അടിസ്ഥാനസൗകര്യങ്ങളും ബിസിനസ് സൗഹൃദ അന്തരീക്ഷവും വളർത്തണം: എം എ യൂസഫലികൊച്ചി അടിസ്ഥാനസൗകര്യ വികസനത്തിനും ബിസിനസ് സൗഹൃദാന്തരീക്ഷം വളർത്തുന്നതിനും മുഖ്യപരിഗണന നൽകിയാൽ മാത്രമേ കേരളത്തിൽ വികസനവും സാമ്പത്തിക വളർച്ചയും ഉണ്ടാകൂവെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു. യങ‌് പ്രസിഡന്റ‌്സ് ഓർഗനൈസേഷൻ (വൈപിഒ) ഗ്രേറ്റർ ഇന്ത്യ ചാപ്റ്റർ ലുലു ബോൾഗാട്ടി കൺവൻഷൻ സെന്ററിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംരംഭകരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. അടുത്ത തലമുറയ‌്ക്ക് തൊഴിലുണ്ടാകണമെങ്കിൽ അടിസ്ഥാനസൗകര്യ വികസനത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യം നൽകണം. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ബിസിനസുകാർക്ക് കഴിയില്ല. അത‌് വികസിപ്പിക്കാനാണ് സർക്കാരിന് നികുതി നൽകുന്നത്. ബിസിനസ് സൗഹൃദാന്തരീക്ഷം ഉണ്ടാക്കുകയാണ് മറ്റൊരു പ്രധാന കാര്യം. ലുലു കൺവൻഷൻ സെന്റർ പോലുള്ള പദ്ധതി നടപ്പാക്കാൻ 45 വ്യത്യസ്തതരം അനുമതികൾ വേണ്ടിവന്നു.   ഇത്തരം അനുമതികൾക്കുള്ള നടപടിക്രമങ്ങൾ നമുക്ക് ഏകീകരിക്കാനായിട്ടില്ല. ഉദ്യോഗസ്ഥതലത്തിലുണ്ടാകുന്ന തടസ്സങ്ങൾ ഇതിനു പുറമെയാണ്. ഇതിന് കാരണമാകുന്ന നിയമങ്ങളിൽ ആവശ്യമായ മാറ്റം വരുത്താൻ നിയമനിർമാതാക്കൾ തയ്യാറാകണം.  കേരളത്തിൽ സ്ഥിതിഗതികൾ മാറുന്നുണ്ടെന്നും അതിന്റെ ഫലമായി സംസ്ഥാനത്ത് നിക്ഷേപം നടത്താൻ വിദേശ വ്യവസായികൾ മന്നോട്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അധികാരം സഹപ്രവർത്തകർക്ക് വിഭജിച്ചുനൽകിക്കൊണ്ടു മാത്രമേ വിജയകരമായി ബിസിനസ് നടത്താൻ കഴിയൂവെന്ന് യൂസഫലി പറഞ്ഞു.  ഒറ്റയ‌്ക്ക് തീരുമാനമെടുക്കാതെ കൂട്ടായി ചിന്തിച്ച് കൂട്ടായി തീരുമാനങ്ങൾ എടുക്കുകയാണ് വേണ്ടത്. ലുലു ഗ്രൂപ്പിന്റെ ബിസിനസ് നടത്തിപ്പിനുള്ള അധികാരം ആറംഗ ടീമിനാണ് നൽകിയിരിക്കുന്നത്. ഓരോ ഏരിയയിലും ബിസിനസ് നോക്കിനടത്തുന്നത് അവരാണ്. എല്ലാവരെയും കെട്ടിപ്പിടിച്ചും ഹസ്തദാനംചെയ്തും സന്തോഷിച്ചു നടക്കുകയാണ് തന്റെ ജോലി. താൻ ഒരു ടെൻഷനുമില്ലാത്ത ബിസിനസുകാരനാണ്. ഒരു ചെറിയ ഗ്രോസറി ഷോപ്പിൽനിന്ന് സൂപ്പർ മാർക്കറ്റുകളിലേക്കും ഹൈപ്പർ മാർക്കറ്റുകളിലേക്കും ഷോപ്പിങ‌് മാളുകളിലേക്കും 45 വർഷം കൊണ്ട‌് ലുലു ഗ്രൂപ്പ് വളർന്നത് മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ടാണെന്ന് യൂസഫലി പറഞ്ഞു. വൈ പി ഒ ഗ്രേറ്റർ ഇന്ത്യ ചാപ്റ്റർ ഭാരവാഹികളായ പ്രമോദ് രഞ്ജൻ, സമീർ ടാപ്പിയ എന്നിവരും സംസാരിച്ചു.   Read on deshabhimani.com

Related News