ജില്ല നിശ്ചലം

ഹർത്താലിൽ വിജനമായ ആലപ്പുഴ ബസ്‌സ്‌റ്റാൻഡ്‌


  ആലപ്പുഴ ഇന്ധനവില വർധന തടയാൻ നടപടിയെടുക്കാതെ ജനജീവിതം ദുസഹമാക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച‌് എൽഡിഎഫ‌് ആഹ്വാനംചെയ‌്ത ഹർത്താലിന‌് ജില്ലയുടെ ഐക്യദാർഢ്യം. വേറിട്ട പ്രതിഷേധങ്ങളുമായി ജില്ലയിലെ ജനങ്ങളാകെ പ്രതിഷേധത്തിൽ പങ്കാളികളായി.  സ്വകാര്യസ്ഥാപനങ്ങളും കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. തൊഴിലാളി സംഘടനകളും ഹോട്ടൽ, സ്വകാര്യ ബസ‌് ഉടമകളും വ്യാപാരി സംഘടനകളും ഹർത്താലിന‌് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.  സ്വകാര്യവാഹനങ്ങൾ മാത്രമാണ‌് നിരത്തിലിറങ്ങിയത‌്.  ദുരിതാശ്വാസപ്രവർത്തനങ്ങൾക്കുള്ള വാഹനങ്ങളും മുടക്കമില്ലാതെ സർവീസ‌് നടത്തി. കുട്ടനാട്ടിലേക്ക‌് രാവിലെ ജലഗതാഗതവകുപ്പ‌് ബോട്ട‌് സർവീസ‌് നടത്തിയെങ്കിലും യാത്രക്കാരില്ലാത്തതിനാൽ ഇടയ‌്‌ക്ക‌്  നിർത്തി. പിന്നീട‌് വൈകിട്ടോടെ പുനരാരംഭിച്ചു. ശുചീകരണത്തിനും മറ്റുമായി എത്തിയവർ ജലഗതാഗതവകുപ്പിന്റെ ബോട്ടുകളിലും മറ്റു വാഹനങ്ങളിലുമായി കുട്ടനാട്ടിലെത്തി. ആലപ്പുഴ പട്ടണത്തിൽ പൊലീസ‌് സൗജന്യയാത്രക്ക‌് വാഹനം ഏർപ്പെടുത്തിയിരുന്നെങ്കിലും യാത്രക്കാർ കുറവായിരുന്നു.  എൽഡിഎഫ‌് നേത‌ൃത്വത്തിൽ പഞ്ചായത്ത‌്, മുനിസിപ്പൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കേന്ദ്രസർക്കാരിനെതിരെ മുദ്രാവാക്യങ്ങളുമായി നൂറു കണക്കിനു പേർ പ്രകടനങ്ങളിൽ അണിനിരന്നു. ആലപ്പുഴ ടൗണിൽ എൽഡിഎഫ‌് ജില്ലാ കൺവീനർ ആർ നാസർ പ്രകടനത്തിന‌് നേത‌ൃത്വം നൽകി. ടൗൺചുറ്റിയ പ്രകടനം നഗരചത്വരത്തിനു സമീപം സമാപിച്ചു. സ‌്പീഡ‌് സ‌്കേറ്റേഴ‌്സ‌് ക്ലബ്ബിന്റെ നേത‌ൃത്വത്തിൽ കുട്ടികൾ പട്ടണത്തിൽ റോളർ സ‌്കേറ്റിങ‌് നടത്തി പ്രതിഷേധത്തിൽ പങ്കാളികളായി.  കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായ ഹർത്താൽ വിജയിപ്പിച്ച ജില്ലയിലെ മുഴുവൻ ജനങ്ങളെയും എൽഡിഎഫ‌് ജില്ലാ കൺവീനർ ആർ നാസർ അഭിവാദ്യംചെയ‌്തു.  ഭാരത‌് ബന്ദിന്റെ ഭാഗമായി ഹർത്താൽ ആചരിച്ച യുഡിഎഫും പ്രകടനങ്ങൾ നടത്തി. കേരള കോൺഗ്രസ‌് ബി ജില്ലാ കമ്മിറ്റി നേത‌ൃത്വത്തിൽ ആലപ്പുഴയിൽ പ്രകടനവും യോഗവും നടത്തി. എസ‌്‌യുസിഐ പ്രവർത്തകരും പ്രകടനവും യോഗവും നടത്തി. Read on deshabhimani.com

Related News