മഴക്കെടുതി : സഹായം അഭ്യര്‍ഥിച്ച് താരങ്ങള്‍

മമ്മൂട്ടി തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയപ്പോൾ


തിരുവനന്തപുരം കേരളത്തെ ദുരിതത്തിലാഴ്ത്തിയ മഴക്കെടുതി നേരിടാൻ പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ച് ചലച്ചിത്രതാരങ്ങൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്ന‌് അക്കൗണ്ട‌് നമ്പർ സഹിതം പങ്കുവച്ച‌് ആവശ്യപ്പെട്ടിട്ടുണ്ട്. മമ്മൂട്ടിയും മോഹൻലാലുമടക്കം നിരവധി താരങ്ങളാണ് ഫെയ‌്സ്ബുക്കിലൂടെ അഭ്യർഥന നടത്തിയത്. 350 കുടുംബം കഴിയുന്ന എറണാകുളം പുത്തൻവേലിക്കര തേലത്തുരുത്തിലെ ക്യാമ്പ‌് മമ്മൂട്ടി സന്ദർശിച്ചു. ദുരന്തം ഒന്നായി നേരിടാമെന്നാണ് മോഹൻലാൽ ഫെയ‌്സ്ബുക്കിൽ കുറിച്ചത്. വിവിധയിടങ്ങളിലെ ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ചിത്രങ്ങളും കണ്ണൂരിലെ ടെറിട്ടോറിയൽ ആർമിയുടെ പ്രവർത്തനചിത്രങ്ങളും ലാൽ പങ്കുവച്ചു. തമിഴിലെ സൂപ്പർതാരങ്ങളായ സൂര്യയും സഹോദരൻ കാർത്തിയും 25 ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ആർത്തലച്ചുവരുന്ന ജലത്തിനുമുന്നിൽ നമുക്ക് കൈകോർത്തു പിടിക്കാമെന്ന‌് മഞ്ജു വാര്യർ ഫെയ‌്സ്ബുക്കിൽ കുറിച്ചു. 'ഡു ഫോർ കേരള' എന്ന ഹാഷ് ടാഗോടെ എറണാകുളം കലക്ടറുടെ അഭ്യർഥന പങ്കുവച്ചാണ‌് പൃഥ്വിരാജിന്റെ അഭ്യർഥന.  കേരളത്തിനായുള്ള പ്രാർഥനയാണ് അമല പോളിന‌്. ജയറാം, ശോഭന, റിമ കല്ലിങ്കൽ, അജു വർഗീസ്,  നിവിൻ പോളി, ആഷിക് അബു, ആശ ശരത്, നവ്യ നായർ തുടങ്ങിയവരും സാമൂഹ്യമാധ്യമങ്ങളിൽ അഭ്യർഥനയുമായെത്തി. ചലച്ചിത്ര താരസംഘടന ഭാരവാഹികൾ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ദുരിതാശ്വാസനിധിയിലേക്ക് പത്തുലക്ഷം രൂപ നൽകിയിരുന്നു. Read on deshabhimani.com

Related News