സംഘപരിവാര്‍ വിരുദ്ധത കാപട്യം കുറ്റിക്കോലില്‍ കോണ്‍ഗ്രസ്‐ ബിജെപി ഭായി ഭായികാസര്‍കോട് സംഘപരിവാറിനെതിരെയെന്ന് പറയുമ്പോഴും പഞ്ചായത്ത് ഭരണത്തില്‍ ബിജെപിയുമായി സഖ്യം തുടര്‍ന്ന് കോണ്‍ഗ്രസ്. കുറ്റിക്കോല്‍ പഞ്ചായത്തിലാണ് കോണ്‍ഗ്രസ്‐ബിജെപി സഖ്യം രണ്ടുവര്‍ഷം പിന്നിടുന്നത്. കോണ്‍ഗ്രസ് വിമതനായി മത്സരിക്കുകയും ജയിച്ചശേഷം കോണ്‍ഗ്രസുമായി സഹകരിക്കുകയുംചെയ്ത സ്വതന്ത്ര അംഗം സുനീഷ് ജോസഫിനെ രാജിവെപ്പിക്കുന്നതിലേക്കും ഈ സഖ്യം എത്തിനില്‍ക്കുന്നു. എന്നിട്ടും കോണ്‍ഗ്രസ് അംഗങ്ങളായി ജയിച്ചുവന്നവര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടിയെടുക്കാനും നേതൃത്വം തയ്യാറയില്ല.  16 അംഗങ്ങളുള്ള കുറ്റിക്കോല്‍ പഞ്ചായത്ത് ഭരണസമിതിയില്‍ യുഡിഎഫിന് ആര്‍എസ്പിയുടെ ഒരാള്‍ ഉള്‍പെടെ അഞ്ച് അംഗങ്ങളാണുള്ളത്. ബിജെപിക്ക് മൂന്ന് അംഗങ്ങള്‍. എട്ടാം വാര്‍ഡില്‍ നിന്ന് ജയിച്ച സ്വതന്ത്രാംഗം സുനീഷും കോണ്‍ഗ്രസുമായി സഹകരിച്ചു. എല്‍ഡിഎഫിന് ഏഴുപേരുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍  എല്‍ഡിഎഫും യുഡിഎഫും ബിജെപിയും പ്രത്യേകം സ്ഥാനാര്‍ഥികളെ നിര്‍ത്തി. ഏഴുപേരുടെ ബലത്തില്‍ സിപിഐ എമ്മിലെ എന്‍ ടി ലക്ഷ്മി പ്രസിഡന്റായി. അതേദിവസം ഉച്ചക്കുശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ്  ബിജെപി ബന്ധം പുറത്തുവന്നത്. സിപിഐ എമ്മിലെ കെ എന്‍ രാജനും ബിജെപിയിലെ പി ദാമോദരനും കോണ്‍ഗ്രസിലെ  ജോസ് പാറത്തൊട്ടിയിലുമായിരുന്നു സ്ഥാനാര്‍ഥികള്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പിലേതുപോലെ സിപിഐ എം സ്ഥാനാര്‍ഥി ജയിക്കും എന്നായപ്പോള്‍ അവിശുദ്ധ സഖ്യത്തിന് കോണ്‍ഗ്രസ് ബിജെപിയുമായി ധാരണയുണ്ടാക്കി. സ്ഥാനാര്‍ഥിയുടേതുള്‍പെടെ മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളുടെയും വോട്ട് ബിജെപിക്ക് നല്‍കി. ബിജെപിയിലെ പി ദാമോദരന്‍ വൈസ് പ്രസിഡന്റായി.  സംഭവം വിവാദമായപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങളെ പാര്‍ടിയില്‍നിന്ന് പുറത്താക്കിയതായി കെപിസിസി വാര്‍ത്താകുറിപ്പിറക്കി.  പുറമേയുള്ള ഈ നടപടിയില്‍ ഒതുക്കി ബിജെപിയോടുള്ള കൂറ് കോണ്‍ഗ്രസ് നിലനിര്‍ത്തി. ജനപ്രാതിനിധ്യ നിയമമനുസരിച്ച് പാര്‍ടിയുടെ നിര്‍ദേശം ലംഘിച്ച് വോട്ടുചെയ്ത അംഗങ്ങളെ അയോഗ്യരാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കാന്‍ ഡിസിസി തയ്യാറായില്ല. ഒരുവര്‍ഷത്തിനുശേഷം എല്‍ഡിഎഫിലെ പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് അവിശ്വാസം കൊണ്ടുവന്നു. അവിടെയും അവിശുദ്ധ സഖ്യം തുടര്‍ന്നു. അവിശ്വാസം പാസാവുകയും പിന്നീട് അവിശുദ്ധ സഖ്യത്തിലെ കോണ്‍ഗ്രസ് അംഗം പി ജെ ലിസി പ്രസിഡന്റാവുകയുംചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന സുനീഷ് ജോസഫിനെ രാജിവെപ്പിച്ച് അതും ബിജെപിക്ക് നല്‍കി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണായ സമീറ കാദറിനെ രാജിവെപ്പിക്കാനായിരുന്നു നീക്കം. അവര്‍ എതിര്‍ത്തതോടെ അത് പൊളിഞ്ഞു. പകരം സുനീഷിനെ രാജിവെപ്പിച്ചു. ബിജെപി ബന്ധത്തിനെതിരായ നിലപാടെടുത്തതാണ് സുനീഷിനെ ഒഴിവാക്കാന്‍ ബിജെപി കോണ്‍ഗ്രസ് നേതൃത്വം ശ്രമം തുടങ്ങിയത്. അതിന്റെ ഭാഗമായാണ് നിര്‍ബന്ധിപ്പിച്ചും ഭീഷണിപ്പെടുത്തിയും രാജിക്കത്തില്‍ ഒപ്പിടുവിപ്പിച്ചത്.     Read on deshabhimani.com

Related News