പാചകവാതകവിലയും കൂട്ടി ; സബ്‌സിഡി സിലിണ്ടറിന‌് 820 രൂപന്യൂഡൽഹി പെട്രോൾ‐ഡീസൽ വില ദിനംപ്രതി കുത്തനെ കൂട്ടുന്നതിനു പിന്നാലെ പാചകവാതകവിലയും വർധിപ്പിച്ചു. സബ്സിഡി സിലിണ്ടറിന‌് 1.49 രൂപയും സബ്സിഡിയില്ലാത്ത സിലിണ്ടറിന‌് 30.50 രൂപയുമാണ് കൂട്ടിയത്. ഉപയോക്താക്കൾ എല്ലാ സിലിണ്ടറും വിപണിനിരക്കിൽ എടുക്കേണ്ടതിനാൽ സബ്സിഡി സിലിണ്ടറിന‌് 820 രൂപയാണ് കൊടുക്കേണ്ടത്. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന‌് 47 രൂപ വർധിപ്പിച്ച‌് 1410.50 രൂപയാക്കി. മോഡിസർക്കാർ അധികാരത്തിൽ വരുമ്പോൾ ഡൽഹിയിൽ 414 രൂപയായിരുന്നു സബ്സിഡി കഴിച്ച് സിലിണ്ടറിന്റെ വില. ഇപ്പോൾ 499.51 രൂപയായി. 85.51 രൂപയുടെ വർധന. ഡൽഹിയിൽ സബ്സിഡിരഹിത സിലിണ്ടറിന്റെ വില 829 രൂപയാണ്. സബ്സിഡി ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിൽ സുതാര്യതയുമില്ല. ഏറ്റവുമൊടുവിൽ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലാണ് സബ്സിഡി എത്തുകയെന്ന വ്യവസ്ഥ ചില പുതുതലമുറ ബാങ്കുകൾ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. മിനിമം ബാലൻസ് വ്യവസ്ഥയുടെ പേരിൽ സബ്സിഡി തുകവരെ പിഴിഞ്ഞെടുക്കുന്ന ബാങ്കുകളുമുണ്ട്.  ഒരു കുടുംബത്തിന‌് 12 സിലിണ്ടറാണ് വർഷത്തിൽ സബ്സിഡി നിരക്കിൽ നൽകുന്നത‌്. പത്തുലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ള കുടുംബങ്ങൾക്ക് 2016 ജനുവരി ഒന്നുമുതൽ എൽപിജി സബ്സിഡി നൽകുന്നില്ല. ഇതുവഴി കേന്ദ്രസർക്കാരിന‌് വർഷം 1200 കോടി രൂപ ലാഭിക്കാൻ കഴിയുന്നു. 18.11 കോടി കുടുംബങ്ങൾക്കാണ് സബ്സിഡി ലഭിക്കുന്നത്. ഇവർക്കും ഇരുട്ടടിയാണ് കേന്ദ്രനടപടി. സബ‌്സിഡി പൂർണ്ണമായും ഒഴിവാക്കണമെന്ന കിരിത‌് എസ‌് പരേക്ക‌് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ‌് എല്ലാ മാസവും പാചകവാതക വില വർധിപ്പിക്കുന്നത‌്. Read on deshabhimani.com

Related News