻഷൻ സെന്ററിലും നടക്കും.  ചേർത്തല മണ്ഡലത്തിലെ യോഗം 18ന് പകൽ  മൂന്നിന് ചേർത്തല എസ്എൻഎംജിബി ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.  ചെങ്ങന്നൂർ മണ്ഡലത്തിലെ യോഗം 20ന് രാവിലെ 10ന് ഐഎച്ച്ആർഡി കോളജിലും പകൽ മൂന്നിന് മാന്നാർ പഞ്ചായത്ത് ഹാളിലും നടക്കും.   സംഭാവന നൽകുന്നവരുടെ വിവരങ്ങൾ രജിസ‌്റ്ററിൽ രേഖപ്പെടുത്തി രസീത് നൽകും. ഡിഡി/ ചെക്ക് പ്രിൻസിപ്പൽ സെക്രട്ടറി (ഫിനാൻസ്), ട്രഷറർ, സിഎംഡിആർഎഫ് തിരുവനന്തപുരം എന്ന വിലാസത്തിലും പണമായി ലഭിക്കുന്നത് പ്രിൻസിപ്പൽ സെക്രട്ടറി (ഫിനാൻസ്) പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി ബ്രാഞ്ച് തിരുവനന്തപുരം ശാഖയിൽ 67319948232 എന്ന അക്കൗണ്ട് നമ്പറിലും (കഎടഇടആകച0070028) അടയ‌്ക്കും.  കൂടാതെ ധനവകുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരം നേരിട്ട് പണമായും ആഭരണങ്ങളായും വസ‌്തുവായും സംഭാവനകൾ സ്വീകരിക്കും. ധനസമാഹരണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള മന്ത്രിമാർ രണ്ടുപേരും നേരിട്ട് ചടങ്ങുകളിൽ പങ്കെടുക്കും. സ്വീകരിക്കുന്ന തുകയെല്ലാം അക്കൗണ്ട‌് ചെയ്യാനായി പ്രത്യേക സോഫ്റ്റ്‌വെയർ തയ്യാറാക്കി.  സംഭാവന രജിസ‌്റ്ററിൽ ചേർത്ത് കഴിഞ്ഞാൽ അക‌്നോളജ്മെന്റ് രസീത‌് അപ്പോൾത്തന്നെ നൽകും. നേരിട്ട് പണം അടയ‌്ക്കേണ്ടവർക്കായി ബാങ്കുകളുടെ കൗണ്ടർ ഓരോ കേന്ദ്രത്തിലും  ക്രമീകരിക്കും. സാധാരണക്കാരിൽനിന്ന് പിരിവ് ഉദ്ദേശിക്കുന്നില്ല. ജില്ലാ പഞ്ചായത്ത് തങ്ങളുടെ തനത് ഫണ്ടിൽനിന്ന് ഒരുകോടി രൂപ നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്.  ആലപ്പുഴ, കായംകുളം നഗരസഭാധ്യക്ഷൻമാർ ഒരുകോടിവീതം നൽകും. മുതുകുളം ബ്ലോക്ക‌് പഞ്ചായത്തും ഒരുകോടി നൽകും. അമ്പലപ്പുഴ ബ്ലോക്ക‌് പഞ്ചായത്ത‌് 50 ലക്ഷം നൽകും. വെള്ളാപ്പള്ളി നടേശൻ ഒരുകോടി നൽകും. വലിയ വ്യാപാരികൾ, വലിയ സ്വർണക്കട ഉടമകൾ, ഹൗസ്ബോട്ടുടമകൾ,  തുണിക്കടയുടമകൾ, വലിയരീതിയിൽ കച്ചവടം ചെയ്യുന്നവർ, റിസോർട്ട് ഉടമകൾ, സമ്പന്നർ എന്നിവരെയാണ് ഇതിൽ പങ്കാളികളാക്കാൻ ഉദ്ദേശിക്കുന്നത്.  പഞ്ചായത്ത‌് ഭാരവാഹികൾ ആരും പണം പിരിക്കരുത‌്. കിട്ടിയാൽ പണം എംഎൽഎയെ ഏൽപ്പിക്കണം.  വാർത്താസമ്മേളനത്തിൽ സ്‌പെഷ്യൽ ഓഫീസർ പി വേണുഗോപാൽ, കലക‌്ടറുടെ അധികചുമതലയുള്ള ഗ്രാമവികസന കമീഷണർ എൻ പത‌്മകുമാർ എന്നിവരും സന്നിഹിതരായി.   Read on deshabhimani.com

Related News