ലോക കേരളസഭ സെക്രട്ടറിയറ്റ‌് രൂപീകരിച്ചു; 5 മുഖ്യചുമതലലോക കേരളസഭ സെക്രട്ടറിയറ്റ‌് രൂപീകരിച്ച‌് സംസ്ഥാന സർക്കാർ ഉത്തരവായി. ലോക കേരളസഭയുടെയും അനുബന്ധമായ വിവിധ സ‌്റ്റാൻഡിങ് സമിതികളുടെയും തീരുമാനം നടപ്പാക്കാനുള്ള ഭരണസംവിധാനമാണ‌് ലോക കേരളസഭ സെക്രട്ടറിയറ്റ‌്. അഞ്ച‌് മുഖ്യചുമതലയാണ‌് സെക്രട്ടറിയറ്റിനുള്ളത‌്. ലോക കേരളസഭയുടെ സംഘാടനം, വിഷയമേഖല സമിതി സമർപ്പിക്കുന്ന റിപ്പോർട്ടുകൾ  പരിശോധിച്ച‌് തീരുമാനം എടുക്കുക, എൻആർഐ കലോത്സവ സംഘാടനം, ലോക കേരളസഭയോട‌് അനുബന്ധിച്ചും അല്ലാതെയുമുള്ള കലാ സാംസ‌്കാരികോത്സവങ്ങളുടെ സംഘാടനം, ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾ നേരിടുന്ന പ്രശ‌്നങ്ങളിൽ ഇടപെടുകയും പരിഹാരം കാണുകയും ചെയ്യുക എന്നിവയാണവ. ലോക കേരളസഭ നിർവഹണവും കേരള വികസന ഫണ്ട‌് രൂപീകരണവും, പ്രവാസി മലയാളി നിക്ഷേപവും സുരക്ഷയും, പുനരധിവാസവും മടങ്ങിയെത്തിയവർക്കുള്ള വരുമാന മാർഗങ്ങളും, കുടിയേറ്റത്തിന്റെ ഗുണനിലവാരവും സാധ്യതകളും കുടിയേറ്റനിയമവും വനിതകളായ കുടിയേറ്റക്കാരുടെ ക്ഷേമവും, കുടിയേറ്റവും സാംസ‌്കാരിക വിനിമയവും, ഇന്ത്യക്കകത്തുള്ള മലയാളി സമൂഹത്തിന്റെ പ്രശ‌്നങ്ങൾ എന്നിവയിലാണ‌് വിഷയമേഖലാ സമിതികൾ റിപ്പോർട്ട‌് തയ്യാറാക്കുന്നത‌്. സ്വതന്ത്ര സംവിധാനമായിരിക്കും ലോക കേരളസഭ സെക്രട്ടറിയറ്റ‌്. ചീഫ‌് സെക്രട്ടറി, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി, നിയമസഭ സെക്രട്ടറി, നോർക്ക റൂട‌്സിലെ മൂന്ന‌് വൈസ‌്ചെയർമാന്മാർ, പ്രവാസി ക്ഷേമനിധി ബോർ‌ഡ‌് ചെയർമാൻ, പ്ലാനിങ് ബോർഡ‌് മെമ്പർ കെ എൻ ഹരിലാൽ, നോർക്ക റൂട‌്സ‌് സിഇഒ, പ്രവാസി ക്ഷേമനിധി ബോർഡ‌് സിഇഒ എന്നിവരടങ്ങുന്നതാണ‌് സെക്രട്ടറിയറ്റ‌്. നോർക്ക റൂട‌്സ‌് കെട്ടിടത്തിലാകും ഓഫീസ‌്. സെക്രട്ടറിയറ്റ‌് ജോലികൾ സ‌്പെഷ്യൽ ഓഫീസർ, രണ്ട‌് അസിസ‌്റ്റന്റുമാർ എന്നിവരുടെ സഹായത്തോടെ നോർക്ക റൂട‌്സ‌് നിർവഹിക്കും. അധിക തസ‌്തിക സൃഷ്ടിക്കുന്നത‌് ഭാവിയിൽ ആലോചിക്കും. ലോകത്താകമാനമുള്ള പ്രവാസിമലയാളികളെ പൊതുവേദിയിൽ അണിനിരത്തുക, മാതൃസംസ്ഥാനവുമായുള്ള ബന്ധം നിലനിർത്തുക, കേരള സംസ‌്കാരത്തിന്റെയും സമ്പദ‌് വ്യവസ്ഥയുടെയും പുരോഗമനപരമായ വികസനത്തിനായി പ്രവർത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള സംസ്ഥാന സർക്കാരിന്റെ ഉദ്യമമാണ‌് ലോക കേരളസഭ. ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തിലെ തീരുമാനപ്രകാരമണ‌് പ്രത്യേക സെക്രട്ടറിയറ്റ‌് രൂപീകരിച്ചത‌്.  നേരത്തെ, ലോകകേരള സഭ തീരുമാനം അനുസരിച്ച‌് ഒരോ ജില്ലകളിലും പ്രവാസികളുടെ പ്രശ‌്നങ്ങൾ ഉടൻ പരിഹരിക്കാൻ കലക്ടർ ചെയർമാനായുള്ള ജില്ലാപ്രവാസി പരാതി പരിഹാര സമിതിക്ക‌് സർക്കാർ രൂപം നൽകിയിരുന്നു. പഞ്ചായത്ത‌് ഡെപ്യൂട്ടി ഡയറക്ടറാണ‌് സമിതി കൺവീനർ. രണ്ടുവർഷമാണ‌്  കാലാവധി. Read on deshabhimani.com

Related News