തത്സമയ കൗൺസലിങ് : ഒഴിവുള്ള 66 എംബിബിഎസ‌് സീറ്റും നികത്തിസ്വന്തം ലേഖകൻ സംസ്ഥാന പ്രവേശന കമീഷണർ ശനിയാഴ‌്ച പുനരാരംഭിച്ച‌ തത്സമയ കൗൺസലിങ്ങിൽ നിലവിൽ  വിവിധ കോളേജുകളിൽ ഒഴിവുണ്ടായിരുന്ന 66 സ്വാശ്രയ എംബിബിഎസ‌് സീറ്റും നികത്തി. സർക്കാർ കോളേജുകളിൽ ഒഴിവുള്ള 10 ദന്തൽ സീറ്റുകളിലും പ്രവേശന നടപടി പൂർത്തിയാക്കി. സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള 590 ദന്തൽ സീറ്റിൽ നൂറോളം സീറ്റും രാത്രിവരെ നീണ്ട ആദ്യദിന കൗൺസലിങ്ങിൽ നികത്തി. ബാക്കി സീറ്റുകളിൽ പ്രവേശനത്തിന‌് ഞായറാഴ‌്ച കൗൺസലിങ് തുടരും.  കീം റാങ്ക‌് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക‌് പങ്കെടുക്കാം. കീം റാങ്ക‌് ലിസ്റ്റിൽ ഉൾപ്പെടാത്ത നീറ്റ‌് റാങ്ക‌് ലിസ്റ്റിലുള്ളവർക്ക‌്  ഞായറാഴ‌്ച പകൽ രണ്ട‌ുമുതൽ പങ്കെടുക്കാം.  സുപ്രീംകോടതി സ‌്റ്റേ ഉത്തരവിന്റെ പശ്ചാത്തലത്തിൽ അൽ അസ്ഹർ തൊടുപുഴ, വയനാട് ‍ഡിഎം, പി കെ ദാസ‌് പാലക്കാട‌്, വർക്കല എസ്ആർ എന്നീ കോളേജുകളിലെ 550 എംബിബിഎസ‌് സീറ്റ‌് ഒഴിവാക്കിയാണ‌് കൗൺസലിങ് പുനരാരംഭിച്ചത‌്. ഇവിടങ്ങളിൽ പ്രവേശനം നേടിയവർക്ക‌് സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ‌് എതിരായാൽ പഴയ കോഴ‌്സുകളിലേക്ക‌് മടങ്ങിപ്പോകാൻ അവസരം ഉണ്ടാകുമെന്ന‌് പ്രവേശന പരീക്ഷാ കമീഷണർ പി കെ സുധീർബാബു അറിയിച്ചു. പുനഃക്രമീകരിച്ച മോപ‌് അപ‌് കൗൺസലിങ്ങിന്റെ വിജ്ഞാപനത്തിലും  ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട‌്. ശനിയാഴ‌്ച കൗൺസലിങ്‌ പുനരാരംഭിച്ചപ്പോൾ നാല‌് കോളേജിൽ പ്രവേശനം ലഭിച്ച ഉയർന്ന റാങ്കുകാർ മറ്റു കോളേജുകളിൽ നൽകിയിരുന്ന ഓപ‌്ഷനുകളുടെ പിൻബലത്തിൽ ആ ഒഴിവുകളിൽ പ്രവേശനം നേടി. എന്നാൽ, ആ സീറ്റുകളിൽ കഴിഞ്ഞ ദിവസം പ്രവേശനം നേടുകയും മറ്റ‌് ഓപ‌്ഷനുകൾ ഇല്ലാതിരിക്കുകയും ചെയ‌്ത താഴ‌്ന്ന  റാങ്കുകാരിൽ ചിലർ പുറത്തായി.  സുപ്രീംകോടതി അന്തിമ ഉത്തരവും പ്രവേശനസമയവും ലഭിച്ചാൽ 12ന‌ുശേഷം മോപ‌് കൗൺസലിങ് വീണ്ടും ഉണ്ടാകും. 10നകം പ്രവേശന നടപടി പൂർത്തിയാക്കണം. Read on deshabhimani.com

Related News