ഓര്‍ഗാനിക് തിയറ്റര്‍ ഉദ്ഘാടനം ചെയ്തു

കളമച്ചൽ ഏലായിൽ വിത്തിറക്കി മന്ത്രിമാരായ എ കെ ബാലനും വി എസ് സുനിൽകുമാറും ഓർഗാനിക് തിയറ്റർ ഉദ്ഘാടനം ചെയ്യുന്നു. എ സമ്പത്ത്‌ എംപി, ഡി കെ മുരളി എംഎൽഎ, പഞ്ചായത്ത് പ്രസി‍ഡന്റ് കെ ദേവദാസ് എന്നിവർ സമീപം


വെഞ്ഞാറമൂട് കർഷകനേയും കലാകാരനേയും കൃഷിയേയും നാടകത്തേയും കോർത്തിണക്കി ഒരു പുതിയ കാർഷിക സാംസ്കാരിക പദ്ധതിയ്ക്ക്  വാമനപുരം കളമച്ചലിൽ  തുടക്കമായി. ഭാരത് ഭവന്റെ നേതൃത്വത്തിൽ ‘ഓർഗാനിക് തിയറ്റർ’ എന്ന പേരിൽ ഇന്ത്യയുടെ കാർഷിക  സാംസ്കാരത്തിന് മാതൃകയാകുന്ന പദ്ധതി കളമച്ചൽ ഏലായിൽ വിത്തിറക്കി മന്ത്രിമാരായ എ കെ ബാലനും വി എസ് സുനിൽകുമാറും  ഉദ്ഘടാനം ചെയ്തു. ഡി കെ മുരളി എംഎൽഎ അധ്യക്ഷനായി. എ സമ്പത്ത് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, ഭാരത‌്‌ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, അലിയോൺസ് ഫ്രോൺസിയോസ് ഡയറക്ടർ ഫ്രോൻസ്വ ഗ്രോഷോൻ, ഗീതജോൺ, കെ മീരാൻ, കെ പി.ചന്ദ്രൻ, എസ് എം റാസി, കെ ഷീലകുമാരി, ബി സന്ധ്യ, എസ് കെ ലെനിൽ, വി ദീപു, എ എം റൈസ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസി‍ഡന്റ് കെ ദേവദാസ് സ്വാഗതവും വിവ കൾച്ചറൽ ഓർഗനൈസേഷൻ സെക്രട്ടറി എസ് എൻ സുധീർ നന്ദിയും പറഞ്ഞു.  കേരളത്തിന്റെ ജൈവ കാർഷിക സംസ്കൃതിയെ തിരികെയെത്തിച്ച് ഗ്രാമീണ നാടകവേദിയുടെ പുതുസന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന ഈ സംരഭമാണ് വിവ കൾച്ചറൽ ഓർഗനൈസേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്നത്.    Read on deshabhimani.com

Related News