വയനാട‌് ഏറ്റുവാങ്ങി; സ‌്നേഹപാത്രങ്ങൾ

വയനാട്‌ ജില്ലയിലെ ചീയമ്പം കോളനിയിൽ എത്തിയ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്


മാനന്തവാടി വയനാടിനെ തകർത്തെറിഞ്ഞ മഹാപ്രളയത്തിൽ എല്ലാം നഷ്ടമായവർക്ക് അന്നമുണ്ണാനുള്ള സ്നേഹ പാത്രങ്ങളുമായി കണ്ണൂരിൽനിന്നും മഹിളാ അസോസിയേഷൻ പ്രവർത്തകരെത്തി.  ദുരിതത്തിൽ വയനാടിന്റെ കണ്ണീരൊപ്പാൻ തങ്ങളുമുണ്ടെന്ന്  പ്രഖ്യാപിച്ച് മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാകമ്മിറ്റി എത്തിച്ച 18 ലോഡ് പാത്രങ്ങൾ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഏറ്റുവാങ്ങി വയനാട് ജില്ലാ കമ്മിറ്റിക്ക് കൈമാറി.  സമാനതകളില്ലാത്ത ഈ സാന്ത്വന പ്രവർത്തനം മാനന്തവാടി കമ്യൂണിറ്റി ഹാളിൽ തടിച്ചുകൂടിയ  ആദിവാസികളടക്കമുള്ള ദുരിതബാധിതർക്ക് ആശ്വാസമായി.  പുഴക്കര കോളനിയിലെ സുജാതക്ക് പാത്രങ്ങൾ കൈമാറി ബൃന്ദ കാരാട്ട് വിതരണോദ്ഘാടനവും നിർവഹിച്ചു. ശനിയാഴ്ച രാവിലെ കൂത്തുപറമ്പിൽ നിന്നാണ്‌ പാത്രങ്ങളുമായി പുറപ്പെട്ട വാഹനങ്ങൾ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ  ഫ്ളാഗ് ഓഫ് ചെയ്തു. 3364 കുടുംബങ്ങൾക്ക് വേണ്ട  പാത്രങ്ങൾ, പ്ലേറ്റ്, ഗ്ലാസ്, തവി തുടങ്ങി ഒരു അടുക്കളയിലേക്ക് അത്യാവശ്യം വേണ്ട സാധനങ്ങളെല്ലാമുണ്ട്.  മഹിളാ അസോസിയേഷന്റെ 3336 യൂണിറ്റുകളാണ് പാത്രങ്ങൾ സമാഹരിച്ചത്. കാസറോളും പ്രഷർകുക്കറുമടക്കമുള്ളവ ശേഖരിച്ച യൂണിറ്റുകളുമുണ്ട്.  ലോറി ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി വാഹനങ്ങൾ സൗജന്യമായി വിട്ടുനൽകി .  ഉദ്ഘാടനത്തിനുശേഷം പാത്രങ്ങൾ മഹിളാ അസോസിയേഷന്റെ വയനാട്ടിലെ ഏരിയാ കമ്മിറ്റികൾക്ക് വിതരണത്തിനായി  കൈമാറി. എറ്റവും അർഹതയുള്ളവർക്ക് ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇവ നൽകും. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ  ശ്രീമതി എംപി, മഹിള അസോസിയേഷൻ സംസ്ഥാനസെക്രട്ടറി പി സതീദേവി എന്നിവർ സംസാരിച്ചു. മാനന്തവാടി എസ് വളവിലെ ഗോദാവരി പുൽപ്പള്ളിയിലെ ചോകാടി, ചീയമ്പം, കൽപ്പറ്റയിലെ പടപുരം കോളനികൾ ബൃന്ദ സന്ദർശിച്ചു. ആദിവാസി സ‌്ത്രീകളടക്കമുള്ളവരോട‌് വിവരങ്ങൾ ചോദിച്ചറിഞ്ഞു. Read on deshabhimani.com

Related News