മാവേലിക്കരയിൽ 7 കോടിയുടെ കൃഷിനഷ‌്ടം

പ്രളയത്തില്‍ നശിച്ച തഴക്കര വെട്ടിയാര്‍ മേഖലയിലെ ഏത്തവാഴകൃഷിത്തോട്ടം


  മാവേലിക്കര ജൂലൈ, ആഗസ‌്ത‌് മാസങ്ങളിലുണ്ടായ പ്രളയക്കെടുതികളില്‍ മാവേലിക്കര താലൂക്കിലെ 10 പഞ്ചായത്തിലും മാവേലിക്കര നഗരസഭയിലുമായി ഏഴ‌് കോടിയോളം രൂപയുടെ ക‌ൃഷിനാശമുണ്ടായതായി പ്രാഥമിക റിപ്പോര്‍ട്ട്. ചരിത്രത്തിലാദ്യമായാണ് മാവേലിക്കരയില്‍ ഇത്രയേറെ ക‌ൃഷിനാശമുണ്ടാകുന്നത്.  ഓണാട്ടുകരയുടെ കാര്‍ഷികമേഖലയുടെ നട്ടെല്ലൊടിച്ച ആഗസ‌്തിലെ പ്രളയത്തില്‍ നൂറനാട് പഞ്ചായത്തിലാണ് ഏറ്റവുമധികം ക‌ൃഷിനാശം റിപ്പോര്‍ട്ട‌് ചെയ‌്തിട്ടുള്ളത്. 80 ലക്ഷം രൂപയുടെ നഷ‌്ടമാണ് ഇവിടെ മാത്രമുണ്ടായത്.  പാലമേല്‍ ചുനക്കര പഞ്ചായത്തുകളില്‍ 60 ലക്ഷം, വള്ളികുന്നം 50 ലക്ഷം, താമരക്കുളം 45 ലക്ഷം, ചെന്നിത്തല‐ത‌ൃപ്പെരുന്തുറ 40.28 ലക്ഷം, തഴക്കര 28.04 ലക്ഷം, ഭരണിക്കാവ‌് 25 ലക്ഷം, തെക്കേക്കര 21.18 ലക്ഷം, ചെട്ടികുളങ്ങര 18.42 ലക്ഷം, മാവേലിക്കര നഗരസഭ 9.08 ലക്ഷം എന്നിങ്ങനെയാണ‌് ക‌ൃഷിനാശം.  ജൂലൈയിലെ പ്രളയത്തിലുണ്ടായ 2.46 കോടിയുടെ നഷ‌്ടത്തിന്റെ കണക്കിന‌് പുറമേയുള്ളതാണിത്. അയ്യായിരത്തോളം ഏക്കറിലെ ക‌ൃഷിയാണ് പ്രളയം കൊണ്ടുപോയത്. നഷ‌്ടത്തിന്റെ കണക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അപേക്ഷകള്‍ ലഭിക്കുന്ന മുറയ‌്ക്ക് ജില്ലാ പ്രിന്‍സിപ്പല്‍ ക‌ൃഷി ഓഫീസര്‍ക്ക് സ‌്റ്റേറ്റ്‌മെന്റുകള്‍ നല്‍കുന്നുണ്ടെന്നും ക‌ൃഷിവകുപ്പ് അധിക‌ൃതര്‍ പറഞ്ഞു. പച്ചക്കറിക‌ൃഷിയിലാണ് ഏറെ നഷ‌്ടമുണ്ടായത്.   വിളവെടുപ്പിന് തയാറായ ഏക്കര്‍ കണക്കിന് പച്ചക്കറികളും വാഴക്കൃഷികളും നശിച്ചു. കൂടാതെ റബര്‍, തെങ്ങ്, വെറ്റില, കപ്പ, ചേന, ചേമ്പ് ക‌ൃഷികളും വ്യാപകമായി നശിച്ചിട്ടുണ്ട്. മേഖലയില്‍ നെല്‍ക‌ൃഷി താരതമ്യേന കുറവായിരുന്നെങ്കിലും ഉണ്ടായിരുന്നത് മുഴുവന്‍ വെള്ളത്തിലായി.  തഴക്കര ജില്ലാ ക‌ൃഷിത്തോട്ടത്തില്‍ ഒരുലക്ഷത്തിലേറെ രൂപയുടെ കാര്‍ഷികനാശമുണ്ടായതായി ജില്ലാ ക‌ൃഷിത്തോട്ടം അധിക‌ൃതര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷത്തേതിന്റെ പകുതി പച്ചക്കറി മാത്രമേ ഈ വര്‍ഷം ഓണക്കാലത്ത് വിപണിയിലെത്തിക്കാന്‍ ജില്ലാ ക‌ൃഷിത്തോട്ടത്തിനായുള്ളൂ. Read on deshabhimani.com

Related News