കൊച്ചി മെട്രോ രണ്ടാം ഘട്ടം കെഎംആർഎൽ നിർമിക്കുംകൊച്ചി കൊച്ചി മെട്രോയുടെ ജവാഹർലാൽ നെഹ‌്റു സ‌്റ്റേഡിയംമുതൽ കാക്കനാട‌്‌വഴി ഇൻഫോപാർക്ക‌്‌വരെയുള്ള രണ്ടാം ഘട്ടത്തിന്റെ നിർമാണം  കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ‌് (കെഎംആർഎൽ) നിർവഹിക്കും. 11.2 കിലോമീറ്ററാണ‌് പദ്ധതിയുടെ ദൈർഘ്യം. പാലാരിവട്ടം ജങ‌്ഷൻ, പാലാരിവട്ടം ബൈപാസ‌്, ചെമ്പുമുക്ക‌്, വാഴക്കാല, കുന്നുംപുറം, കാക്കനാട‌് ജങ‌്ഷൻ, കൊച്ചി സെസ‌്, ചിറ്റേത്തുകര, കിൻഫ്ര, ഇൻഫോപാർക്ക‌് സ‌്റ്റേഷനുകളാണ‌് ഉണ്ടാകുക. സ്ഥലം ഏറ്റെടുപ്പ‌് പൂർത്തിയാക്കി 2019 അവസാനം നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്ന‌് കെഎംആർഎൽ എംഡി എ പി എം മുഹമ്മദ‌് ഹനീഷ‌് പറഞ്ഞു. നിർമാണം പൂർത്തിയാക്കി 2023 ജനുവരി‐ഫെബ്രുവരി കാലയളവിൽ  പുതിയ മെട്രോപാത ഗതാഗതസജ്ജമാകും. മെട്രോയ‌്ക്ക‌് സാമ്പത്തികസഹായം നൽകുന്ന ഫ്രഞ്ച‌് ഏജൻസി എഎഫ‌്ഡി രണ്ടാംഘട്ട വികസനപ്രവർത്തനങ്ങളിൽ സഹകരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട‌്. ഏറ്റവും കുറഞ്ഞ ചെലവിൽ പദ്ധതി പൂർത്തിയാക്കാനാണ‌് ലക്ഷ്യമിടുന്നത‌്. പുതുക്കിയ പദ്ധതിറിപ്പോർട്ട‌് സംസ്ഥാന സർക്കാർ അംഗീകരിച്ചതിനു തുടർച്ചയായി കേന്ദ്ര അംഗീകാരവും ലഭിക്കണം. ഇത‌് ഏതാനും മാസങ്ങൾക്കുള്ളിൽതന്നെ ലഭിക്കുമെന്നാണ‌് പ്രതീക്ഷ. ഇതുസംബന്ധിച്ച‌് കേന്ദ്ര സർക്കാരുമായി അനൗദ്യോഗിക ചർച്ച നടത്തിയിരുന്നതായി കെഎംആർഎൽ എംഡി പറഞ്ഞു. ഇൻഫോ പാർക്കിലേക്ക‌് മെട്രോ നീട്ടുന്നതിന‌് 6.97 ഏക്കർ ഭൂമിയാണ‌് ഏറ്റെടുക്കേണ്ടത‌്. ഇതിന‌് 93.5 കോടി രൂപയാണ‌് ചെലവ‌് കണക്കാക്കിയിരിക്കുന്നത‌്. മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്താൻ 8.55 ഏക്കർ ഭൂമി വേറെയും വേണം. വിശദ പദ്ധതി റിപ്പോർട്ട‌് സമർപ്പിക്കാൻ കെഎംആർഎൽ റൈറ്റ‌്സിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച‌് 2015 ഫെബ്രുവരിയിൽ റൈറ്റ‌്സ‌് റിപ്പോർട്ട‌് സമർപ്പിച്ചു. എന്നാൽ കേന്ദ്രസർക്കാർ പുതിയ മെട്രോ നയം പ്രഖ്യാപിച്ചതോടെ ഇത‌് പുതുക്കേണ്ടിവന്നു. പുതിയ മെട്രോ നയത്തിന‌് അനുസൃതമായേ അനുമതിയുടെ കാര്യം പരിഗണിക്കൂ എന്നായിരുന്നു കേന്ദ്ര സർക്കാർ നിലപാട‌്.  2018 ഫെബ്രുവരി 14നാണ‌് പുതുക്കിയ റിപ്പോർട്ട‌് സംസ്ഥാന സർക്കാരിന‌് സമർപ്പിച്ചത‌്. ഇതിനാണ‌്  അംഗീകാരം ലഭിച്ചത‌്. Read on deshabhimani.com

Related News