നീലവസന്തത്തെ വരവേൽക്കാൻ രാജമല ഒരുങ്ങി

മൂന്നാർ രാജമലയിൽ കഴിഞ്ഞതവണ പൂവിട്ട നീലക്കുറിഞ്ഞി


ഇടുക്കി പ്രകൃതി ഹരിതാഭയ്ക്ക് നീലച്ചാർത്തണിയിക്കുന്ന വ്യാഴവട്ട കാഴ്ചപ്പൂരത്തെ വരവേൽക്കാൻ തയ്യാറെടുത്ത് മൂന്നാർ രാജമല. ആനമുടി താഴ‌്‌വാരത്ത‌് 12 വർഷത്തിലൊരിക്കൽ നീലപ്പട്ടുവിരിക്കുന്ന കുറിഞ്ഞി വസന്തമെന്ന അത്യപൂർവ വർണക്കാഴ്‌ച ആസ്വദിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സർക്കാരും ജില്ലാ ഭരണകേന്ദ്രവും ഒരുക്കുന്നത്‌. ഇരവികുളം മേഖലയിൽ 2006 ജൂലൈയിലാണ് നീലക്കുറിഞ്ഞി കാഴ്ചയുടെ വിരുന്നൊരുക്കിയത്. ലോകത്ത്‌ പശ്ചിമഘട്ട മലനിരകളിലാണിത്‌ സമൃദ്ധമായി വിരിയുന്നത്‌. ഊട്ടി, കൊടൈക്കനാൽ കഴിഞ്ഞാൽ ഏറ്റവുമധികം പൂവിടുന്നത്‌ മൂന്നാർ ആനമുടി ഭാഗങ്ങളിൽ. ലോകത്താകെ 46 തരം കുറിഞ്ഞി ഉണ്ടെങ്കിലും 22 ഇനം ഈ മേഖലയിലുണ്ട്‌. ‘സ്‌ട്രോബിലാന്തസ്‌ കുന്തിയാന’ ശാസ്‌ത്രനാമത്തിലുള്ള നീലക്കുറിഞ്ഞിയാണ്‌ ഇവിടെ കൂടുതലുള്ളത്‌. ഇത്തവണ കാലാവസ്ഥയിലുണ്ടായ ചെറിയ മാറ്റം മൂലം ആഗസ്‌തിനുശേഷം മാത്രമേ പൂവിടുകയുള്ളുവെന്നാണ് കരുതുന്നത്. ഈ മഴക്കാലത്തിനിടക്ക് മൊട്ടിടുമെന്ന് കരുതുന്നു. കഴിഞ്ഞതവണ അഞ്ച്‌ ലക്ഷം പേരാണ് കാണാനെത്തിയത്. ഇത്തവണ 10 ലക്ഷത്തിലധികം പേരെയാണ‌് പ്രതീക്ഷിക്കുന്നത‌്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗം ചേർന്ന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമെടുത്തു. രാജമലയ്ക്കു പുറമെ വട്ടവട, കൊട്ടക്കമ്പൂർ മേഖലയിലും കുറിഞ്ഞി പൂവിടുന്നുണ്ട്. വൻ തിരക്ക് നിയന്ത്രിക്കാൻ ഫലപ്രദമായ ട്രാഫിക് സംവിധാനം ഏർപ്പെടുത്തും. പഠനത്തിന് പ്രത്യേക ഏജൻസിയെ ഡിടിപിസി ചുമതലപ്പെടുത്തി. സൗകര്യപ്രദമായ ടിക്കറ്റ് വിതരണവും ഉണ്ടാവും. 75 ശതമാനം ഓൺലൈനായും 25 ശതമാനം പ്രത്യേക കൗണ്ടർ വഴിയും ടിക്കറ്റ്‌ വിതരണംചെയ്യും. മൂന്നാർ കെഎസ്ആർടിസി സ്റ്റാൻഡിനുസമീപം കൗണ്ടർ ഒരുക്കും. തിരക്ക് ഒഴിവാക്കാൻ പാർക്കിങ് ക്രമീകരിക്കും. ഒരു ദിവസം 4000 പേർക്ക് മാത്രമായി ടിക്കറ്റ് പരിമിതപ്പെടുത്തും. മുൻകൂട്ടി ടിക്കറ്റെടുത്ത് വരാനും സൗകര്യം ഉണ്ട്. സുഗമമായ പ്രവർത്തനങ്ങൾക്ക് ടൂറിസം, ഡിടിപിസി, റവന്യൂ, വനം, പൊലീസ് തുടങ്ങിയ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കും. മൂന്നാർ ടൗണിൽനിന്ന്‌ ഒന്നിടവിട്ട്‌ കെഎസ്‌ആർടിസി സർവീസ്‌ നടത്തും. Read on deshabhimani.com

Related News