സാഹിത്യ അക്കാദമി പുസ്തകോത്സവം തുടങ്ങിതലശേരി  വായനയുടെ വസന്തമൊരുക്കി സാഹിത്യ അക്കാദമി പുസ്തകോത്സവം തലശേരിയിൽ ആരംഭിച്ചു. ശാരദാകൃഷ്ണയ്യർ ഹാളിൽ പത്ത്ദിവസം നീളുന്ന പുസ്തകോത്സവം കഥാകാരൻ ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സാഹിത്യഅക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനൻ അധ്യക്ഷനായി. മലയാളത്തിലെ പതിനായിരത്തോളം പ്രധാന പുസ്തകങ്ങൾ സാഹിത്യ അക്കാദമി ഡിജിറ്റിലൈസ് ചെയ്ത് സൈബർ ലോകത്ത് അപ്ലോഡ് ചെയ്യുമെന്ന് ഡോ. കെ പി മോഹനൻ പറഞ്ഞു.  ലോകത്ത് എവിടെയിരുന്നും മലയാള പുസ്തകങ്ങൾ വായിക്കാൻ ഇതിലൂടെ സാധിക്കും. മുഖ്യധാര പ്രസാധകർ ഏറ്റെടുക്കാൻ സാധ്യതയില്ലാത്ത നിരവധി പുസ്തകങ്ങൾ അക്കാദമി ഏറ്റെടുത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും കേരളത്തിൽ അക്കാദമി പുസ്തകങ്ങൾക്ക് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരി വി വി രുഗ്മിണി, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് നാരായണൻ കാവുമ്പായി, പ്രൊഫ. എ പി സുബൈർ, അഡ്വ. കെ കെ രമേഷ്, ടി എം ദിനേശൻ, സജിത്ത് നാലാംമൈൽ എന്നിവർ സംസാരിച്ചു. ആകർഷകമായ വിലക്കുറവിൽ അക്കാദമിയുടെ പുസ്തകങ്ങൾ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് പുസ്തകോത്സവത്തിലൂടെ തലശേരിയിലെ വായനക്കാർക്ക് ലഭിക്കുന്നത്.   Read on deshabhimani.com

Related News