കെ എം മാണി ഉന്നയിച്ച വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതം; കെഎസ്എഫ്ഇ തുടങ്ങന്ന പ്രവാസി ചിട്ടി പൂര്‍ണമായും കേന്ദ്രചിട്ടി നിയമത്തിനനുസൃതം: ധനമന്ത്രികോട്ടക്കല്‍> കെഎസ്എഫ്ഇ തുടങ്ങന്ന പ്രവാസി ചിട്ടി പൂര്‍ണമായും കേന്ദ്രചിട്ടി നിയമത്തിനനുസൃതമാണെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. ഇത് സംബന്ധിച്ച് മുന്‍ധനമന്ത്രി കെ എം  മാണി ഉന്നയിച്ച വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും  ധനമന്ത്രി പറഞ്ഞു . വിവാദത്തില്‍ കുരുക്കി ഇതിനെ ഇല്ലാതാക്കരുത്.ഇക്കാര്യത്തില്‍ തുറന്നചര്‍ച്ചക്ക് തയ്യാറാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രവാസി ചിട്ടി വഴി പതിനായിരം കോടി നിക്ഷേപമാണ് കിഫ്ബിയില്‍ പ്രതീക്ഷിക്കുന്നത്. നാടിന്റെ വികസനത്തില്‍ പ്രവാസികളെ പങ്കാളികളാക്കാനുള്ള നിയമാനുസൃത നടപടിയാണ് കെഎസ്എഫ്ഇ ആവിഷ്‌കരിച്ചിട്ടുള്ളത്. വിദേശ പണ വിനിമയ ചട്ട(ഫെമ)ത്തിന്റെ  ലംഘനമാണെന്ന വാദം ശരിയല്ല.കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ ആര്‍ബിഐ  ഈ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയതാണ്. ഇതനുസരിച്ച് പ്രവാസികളില്‍ നിന്നും പണം സ്വീകരിക്കാന്‍   ചിട്ടിക്കമ്പനികളെ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് അനുവദിക്കാം. പ്രവാസികള്‍ക്ക് വിദേശരാജ്യത്തിരുന്ന് ബാങ്കിംഗ് സംവിധാനത്തില്‍ പണവുമടക്കാം. ഈ അനുമതി ലഭിച്ചത് മാണി മന്ത്രിയായിരിക്കവെയാണ്.ഓണ്‍ലൈനായി നടത്തുന്നുവെന്നതും ചില ആനുകൂല്യങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്നതുമാണ് പ്രവാസി ചിട്ടിക്കുള്ള സവിശേഷത. ഇതിനുള്ള അനുമതി കെഎസ്എഫ് ഇക്കുണ്ട്. ഫോര്‍മാന്‍ നല്‍കുന്ന സെക്യുരിറ്റി കിഫ്ബിയില്‍ നിക്ഷേപിക്കുന്നത് കേന്ദ്രനിയമത്തിന് വിരുദ്ധമെന്ന ആക്ഷേപത്തിലും അടിസ്ഥാനമില്ല. ചിട്ടിനിയമത്തിന്റെ വിവിധവകുപ്പുകള്‍ പ്രകാരം അംഗീകൃത സെക്യൂരിറ്റികളില്‍ ചിട്ടിപ്പണം നിക്ഷേപിക്കാന്‍ വ്യവസ്ഥയുണ്ട്. മുതലിനും പലിശക്കും സംസ്ഥാന സര്‍ക്കാരുകള്‍ റദ്ദാക്കാനാകാത്ത ഗ്യാരണ്ടി നല്‍കുന്ന സെക്യുരിറ്റികള്‍ അംഗീകൃതമാണ്. കിഫ്ബി  ബോണ്ടുകള്‍ക്കിതുണ്ട്. അതിനാല്‍ ചിട്ടിതുക നിക്ഷേപിക്കുന്നത് നിയമാനസൃതമാണ്. കൂടാതെ 2012ല്‍ ചിട്ടിതുക സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിക്കാന്‍ മാണി മന്ത്രിയായി രിക്കവെ കെഎസ്എഫ് ഇക്ക് അനുമതി നല്‍കിയതും മറക്കരുത്.  കൂടാതെ ബ്രാന്‍ഡഡ് ചിട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുന്നതും മാണി തുടങ്ങിയതായിരുന്നു.അതിപ്പോള്‍ പ്രവാസിചിട്ടിക്കും ബാധകമാക്കി.  പ്രവാസി ചിട്ടിയിലെ ഇന്‍ഷുറന്‍സ് അപകട പരിരക്ഷയും പെന്‍ഷന്‍ പദ്ധതിയും ആകര്‍ഷകമാണ്. ഇതിനാവശ്യമായ ചട്ടഭേദഗതി അടുത്ത നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരും. കെഎസ്എഫ്ഇ മിസലേനിയസ് ബാങ്ക് ആണെന്ന് തെറ്റിധരിപ്പിച്ചിട്ടില്ല. ബാങ്കിംഗ് ഇതര സ്ഥാപനത്തിനേ  ചിട്ടി നടത്താനാകൂ.  പ്രവാസി ചിട്ടി സെപ്തംബര്‍ ആദ്യം ആരംഭിക്കാനുള്ള നീക്കം പുരോഗമിക്കയാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആറായിരത്തോളമായി.  ഹലാല്‍ ചിട്ടിയും  കെഎസ്എഫ്ഇ താമസിയാതെ തുടങ്ങും. കിഫ്ബി യില്‍ നിര്‍മാണപ്രവൃത്തികള്‍ അനുവദിക്കുന്നതില്‍ രാഷ്ട്രീയ പക്ഷപാതിത്തമില്ല. കിഫ്ബിയില്‍ ബോണ്ടിന് ആര്‍ബിഐ അനുമതിയുമുണ്ട്‌. 21,000 കോടിയുടെ ടെന്‍ഡര്‍ നടപടി ഈ വര്‍ഷാവസാനമാകും. നിക്ഷേപിക്കുന്നതുവഴി പ്രവാസിചിട്ടിക്ക് സുരക്ഷ ഉറപ്പാണ്. മലയോര ഹൈവേ, തീരദേശപാത, ജില്ലകളിലെ സാംസ്‌കാരികസമുച്ചയം, മറ്റടിസ്ഥാനപദ്ധതികള്‍ എന്നിവയില്‍ താല്‍പര്യമുള്ളതില്‍ നിക്ഷേപിക്കാനുള്ള  അവസരം തെരഞ്ഞൈടുക്കാനുള്ള സൗകര്യവുമുണ്ടെന്നും മന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News