പഠനോപകരണങ്ങൾ ലഭ്യമാക്കി അധ്യാപക കൂട്ടായ‌്മ  ആലപ്പുഴ  പ്രളയത്തിൽ തകർന്നടിഞ്ഞ കുട്ടനാട്ടിലെ വിദ്യാർഥികൾക്കാവശ്യമായ പുസ‌്തകങ്ങളും ബാഗും ഉൾപ്പെടെയുള്ള എല്ലാം ഓരോ സ്‌കൂളിലും എത്തിച്ചുനൽകി അധ്യപകരുടെ കൂട്ടായ‌്മ. കമ്പാഷനേറ്റ് കുട്ടനാട് എന്ന അധ്യാപകരുടെ വാട്‌സാപ്പ് കൂട്ടായ‌്മയിലാണ‌് പുസ‌്തകങ്ങളും ബാഗുകളും നൽകുന്നത‌്.  ആയിരത്തോളം കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം കിട്ടിയത്. പഠനോപകരണങ്ങളുടെ വിതരണം തുടരും.  ‘‘ഈ ബാഗും ഇതിലുള്ള പഠനോപകരണങ്ങളും നിങ്ങളിലേക്കെത്തിക്കുക എന്നത് ഞങ്ങളുടെ കടമയാണ്. എന്നാൽ ഇതു വാങ്ങുന്ന നിങ്ങളോരോരുത്തരും  ഈ കടം വീട്ടേണ്ടത് ഞങ്ങളോടല്ല, ഇനി വരുന്ന തലമുറകളോടാണ്.  ഇനിയെന്നെങ്കിലുമൊരിക്കൽ ഏതെങ്കിലുമൊരവസരത്തിൽ, പ്രായലിംഗജാതിമതരാഷ‌്ട്രീയഭേദമില്ലാതെ സഹായം ആവശ്യമായി വരുന്ന ഏതൊരാൾക്കു വേണ്ടിയും, നിങ്ങൾ ഇതുപോലെ കടമ നിറവേറ്റുമ്പോഴാണ് ഈ കടം വീടാൻ പോകുന്നത്. ഓർക്കുക സമൂഹം എന്നത് നമ്മളോരോരുത്തരും ചേരുന്നതാണ്’’ ഈ സന്ദേശമാണ‌് കമ്പാഷനേറ്റ് കുട്ടനാട‌് വിദ്യാർഥികളോട‌് പങ്കുവയ‌്ക്കുന്നത‌്. അടിസ്ഥാന വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണ‌്. പഠിക്കേണ്ടത് നിങ്ങൾ കുട്ടികളുടെ കടമയാകുമ്പോൾ പഠിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടത് മാതാപിതാക്കളും അധ്യാപകരും മാത്രമല്ല സമൂഹം മൊത്തത്തിലാണ്. ആ കടമയാണ് പ്രളയത്തിൽ പുസ‌്തകങ്ങളും മറ്റു പഠനോപകരണങ്ങളും നഷ‌്ടപ്പെട്ട നിങ്ങൾക്ക് ഇതെത്തിക്കുന്നതിലൂടെ ഞങ്ങൾ നിറവേറ്റുന്നതെന്നും  സന്ദേശത്തിൽ പറയുന്നു. ഒരു കുട്ടിക്കു നൽകുന്ന കിറ്റിൽ 10 ബുക്ക‌്, ഒരു ജ്യോമട്രി ബോക്‌സ്, മൂന്നുവീതം പേനയും പെൻസിലും ഒരു കട്ടർ, റബർ എന്നിവയും ഒരു സ്‌കൂൾ ബാഗുമാണുള്ളത്.  ഒമ്പതിലും 10ലും പഠിക്കുന്ന 960 വിദ്യാർഥികൾക്കാണ് പഠനോപകരണം നൽകിയത്. വീണ്ടും പലയിടത്തുനിന്നും ആവശ്യം ഉയരുന്ന സാഹചര്യത്തിൽ അതിനും വഴിതേടുകയാണ് കമ്പാഷനേറ്റ് കുട്ടനാട്. Read on deshabhimani.com

Related News