മനീഷ ഡോക്ടറാകും; നാടിന്റെ നന്മയിൽ

മ-നീ-ഷ-യു-ടെ പഠ-നച്ചെ-ല-വി-ന് സി-പിഐ എം സ-മാ-ഹ-രി-ച്ച തു-ക കു-ണ്ട-റ ഏരി-യ സെ-ക്രട്ട-റി എ-സ്- എൽ സ-ജി-കു-മാർ കൈമാറുന്നു


കൊല്ലം ഭാഗ്യം കൈവിടാത്ത മനീഷയുടെ ഡോക്ടറാകാനുള്ള മോഹത്തിന് കൂട്ടായി നാടിന്റെ നന്മയും ഒപ്പമുണ്ട്. ഇടവട്ടം ചുഴുവൻചിറ  ഗ്രാമത്തിന്റെ ഹൃദയാഭിവാദ്യം ഏറ്റുവാങ്ങിയാണ് മനീഷ ഡോക്ടർ പഠനത്തിന് കർണാടകയിലേക്ക് ട്രെയിൻ കയറിയത്. ഇടവട്ടം പുന്നവിളവീട്ടിൽ മധുവിന്റെയും ഉഷയുടെയും മകൾ മനീഷയ്ക്ക് കാഷ്യൂ കോർപറേഷന്റെ നിയമപോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതി വിധിയിലൂടെ ഇഎസ്ഐ ക്വാട്ടയിൽ കർണാടക ഗുൽബർഗ ഇഎസ്ഐ മെഡിക്കൽകോളേജിൽ പ്രവേശനം ലഭിച്ചത്. നീറ്റ് പ്രവേശന പരീക്ഷയിൽ 37282‐ാം റാങ്കോടെയാണ് പട്ടികജാതി സംവരണ ക്വാട്ടയിൽ എംബിബിഎസ് പ്രവേശനം നേടിയെടുത്തത്. പഠനച്ചെലവിനും തുടർ പഠനത്തിനും സഹായമൊരുക്കാൻ സിപിഐ എമ്മും ഡിവൈഎഫ്്ഐ പ്രവർത്തകരും രംഗത്തുവന്നതോടെ മനീഷയുടെ ഡോക്ടറാകാനുള്ള സ്വപ്നത്തിന് കൂടുതൽ കരുത്ത് ലഭിച്ചു.  കരിക്കോട് ടികെഎം ആർട്സ് കോളേജിലെ രണ്ടാംവർഷ ബിരുദ പഠനത്തിനിടെയാണ് എംബിബിഎസ് പ്രവേശനം ലഭിച്ചെന്ന വാർത്ത നിർധന കുടുംബത്തെ തേടിയെത്തിയത്. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ അഡ്മിഷൻ എടുക്കണമെന്ന് അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് കുടുംബസമേതം തിരുവോണദിനത്തിൽ കർണാടകയിലെത്തി മെഡിക്കൽകോളേജിലെ പ്രവേശന നടപടികൾ പൂർത്തിയാക്കി . തിങ്കളാഴ്ച ക്ലാസിൽ പ്രവേശിക്കാൻ ശനിയാഴ്ച വൈകിട്ട്‌ കോളേജിലേക്ക് യാത്രതിരിച്ചു. ചന്ദനത്തോപ്പിലെ സ്വകാര്യ കശുവണ്ടി ഫാക്ടറി തൊഴിലാളിയായ ഉഷയ്ക്ക് വേണ്ടത്ര ഹാജരില്ലെന്ന് ആരോപിച്ച് പ്രവേശന പരീക്ഷയിൽ ഇടം നേടിയ മകൾ മനീഷയ്ക്ക് ആദ്യഘട്ടത്തിൽ അഡ്മിഷൻ നിഷേധിച്ചിരുന്നു. രണ്ടാംതവണ കാഷ്യൂകോർപറേഷന്റെ നിയമപോരാട്ടത്തിന്റെ സഹായത്തിലാണ് ഇഎസ‌്ഐ ക്വാട്ടയിൽ പട്ടികജാതി സംവരണ വിഭാഗത്തിൽ പ്രവേശനം ഉറപ്പിച്ചത്.   പെയിന്റിങ് തൊഴിലാളിയായ മധുവിന് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽനിന്നാണ് ഇളയമകൾ മനീഷയുടെ പഠനത്തിന് പണം കണ്ടെത്തുന്നത്. വിദ്യാർഥിയായ മൂത്തമകൻ മനേഷും രോഗിയായ അമ്മ തങ്കമ്മയും അടങ്ങുന്നതാണ് മധുവിന്റെ കുടുംബം. മനീഷയുടെ പഠനച്ചെലവിന് സിപിഐ എം സമാഹരിച്ച തുക കുണ്ടറ ഏരിയ സെക്രട്ടറി എസ് എൽ സജികുമാർ വീട്ടിലെത്തി കൈമാറി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സന്തോഷ്, പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് എൽ അനിൽ, പഞ്ചായത്ത‌്അംഗം കുമാരി ജയ, സിപിഐ എം പെരിനാട് വെസ്റ്റ് ലോക്കൽ സെക്രട്ടറി വി മനോജ്, വെൽഫെയർ ബ്രാഞ്ച് സെക്രട്ടറി നൗഷാദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. Read on deshabhimani.com

Related News